ക്രൂഡ് ഓയിൽ വില ഇനിയും മുകളിലേക്കോ? സ്വർണവില ഇടിയുമോ? ഈയാഴ്ച കമ്മോഡിറ്റി വിപണി എങ്ങനെയാകും?

ഈയാഴ്ച ആഗോള കമ്മോഡിറ്റി വിപണിയിൽ ഉയർന്ന തോതിലുള്ള ചാഞ്ചാട്ടം (Volatility) നേരിടാനുള്ള സാധ്യതയാണുള്ളത്
commodity market analysis
canva
Published on

കഴിഞ്ഞയാഴ്ചയിൽ ആഗോള കമ്മോഡിറ്റി വിപണിയിൽ സമ്മിശ്ര പ്രകടനമാണ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ, നാച്വറൽ ​ഗ്യാസ് എന്നിവയുൾപ്പെടുന്ന ഊർജ്ജ വിഭാ​ഗം ശക്തമായ വിലവർധനവ് കൈവരിച്ചപ്പോൾ സ്വർണം, വെള്ളി എന്നിവയുൾപ്പെടുന്ന വിലയേറിയ ലോഹങ്ങളുടെ വിലയിൽ തിരുത്തലും പ്രകടമായി. വരും ദിവസങ്ങളിൽ യു.എസ്, ചൈന, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പത്തിക ഡാറ്റകളും കേന്ദ്ര ബാങ്കുകൾ പണനയത്തിന്മേൽ സ്വീകരിക്കുന്ന നിലപാടുകളും കമ്മോഡിറ്റി വിപണിയുടെ ഭാവി​​ഗതി നിർണയിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നതായിരിക്കും.

ഈയാഴ്ച വിപണി എങ്ങനെയാകും?

ഈയാഴ്ച ആഗോള കമ്മോഡിറ്റി വിപണിയിൽ ഉയർന്ന തോതിലുള്ള ചാഞ്ചാട്ടം (Volatility) നേരിടാനുള്ള സാധ്യതയാണുള്ളത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ എഫ്.ഒ.എം.സി യോ​ഗത്തിന്റെ മിനിറ്റ്സ്, യു.കെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പണപ്പെരുപ്പ നിരക്കുകൾ, ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ എന്നിവ വിലയേറിയ ലോഹങ്ങളുടെ വിലയെ സ്വാധീനിക്കും. ഫെഡറൽ റിസർവിൽ നിന്നും ഭാവി പണനയത്തിൽ കർശനമായ നിലപാടുകൾ (Hawkish commentary) സ്വീകരിച്ചേക്കുമെന്ന സൂചനകൾ, യു.എസ് ഡോളറിനെ ശക്തിപ്പെടുത്തുകയും ഇത് ലോഹങ്ങളുടെ വിലയെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്തേക്കാം. എന്നാൽ ആഗോള സാമ്പത്തിക വളർച്ചയിലെ മന്ദഗതിയെക്കുറിച്ചുള്ള ആശങ്കകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കാനും ഇടയാക്കും.

കൂടാതെ, ചൈനയിലെ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, റീട്ടെയിൽ സെയിൽസ് ഡാറ്റ എന്നിവയും കമ്മോഡിറ്റി വിപണിയിലെ നിക്ഷേപക തീരുമാനങ്ങളെ സ്വാധീനിക്കും. ഊർജ്ജ മേഖലയെ സംബന്ധിച്ചിടത്തോളം യു.എസ് ഇൻവെന്ററി ട്രെൻഡുകളും ചൈന, യു.എസ് തുടങ്ങിയ വൻകിട സമ്പദ്‌‍വ്യവസ്ഥകളിലെ ഡിമാൻഡ് സംബന്ധിച്ച സൂചനകളുമായിരിക്കും വിലയുടെ ​ഗതി നിശ്ചയിക്കുന്നതിലെ നിർണ്ണായക ശക്തികൾ. നാച്വറൽ ​ഗ്യാസ് വിപണി യു.എസ് സ്റ്റോറേജ് റിപ്പോർട്ടുകളോടായിരിക്കും പ്രതികരിക്കുക.

സ്വർണം — ഇനിയെന്ത്?

