മികച്ച ത്രൈമാസ ഫലം, 3150 ശതമാനം ലാഭവിഹിതവുമായി ഈ കമ്പനി

ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 3150 ശതമാനം ഇടക്കാല ലാഭവിഹിതവുമായി വേദാന്ത ലിമിറ്റഡ് (vedanta limited). 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഇക്വിറ്റി ഷെയറിന് 31.5 രൂപ, അതായത് ഒരു രൂപ 3150 ശതമാനം എന്ന ആദ്യ ഇടക്കാല ലാഭവിഹിതം അംഗീകരിച്ചതായി കമ്പനി ഫയലിംഗില്‍ അറിയിച്ചു. ലാഭവിഹിതം നല്‍കുന്നതിനുള്ള റെക്കോര്‍ഡ് തീയതി മെയ് ഒന്‍പതാണ്. ഇടക്കാല ലാഭവിഹിതം നിയമപ്രകാരം നിര്‍ദേശിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ നല്‍കും.

െ്രെതമാസ ഫലങ്ങളും കമ്പനി പ്രഖ്യാപിച്ചു. അവലോകന കാലയളവിലെ അറ്റാദായം അഞ്ച് ശതമാനം ഇടിഞ്ഞ് 7261 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 7628 കോടി രൂപയായിരുന്നു വേദാന്തയുടെ അറ്റാദായം. അതേസമയം, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 39342 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 27,874 കോടി രൂപയായിരുന്നു.

'2022 സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് പ്രവര്‍ത്തനപരവും സാമ്പത്തികവുമായ പ്രകടനം പങ്കിടുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞങ്ങള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച EBITDA (Earnings before interest, taxes, depreciation, and amortization) ആയ 45,319 കോടിയും നികുതി കഴിഞ്ഞുള്ള ലാഭം 24,299 കോടിയും രേഖപ്പെടുത്തി' വേദാന്ത സിഇഒ സുനില്‍ ദുഗ്ഗല്‍ പറഞ്ഞു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര ഖനന കമ്പനിയായ വേദാന്ത ഇന്ന് (29-05-2022, 11.30 am) 415.35 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. ഇന്ത്യയില്‍ ഗോവ, കര്‍ണാടക, രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഇരുമ്പയിര്, സ്വര്‍ണം, അലുമിനിയം ഖനികള്‍ വേദാന്ത ലിമിറ്റഡിന് കീഴിലുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it