'ക്രിപ്‌റ്റോ ബില്ലിന്മേല്‍ ആശയക്കുഴപ്പം, നഷ്ടമാക്കുന്നത് വലിയ അവസരങ്ങള്‍'

ക്രിപ്‌റ്റോ മേഖലയെ നിയന്ത്രിക്കാന്‍ ഇന്ത്യ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തു വന്നിട്ട് മാസങ്ങളായി. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്‌റ്റോ അനുകൂല നിലപാട് സ്വീകരിക്കാത്തത് ബില്‍ വൈകിപ്പിക്കുകയാണ് എന്നാണ് വിവരം. ക്രിപ്‌റ്റോ നിയന്ത്രണങ്ങളില്‍ വ്യക്തത വരുത്താതെ നികുതി ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ക്രിപ്‌റ്റോ അടക്കമുള്ള ഡിജിറ്റല്‍ ആസ്ഥികളുടെ കാര്യത്തില്‍ ഇന്ത്യയുടെ മെല്ലെപ്പോക്ക് വലിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നാണ് ആരോപണം.

സര്‍ക്കാര്‍ സമീപനം ആയിരക്കണക്കിന് ഡെവലപ്പര്‍മാരെയും നിക്ഷേപകരെയും മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുകയാണെന്ന് ക്രിപ്‌റ്റോ സ്റ്റാര്‍ട്ടപ്പ് പോളിഗോണിന്റെ സഹസ്ഥാപകന്‍ സന്ദീപ് നെയില്‍വാള്‍ പറഞ്ഞു. ദാദാഭായി നവ്‌റോജിയുടെ പ്രശസ്തമായ ബ്രെയ്ന്‍ ഡ്രെയ്ന്‍ അഥവാ ചോര്‍ച്ചാ സിദ്ധാന്തത്തോടാണ് സന്ദീവ് നെയില്‍വാള്‍ ഇന്ത്യന്‍ സാഹചര്യത്തെ ഉപമിച്ചത്. 2017ല്‍ ഇന്ത്യയില്‍ ആരംഭിച്ച പോളിഗോണ്‍ ഇപ്പോള്‍ ദുബായി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയില്‍ വെബ്ബ്3 ഇക്കോ സിസ്റ്റം പ്രൊമോട്ട് ചെയ്യാന്‍ പോളിഗോണ്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിയമപരമായ പിന്തുണ ഇല്ലാതെ അതിന് മുതിരില്ലെന്നും സന്ദീപ് നെയില്‍വാള്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്ക് ആദ്യമായി ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിച്ചപ്പോള്‍ (പിന്നീട് നിരോധനം സുപ്രീംകോടതി നീക്കി) ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ചേക്കേറിയ ആളാണ് mudrexന്റെ സഹസ്ഥാപകന്‍ എദുല്‍ പട്ടേല്‍. ഡിജിറ്റല്‍ അസറ്റ് ട്രേഡിംഗ് പ്ലാറ്റ്‌ഫോം ആണ് mudrex. ഇന്ത്യന്‍ ക്രിപ്റ്റോ കമ്പനികളും ഡെവലപ്പര്‍മാരും ദുബായ് പോലുള്ള സ്ഥലങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുകയാണെന്നാണ് പട്ടേല്‍ പറയുന്നത്.
അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോ മേഖലയിലെ സാധ്യതകള്‍ പരിശോധിക്കുകയാണ്. അതിവേഗം വളരുന്ന ക്രിപ്‌റ്റോ മേഖലയിലും ആധിപത്യം ഉറപ്പിക്കുന്നതിനെക്കുറിച്ചാണ് അമേരിക്ക ചിന്തിക്കുന്നത്. ക്രിപ്‌റ്റോ ഹബ്ബ് ആക്കി ദുബായിയെ മാറ്റാനാണ് യുഎഇയുടെയും ശ്രമം. കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല എന്നാണ്. ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കണമെന്ന നിലപാടാണ് ആര്‍ബിഐയുടേത്. അതേ സമയം ക്രിപ്‌റ്റോ-ഡിജിറ്റല്‍ ഇടപാടുകളിലൂടെ ലഭിക്കുന്ന നികുതി വരുമാനത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാന്‍ കേന്ദ്രം തയ്യാറാകില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it