ഓഹരി വിപണിയില്‍ 'ബൈബാക്ക് കാലം', ഓഗസ്റ്റില്‍ തിരികെ വാങ്ങിയത് ₹5,388 കോടിയുടെ ഓഹരികള്‍
ഓഹരി വിപണിയില്‍ ഇത് ഓഹരി തിരിച്ചു വാങ്ങല്‍ (share buyback) കാലം. ഓഗസ്റ്റില്‍ ഇതു വരെ 11 കമ്പനികള്‍ സംയുക്തമായി തിരികെ വാങ്ങിയത് 5,388 കോടി രൂപയുടെ ഓഹരികള്‍. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും വലിയ ഓഹരി ബൈബാക്കാണ് ഈ മാസമുണ്ടായതെന്ന് പ്രൈം ഡേറ്റ ബേസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
നികുതി മാറ്റം ഇങ്ങനെ
ഈ വര്‍ഷം മാര്‍ച്ചിനു ശേഷം നടന്ന ഏറ്റവും വലിയ ഓഹരി ബൈബാക്കാണ് ഓഗസ്റ്റിലുണ്ടായത്. 4,038 കോടിയുടെ ബൈബാക്കാണ് മാര്‍ച്ചില്‍ നടന്നത്. ജൂണില്‍ 666 കോടിയുടേയും ജൂലൈയില്‍ 852 കോടിയുടേതുമായിരുന്നു ഓഹരി ബൈബാക്ക്.
ഇന്‍ഡസ് ടവേഴ്‌സ്, അരബിന്ദോ ഫാര്‍മ, വെല്‍സ്പണ്‍ ലിവിംഗ്, ടി.ടി.കെ പ്രസ്റ്റീജ്, നവനീത് പബ്ലിക്കേഷന്‍ എന്നിവ ചേര്‍ന്ന് 4,491 കോടിയുടെ ഓഹരികളാണ് നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്ന് ഈ മാസം തിരിച്ചു വാങ്ങിയത്.
എന്താണ് ഷെയര്‍ ബൈബാക്ക്?
ഓപ്പണ്‍ മാര്‍ക്കറ്റിലുള്ള കമ്പനിയുടെ ഓഹരികള്‍ കുറയ്ക്കുന്നതിനായി കമ്പനികള്‍ സ്വീകരിക്കുന്ന നടപടിയാണ് ഓഹരി തിരികെ വാങ്ങല്‍ അഥവാ ഷെയര്‍ ബൈബാക്ക്. മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ നിശ്ചിത ഓഹരികള്‍ തിരിച്ചു വാങ്ങുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് വഴി പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കുറയും.
നിലവിലെ ഓഹരി ഉടമകളില്‍ നിന്നും നിശ്ചിത സമയപരിധി വച്ച് ടെണ്ടറുകള്‍ സ്വീകരിച്ചും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും നിശ്ചിത കാലാവധിക്കുള്ളില്‍ നേരിട്ടു വാങ്ങിയുമാണ് കമ്പനികള്‍ ഓഹരി തിരിച്ചെടുക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ഷെയര്‍ ബൈബാക്കിനായി കമ്പനികള്‍ വാഗ്ദാനം ചെയ്യുക. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ ഓഹരിയില്‍ നിന്ന് ലഭിച്ചേക്കാവുന്ന നേട്ടം ഇപ്പോള്‍ നേടാന്‍ നിക്ഷേപകര്‍ക്ക് ഇതു വഴി സാധിക്കും.