സ്‌റ്റോക്ക് ബ്രോക്കിംഗില്‍ വരുമാന വളര്‍ച്ച പരിമിതമാകുമെന്ന് ക്രിസില്‍

ഇന്ത്യയിലെ സ്‌റ്റോക്ക് ബ്രോക്കിംഗ് വ്യവസായത്തെ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കാത്തിരിക്കുന്നത് ക്ഷീണകാലമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. വിപണിയിലെ അസ്ഥിരതയും മാര്‍ജിന്‍ ട്രേഡിംഗില്‍ പുതുതായി വരുത്തിയിട്ടുള്ള നിയന്ത്രണങ്ങളും സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ വളര്‍ച്ചയുടെ വ്യാപ്തി പരിമിതപ്പെടുത്തുമെന്ന് ക്രിസില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച ആശങ്കകള്‍ക്കിടയിലും ഇടപാടുകാരുടെ എണ്ണത്തില്‍ റേക്കോഡ് വര്‍ധന നേടുകയും ശരാശരി പ്രതിദിന വരുമാനം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്ത ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വരുമാന വളര്‍ച്ച പുതിയ സാമ്പത്തിക വര്‍ഷവും തുടരുമെങ്കിലും ഈ വളര്‍ച്ച നേര്‍ത്തതായിരിക്കുമെന്നാണ് ക്രിസില്‍ പറയുന്നത്.

2021 സാമ്പത്തിക വര്‍ഷത്തില്‍ ബ്രോക്കിംഗ് വ്യവസായ മേഖലയിലെ വരുമാനം 2020 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 65-70 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പുതിയ ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ഈ വളര്‍ച്ചക്ക് അടിസ്ഥാനം. 2021 വര്‍ഷത്തില്‍ ബ്രോക്കിംഗ് വ്യവസായ മേഖലയിലേക്ക് 52 ലക്ഷം ഇടപാടുകാരാണ് പുതുതായി എത്തിയത്. ഇത് ഇതിന് മുമ്പുള്ള നാല് വര്‍ഷങ്ങളില്‍ പുതുതായി വന്ന ഇടപാടുകാരുടെ എണ്ണത്തേക്കാള്‍ അധികമാണ്. 2020 ഡിസംബറിലെ കണക്കനുസരിച്ച് ബ്രോക്കിംഗ് മേഖലയിലെ സജീവ ഇടപാടുകാരുടെ എണ്ണം 16 കോടിയാണ്. ഇടപാടുകാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഓഹരി വിപണിയിലെ ട്രേഡിംഗിനെയും പുതിയ ഉയരങ്ങളിലെത്തിച്ചു.
എന്നാല്‍ ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് അതേ തോതില്‍ ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ വരുമാനമായി മാറിയില്ല. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ബ്രോക്കിംഗ് വരുമാനം 1 മുതല്‍ 8 ശതമാനം വരെ ക്രമാനുഗതമായി കുറയുകയാണ് ഉണ്ടായത്. ഇടപാടുകാരുടെ എണ്ണത്തില്‍ റെക്കോഡ് വളര്‍ച്ച ഉണ്ടാകുമ്പോഴും മിക്കവാറും ബ്രോക്കിംഗ് സ്ഥാപനങ്ങളുടെയും വരുമാനത്തില്‍ ഈ കാലയളവില്‍ കുറവ് സംഭവിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് ക്രിസില്‍ റേറ്റിംഗ് സീനിയര്‍ ഡയറക്ടര്‍ കൃഷ്ണന്‍ സീതാരാമന്‍ പറയുന്നു. 2020 സെപ്തംബര്‍ ഒന്നിനും ഡിസംബര്‍ ഒന്നിനും നിലവില്‍ വന്ന രണ്ട് റെഗുലേഷനുകളാണ് ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ വരുമാനത്തിലുണ്ടായ കുറവിന് വഴി വെച്ചത്. ട്രേഡിംഗ് നടത്തുന്നതിന് മുന്‍കൂറായി നല്‍കുന്ന പണം സംബന്ധിച്ചും ഇന്‍ട്രാഡേക്കുള്ള മുന്‍കൂര്‍ പണം സംബന്ധിച്ചുമുള്ളതായിരുന്നു രണ്ട് നിയന്ത്രണങ്ങള്‍.
ഡിസ്‌കൗണ്ട് ബ്രോക്കിംഗ് നടത്തുന്ന സ്ഥാപനങ്ങളാണ് പുതുതായി വന്നു ചേര്‍ന്ന ഇടപാടുകാരില്‍ അധികം പേരെയും ആകര്‍ഷിച്ചത്. പക്ഷെ ബാങ്കിംഗ് അധിഷ്ഠിത ബ്രോക്കിംഗ് സ്ഥാപനങ്ങളെ അപേക്ഷിച്ച് ഡിസ്‌കൗണ്ട് ബ്രോക്കര്‍മാര്‍ക്ക് ലഭിച്ച വരുമാനം കുറവായിരുന്നുവെന്ന് ക്രിസില്‍ പറയുന്നു. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ബാങ്ക് അധിഷ്ഠിത ബ്രോക്കറേജില്‍ ലഭിച്ച ശരാശരി ആളോഹരി വരുമാനം 10,000 മുതല്‍ 12,000 വരെ ആയിരുന്നുവെങ്കില്‍ ഡിസ്‌കൗണ്ട് ബ്രോക്കര്‍മാര്‍ക്ക് ലഭിച്ച വരുമാനം 4,000 മുതല്‍ 8,000 വരെയായിരുന്നു.
ഓഹരി വിപണിയില്‍ ഡിസ്‌കൗണ്ട് ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ മാര്‍ക്കറ്റ് ഷെയര്‍ 43 ശതമാനവും ബാങ്ക് അധിഷ്ഠിത ബ്രോക്കര്‍മാരുടെ മാര്‍ക്കറ്റ് ഷെയര്‍ 21 ശതമാനവും പരമ്പരാഗത ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ വിഹിതം 36 ശതമാനവുമാണ്. സെറോദ, അപ്‌സ്റ്റോക്‌സ്, എയ്ഞ്ചല്‍ എന്നിവയാണ് ഡിസ്‌കൗണ്ട് ബ്രോക്കിംഗില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഐ സി ഇ സി, എച്ച് ഡി എഫ് സി, കോട്ടക് എന്നിവയാണ് ബാങ്കിംഗ് അധിഷ്ഠിത ബ്രോക്കിംഗില്‍ മുന്നില്‍. ഷെയര്‍ഖാന്‍, എം ഒ എഫ് എസ്, എച്ച് എഫ് എല്‍ എന്നിവയാണ് പരമ്പരാഗത ബ്രോക്കര്‍മാരില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it