ഐ.ടി സേവന മേഖലയില്‍ പ്രതിസന്ധി, ഇപ്പോള്‍ വില്‍ക്കാവുന്ന 3 ഓഹരികള്‍

അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വ്യവസായ മേഖലയില്‍ വിവര സാങ്കേതിക ചെലവുകള്‍ കുറയ്ക്കുന്നത് ഇന്ത്യന്‍ ഐ.ടി വമ്പന്മാര്‍ക്ക് തിരിച്ചടിയാവുകയാണ്. 2023-24ല്‍ ടി.സി.എസ്, എച്ച്.സി.എല്‍, ഇന്‍ഫോസിസ് എന്നിവരുടെ ജീവനക്കാരുടെ എണ്ണം 50,000 കുറയാന്‍ സാധ്യത ഉള്ളതായി പറയപ്പെടുന്നു. പടിഞ്ഞാറന്‍ ഏഷ്യയിലെയും യൂറോപ്പിലെയും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്ഥിതിഗതി കൂടുതല്‍ വഷളാക്കുന്നു. ഐ.ടി മേഖലയ്ക്ക് 2023നെക്കാള്‍ കടുപ്പമായിരുക്കും 2024 എന്ന് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പ്രമുഖ ഐ.ടി ഓഹരികളിലെ നിക്ഷേപം കുറക്കുന്നതാകും ഉചിതം. ടി.സി.എസ്, എച്ച്.സി.എല്‍, ഇന്‍ഫോസിസ് എന്നി ഓഹരികള്‍ ഇടിയാനുള്ള സാധ്യതകള്‍ അറിയാം:

1. ടാറ്റ കണ്‍സള്‍റ്റന്‍സി സര്‍വീസസ് (Tata Consultancy Services):

കഴിഞ്ഞ 3 പാദങ്ങളില്‍ മൊത്തം കരാര്‍ മൂല്യം (Total Contract Value-TCV) 10 ശതകോടി ഡോളര്‍ കടന്നു. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യന്‍ രൂപയില്‍ വരുമാനം 7.9% വര്‍ധിച്ച് 59,692 കോടി രൂപയായി. യു.എസ് ഡോളറില്‍ 4.8% വര്‍ധനവ് - 7.21 ശതകോടി ഡോളര്‍. ഡോളറില്‍ വരുമാനം കുറയാന്‍ കാരണം വടക്കന്‍ അമേരിക്ക, യൂറോപ് എന്നിവിടങ്ങളില്‍ വിവിധ വെര്‍ട്ടിക്കലുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ്.

അച്ചടക്കത്തോടെ ഉള്ള പദ്ധതി നിര്‍വഹണം, മെച്ചപ്പെട്ട ശേഷി വിനിയോഗം, സബ് കോണ്‍ട്രാക്ടര്‍ ചെലവുകള്‍ കുറച്ചും പ്രവര്‍ത്തന മാര്‍ജിന്‍ 24.3 ശതമാനം നിലനിര്‍ത്താന്‍ സാധിച്ചു. സബ് കോണ്‍ട്രാക്റ്റിംഗ് ചെലവുകള്‍ മൊത്തം വിറ്റുവരവിന്റെ 6.8 ശതമാനമായി കുറഞ്ഞു. നിലവില്‍ ചെലവ് ചുരുക്കുക, ക്ലൗഡ് സംബന്ധമായ സേവനങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ഉണ്ട്.

ബി.എസ്.എന്‍.എല്‍, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നിവരുടെ ഓര്‍ഡറുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ബി.എസ്.എന്‍.ല്‍ 4ജി, 5ജി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ടി.സി.എസിന് ഓര്‍ഡര്‍ ലഭിച്ചത്. 2023-24 ആദ്യ പകുതിയില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 6,333യുടെ കുറവ് രേഖപ്പെടുത്തി - നിലവില്‍ 608,985 ജീവനക്കാര്‍.

യൂറോപ്പില്‍ നടപ്പാക്കി വന്ന രണ്ടു വലിയ പദ്ധതികള്‍ പൂര്‍ത്തിയായി. അതിന് പകരം പുതിയ പദ്ധതികള്‍ ലഭിച്ചിട്ടില്ല. 2023-24 രണ്ടാം പകുതി ആദ്യ പകുതിയേക്കാള്‍ മെച്ചപ്പെടുമെന്ന് ടി.സി.എസ് മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടിട്ടില്ല. ഒരു ലക്ഷം ജീവനക്കാരെ നിര്‍മിത ബുദ്ധിയില്‍ പരിശീലനം നല്‍കുക വഴി ജനറേറ്റീവ് എ.ഐ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ സഹായിക്കുമെന്ന് കമ്പനി കരുതുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വില്‍ക്കുക (Sell)

ലക്ഷ്യ വില - 2930 രൂപ

നിലവില്‍ - 3570 രൂപ

Stock Recommendation by Nirmal Bang Research.


