

ഇത്രയധികം ചെറുകിട സംരംഭങ്ങള്‍ കേരളത്തില്‍ ഉണ്ടെങ്കിലും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു മൂലധന സമാഹരണം നടത്തുന്ന എസ്.എം.ഇകളുടെ എണ്ണം തീരെ കുറവാണെന്ന് സെബി (Securities and Exchange Board of India) ഡയറക്ടര്‍ അശ്വനി ഭാട്ടിയ. കൊച്ചിയില്‍ നടന്ന എസ്.എം.ഇ ഐ.പി.ഒ കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.പി.ഒ ലിസ്റ്റിംഗില്‍ കേരളത്തില്‍ നിന്ന് കമ്പനികളുടെ എണ്ണം കുറയാന്‍ കാരണങ്ങളിലൊന്ന് മനോഭാവമാണ്. മൂലധന ശേഖരണത്തിന് ഏറ്റവും യോജിച്ച വഴി വഴി ലിസ്റ്റിംഗ് നടത്തുകയാണ്. എന്നാല്‍, പലര്‍ക്കും വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് മിഥ്യാ ധാരണയാണുള്ളത്. എസ്.എം.ഇകളുടെ ഐ.പി.ഒ വളരെ എളുപ്പമുള്ള പ്രക്രിയയാണ്. പലരും ഇത് വലിയ പ്രയാസമേറിയ കാര്യമാണെന്ന് കരുതുന്നു.
2024ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എസ്.എം.ഇ ഐ.പി.ഒകള്‍ നടന്നത് ഇന്ത്യയിലാണ്. ലിസ്റ്റിംഗ് ചെയ്യുന്നതുവഴി മൂലധന ശേഖരണം മാത്രമല്ല നടക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നു. അതിനൊപ്പം കമ്പനിക്ക് പുതിയൊരു ദിശാബോധം കൂടി നല്‍കുന്നു.
ഇതുവരെ എന്‍.എസ്.ഇയില്‍ 603, ബി.എസ്.ഇയില്‍ 477 എസ്.എം.ഇ കമ്പനികള്‍ ലിസ്റ്റ് ചെയ്തു. 25,000 കോടി വരെ ഇവ വഴി ശേഖരിച്ചു. എന്നാല്‍, ഇന്ത്യയിലെ ചെറുകിട സംരംഭങ്ങളുടെ എണ്ണം തീരെ കുറവാണ്.
വിപണിയും നിക്ഷേപകരും നല്ല എസ്.എം.ഇ കമ്പനികളെ തേടുകയാണ്. റിലയന്‍സിന്റെ 1977ലെ ലിസ്റ്റിംഗ് നിങ്ങള്‍ ഓര്‍മിക്കുമോ? അന്നത് ഒരു ചെറിയ കമ്പനിയായിരുന്നു. എല്ലാ വലിയ കമ്പനികളും ഒരു കാലത്ത് എസ്.എം.ഇകള്‍ ആയിരുന്നു.
നിക്ഷേപകരുടെ വിശ്വാസം നഷ്ടമാകാന്‍ സെബി അനുവദിക്കില്ലെന്ന് ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെ പ്രമോട്ടര്‍മാര്‍ നടത്തിയ തട്ടിപ്പിനെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി. പിന്തുടരുന്നവരില്‍ നിന്ന് സെബി വഴികാട്ടിയായി മാറിയെന്നും അശ്വനി ഭാട്ടിയ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പല കമ്പനികളും ലിസ്റ്റ് ചെയ്ത് മൂലധനം കണ്ടെത്തുന്നത് അവസാന വഴിയായിട്ടാണ് കാണുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ (ICAI - The Institute of Chartered Accountants of India) സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു അബ്രഹാം കള്ളിവയലില്‍ പറഞ്ഞു. അടുത്തിടെ ലിസ്റ്റ് ചെയ്ത ഒരു കേരള കമ്പനി ബാങ്കുകള്‍ വായ്പ നിഷേധിച്ചതോടെയാണ് വിപണിയിലേക്ക് ഇറങ്ങിയത്. ഐ.പി.ഒയിലൂടെ വലിയ സമാഹരണം നടത്താനും ഈ കമ്പനിക്ക് സാധിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ആദ്യമായിട്ടാണ് എസ്.എം.ഇ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ കോണ്‍ക്ലേവ് നടക്കുന്നത്. കമ്മിറ്റി ഓണ്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റേഴ്‌സ് പ്രൊട്ടക്ഷന്‍ (ഐ.സി.എ.ഐ) മുന്‍കൈയെടുത്ത് അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ആന്‍ഡ് ബിഎസ്ഇ ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചായിരുന്നു കോണ്‍ക്ലേവ്.
Read DhanamOnline in English
Subscribe to Dhanam Magazine