വോള്‍ഡിലെ പ്രതിസന്ധി, നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുമോ ? ഇന്‍ഫ്ലുവന്‍സേഴ്‌സിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം

ഈ മാസം ജൂലൈ 4ന് ആണ് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം വോള്‍ഡ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിക്ഷേപകര്‍ക്ക് ഇ-മെയില്‍ അയച്ചത്. ട്രേഡിംഗ്, ഡിപോസിറ്റ്, പണം പിന്‍വലിക്കല്‍ ഉള്‍പ്പടെയുള്ള സേവനങ്ങളാണ് കമ്പനി അവസാനിപ്പിച്ചത്. യുകെ ആസ്ഥാനമായ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം നെക്‌സോ പ്രതിസന്ധിയിലായ ക്രിപ്‌റ്റോയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളിലാണ്.

ക്രിപ്റ്റോ വിപണിയിലുണ്ടായ (Cryptocurrency) തകര്‍ച്ച, ഫണ്ടിംഗിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് വോള്‍ഡിനെ പ്രതിസന്ധിയിലേക്ക് നയിച്ചത്. കഴിഞ്ഞ ജൂണ്‍ 12 മുതല്‍ 197.7 മില്യണ്‍ ഡോളറിലിധികം പണമാണ് പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്.

അതേ സമയം ഈ വര്‍ഷം ഫെബ്രുവരി മുതല്‍ നിക്ഷേപമോ പിന്‍വലിക്കലോ നടത്താന്‍ സാധിച്ചിരുന്നില്ല എന്നാണ് ബംഗളൂരുവില്‍ താമസിക്കുന്ന ഒരു മലയാളി ഡോക്ടര്‍ ധനം ഓണ്‍ലൈനോട് പറഞ്ഞത്. ഇയാള്‍ വോള്‍ഡിന്റെ എസ്‌ഐപി പദ്ധതിയില്‍ 10000 രൂപയാണ് പ്രതിമാസം നിക്ഷേപിച്ചിരുന്നത്. ആകെ 1.3 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. 12 ശതമാനത്തിന് മുകളില്‍ പലിശ ആയിരുന്നു വാഗ്ദാനം.

ഫിനാന്‍ഷ്യല്‍ ഇന്‍ഫ്ലുവന്‍സറായ പിആര്‍ സുന്ദരത്തിന്റെ യുട്യൂബ് വീഡിയോ കണ്ടാണ് വോള്‍ഡില്‍ നിക്ഷേപം നടത്തിയതെന്ന് ഡോക്ടര്‍ പറയുന്നു. ബിറ്റ്‌കോയിന്‍, എഥറിയം, കോര്‍ഡാനോ, സൊലാനോ എന്നീ കോയിനുകളിലായിരുന്നു നിക്ഷേപം. ക്രിപ്‌റ്റോ വിപണിയിലെ ഇടിവിനെ തുടര്‍ന്ന് 1.3 ലക്ഷം രൂപയുടെ നിക്ഷേപത്തിന് നിലവില്‍ 32,000 രൂപയുടെ മൂല്യം ആണുള്ളതെന്നും ഡോക്ടര്‍ വ്യക്തമാക്കി.



വോള്‍ഡില്‍ നിക്ഷേപം നടത്തിയ ഭൂരിപക്ഷം ആളുകളും FinFluencesr എന്ന് വിളിക്കപ്പെടുന്ന ഫിനാന്‍ഷ്യല്‍ ഇന്‍ഫ്ലുവന്‍സേഴ്‌സിന്റെ വീഡിയോകള്‍ കണ്ട് ഇതില്‍ എത്തിയവരാണ്. വോള്‍ഡ് ഇന്ത്യയില്‍ ഇന്‍ഫ്ലുവന്‍സേഴ്‌സിലൂടെ വലിയ തോതില്‍ പരസ്യങ്ങള്‍ ചെയ്തിരുന്നു.



വോള്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമിനെ പ്രൊമോട്ട് ചെയ്ത ഇന്‍ഫ്ലുവന്‍സേഴ്‌സിനെതിരെ ട്വിറ്ററില്‍ വലിയ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. മലയാളി ഇന്‍ഫ്ലുവന്‍സര്‍ ഷാരീഖ് ഷംസുദ്ദീന്‍ ഉള്‍പ്പടെയുള്ളവര്‍ വോള്‍ഡിനെ പ്രൊമോട്ട് ചെയ്തിരുന്നു.

വോള്‍ഡില്‍ നിക്ഷേപിച്ചവരുടെ ഭാവി

കോയിന്‍ ബേസ് ഉള്‍പ്പടെയുള്ളവയ്ക്ക് നിക്ഷേപമുള്ള പ്ലാറ്റ്‌ഫോം ആണ് വോള്‍ഡ്. നെക്‌സോ, വോൾഡിനെ ഏറ്റെടുത്താല്‍ ഇവരുടെ ബാധ്യതകളും നെക്‌സോയുടേതാവും അല്ലാത്ത പക്ഷവും ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും പണം തിരിച്ചു നല്‍കേണ്ട ഉത്തരവാദിത്വം വോള്‍ഡിനുണ്ട്.

വോള്‍ഡിന്റെ ഉപഭോക്താക്കളില്‍ 20 ശതമാനവും ഇന്ത്യക്കാരാണെന്നാണ് വിവരം. സിംഗപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോള്‍ഡ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് Flipvolt Technologies pvt Ltd എന്ന പേരിലാണ്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് കമ്പനിക്കെതിരെ കോടിതിയെ സമീപിക്കാവുന്നതാണ്.

support.vauld.com എന്ന പേജില്‍ ഉപഭോക്താക്കളുടെ ഫണ്ടുകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട് എന്ന് നേരത്തെ വോള്‍ഡ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ഇപ്പോള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കിയിട്ടുണ്ട്. അതേ സമയം വോള്‍ഡിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും നടത്തുന്ന വാങ്ങലുകള്‍ക്ക് പണം തിരികെ നല്‍കാനുള്ള (refund) തങ്ങള്‍ക്കില്ലെന്ന് https://www.vauld.com/legal/terms-and-conditiosn പേജില്‍ റീഫണ്ട് പോളിസി വിഭാഗത്തില്‍ കമ്പനി വ്യക്തമാക്കിയിട്ടും ഉണ്ട്.

കമ്പനിക്കെതിരെ ഉപഭോക്താക്കള്‍ നിയമ നടപടി സ്വീകരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് സിംഗപ്പൂരില്‍ മൊറട്ടോറിയത്തിന് അപേക്ഷിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിലവില്‍ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകള്‍ക്കായി പ്രത്യേക നിയമങ്ങള്‍ ഇല്ല എന്നതാണ് യാഥാര്‍ത്യം. നികുതി ഏര്‍പ്പെടുത്താന്‍ തിടുക്കം കാട്ടിയ കേന്ദ്രം, നിക്ഷേപകരുടെ സംരംക്ഷണം ഉള്‍പ്പടെ ഉറപ്പാക്കുന്ന ക്രിപ്‌റ്റോ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് വോള്‍ഡിലെ പ്രശ്‌നങ്ങള്‍.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it