2. ഇന്‍ഫോസിസ് ലിമിറ്റഡ് (Infosys Ltd):

2023 -24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 6.7% വര്‍ധിച്ച് 38,994 കോടി രൂപയായി. പ്രവര്‍ത്തന മാര്‍ജിന്‍ 0.3% കുറഞ്ഞു - 21.2%. ചെലവ് ചുരുക്കല്‍ നടപ്പാക്കാനുള്ള സാങ്കേതിക പദ്ധതികളാണ് ഇന്‍ഫോസിസിന് ലഭിക്കുന്നത്. എന്നാല്‍ ഇത്തരം ഓര്‍ഡറുകളില്‍ വലിയ വര്‍ധന ഉണ്ടായിട്ടില്ല. കമ്പനിയുടെ ടോപാസ് പ്ലാറ്റ്‌ഫോം നിര്‍മിത ബുദ്ധി, ജനറേറ്റീവ് എ.ഐ, ഓട്ടോമേഷന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സഹായിക്കുന്നുണ്ട്. ജീവശാസ്ത്രം ആരോഗ്യ പരിരക്ഷ വെര്‍ട്ടിക്കലില്‍ 18.4% വളര്‍ച്ച ഉണ്ടായി. എന്നാല്‍ ടെലികോം മേഖലയില്‍ പണപ്പെരുപ്പം നേരിടുന്നത് കൊണ്ട് വെല്ലുവിളികളുണ്ട്. ബാങ്കിംഗ്, ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലയില്‍ അനിശ്ചിതത്വം തുടരുന്നു. അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധനവ് മൂലം മൂലധന ചെലവ് കൂടിയ ഊര്‍ജ, യൂട്ടിലിറ്റിസ് മേഖലയില്‍ നിക്ഷേപം കുറയുകയാണ്. ഇത് ഐ.ടി കമ്പനികള്‍ക്ക് തിരിച്ചടിയാണ്.

പ്രവര്‍ത്തന മാര്‍ജിന്‍ 0.5% വര്‍ധിപ്പിക്കാന്‍ സാധിച്ചു - 21.2%. ചെലവ് ചുരുക്കല്‍, ഉയര്‍ന്ന ശേഷി വിനിയോഗം എന്നിവയിലൂടെയാണ് മാര്‍ജിന്‍ മെച്ചപ്പെടുത്തിയത്. നിലവില്‍ ജീവനക്കാരുടെ എണ്ണം 3,28,764. കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 18,081 കുറവ് ഉണ്ടായി.

ഇന്‍ഫോസിസ് ഒരു ഓഹരിക്ക് 18 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍, യൂറോപ്പ് വിപണിയില്‍ മാന്ദ്യം തുടരുന്ന സാഹചര്യത്തില്‍ വിവര സാങ്കേതിക നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നില്ല. 2024ലിലും ഇന്ത്യന്‍ ഐ.ടി വമ്പന്‍മാര്‍ക്ക് ഇത് പ്രതിസന്ധിയാകും. എങ്കിലും കാനഡയില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാനായി ഇന്‍ഫോസിസ് പുതിയ ഉപകമ്പനി ആരംഭിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വില്‍ക്കുക (Sell)

ലക്ഷ്യ വില - 1253 രൂപ

നിലവില്‍ - 1,431.80 രൂപ

Stock Recommendation by Nirmal Bang Research.


3. എച്ച്.സി.എല്‍ ടെക്‌നോളജിസ് (HCL Technologies):

2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 8% വര്‍ധിച്ചു - 26672 കോടി രൂപ. പ്രവര്‍ത്തന മാര്‍ജിന്‍ 18-19%. സേവന ബിസിനസില്‍ ശേഷി വിനിയോഗം വര്‍ധിപ്പിച്ചും സബ് കോണ്‍ട്രാക്റ്റര്‍ ചെലവ് കുറച്ചുമാണ് മാര്‍ജിന്‍ മെച്ചപ്പെടുത്തിയത്. കമ്പനിയുടെ 75% വരുമാനം ഐ.ടി ബിസിനസ് സേവനങ്ങളില്‍ നിന്നാണ്. ഇതില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 0.9% വളര്‍ച്ചയാണ് ഉണ്ടായത്. 2023-24 മൂന്നും നാലും പാദത്തില്‍ സംയുക്ത ത്രൈമാസ വളര്‍ച്ച നിരക്ക് 3-4% നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വര്‍ഷം ചില വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചെങ്കിലും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഐ.ടി സേവനങ്ങള്‍ക്കായി കമ്പനികള്‍ ചെലവാക്കുന്നതില്‍ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ഐ.ടി കമ്പനികള്‍ക്ക് തിരിച്ചടിയാണ്. നിലവില്‍ ജീവനക്കാരുടെ എണ്ണം - 2,21,139 (രണ്ടു പാദങ്ങളിലായി കുറവ് രേഖപ്പെടുത്തിയത് 4805). ജര്‍മന്‍ ഓട്ടോമൊബൈല്‍ സേവന കമ്പനിയായ അസാപിനെ (ASAP) ഏറ്റെടുത്തത് കൊണ്ട് 2023-24ല്‍ വരുമാന വളര്‍ച്ച 5-6% പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വില്‍ക്കുക (Sell)

ലക്ഷ്യ വില - 1029 രൂപ

നിലവില്‍ - 1255 രൂപ

Stock Recommendation by Nirmal Bang Research.

(Stock market investments are subject to market risk. Do your own research or ask a financial advisor)




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it