കഴിഞ്ഞയാഴ്ച നിക്ഷേപകർ ലാഭമെടുപ്പിന് തുനിഞ്ഞതിനെ തുടർന്ന് 3.70 ശതമാനം ഇടിഞ്ഞ് 4,539 ഡോളറിലാണ് സ്വർണത്തിന്റെ ഡെറിവേറ്റീവ് കോൺട്രക്ട് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ ടെക്നിക്കൽ അനാലിസിസ് പ്രകാരം, സ്വർണത്തിന്റെ വില 4,774 ഡോളറിന് താഴെ നിൽക്കുന്നിടത്തോളം വിൽപ്പന സമ്മർദ്ദം തുടരാൻ സാധ്യതയുണ്ട്. എങ്കിൽ സ്വർണത്തിന് പ്രതീക്ഷിക്കാവുന്ന തൊട്ടടുത്തുള്ള സപ്പോർട്ട് നിലവാരം 4,420 ഡോളറിലും ഇതിന് താഴെ, 4,099 ഡോളറിലും ശക്തമായ പിന്തുണ കിട്ടുമെന്നുമാണ് കരുതുന്നത്. മറിച്ച് സ്വർണം മുന്നേറാൻ ശ്രമിക്കുകയാണെങ്കിൽ ആദ്യം മറിക്കേണ്ട പ്രതിരോധ കടമ്പ 4,774 ഡോളറിലും അതിന് മുകളിൽ 4,995 ഡോളറിലും എന്നാണ് സാങ്കേതിക സൂചകങ്ങൾ സൂചിപ്പിക്കുന്നത്.

വെള്ളി — ഇനിയെന്ത്?

ആ​ഗോള വെള്ളി വിപണിയിലും ശക്തമായ വിൽപ്പന സമ്മർദ്ദമാണ് പ്രകടമായത്. പ്രതിവാര അടിസ്ഥാനത്തിൽ വില 5.48 ശതമാനം ഇടിഞ്ഞ് 75.89 ഡോളറിലാണ് കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ് കുറിച്ചത്. അതേസമയം വെള്ളിയുടെ വില 83 ഡോളറിന് താഴെ തുടരുകയാണെങ്കിൽ വിൽപ്പന സമ്മർദം തുടരാം. ഇത് വെള്ളിയുടെ ഡെറിവേറ്റീവ് കോൺട്രാക്ടുകളെ 72.20 ഡോളർ നിലവാരത്തിലേക്ക് പിന്തള്ളാം. അങ്ങനെയങ്കിൽ വെള്ളിയുടെ ഉടനടിയുള്ള സപ്പേോർട്ട് നിലവാരം 72.20 ഡോളറിലും അതിന് താഴെ 65.50 ഡോളറിൽ നിന്നും പിന്തുണ പ്രതീക്ഷിക്കാം. മറിച്ച് മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ നേരിടേണ്ട പ്രധാന പ്രതിരോധ കടമ്പ 83 ഡോളറിലും അതിന് മുകളിൽ 90.00 ഡോളറിലുമാണ്.

ബ്രെന്റ് ക്രൂഡ് ഓയിൽ — ഇനിയെന്ത്?

പ്രതിവാര കണക്കിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഡെറിവേറ്റീവ് കോൺട്രാക്ട്, 9.22 ശതമാനം നേട്ടത്തോടെ 109.48 ഡോളറിൽ ക്ലോസ് ചെയ്തു. സാങ്കേതിക സൂചകങ്ങൾ പ്രകാരം ക്രൂഡ് ഓയിൽ വില 99.50 ഡോളറിന് മുകളിൽ തുടരുന്നിടത്തോളം പോസിറ്റീവ് ട്രെൻഡ് നിലനിൽക്കും. ക്രൂഡ് ഓയിലിന്റെ തൊട്ടടുത്ത സപ്പോർട്ട് മേഖല 99.50 ഡോളറിലും ഇതിന് താഴെയുള്ള അടുത്ത പ്രധാന പിന്തുണ 86.00 ഡോളറിലുമാണ് ഉള്ളത്. മറുവശത്ത് പ്രതിരോധ മേഖലകൾ യഥാക്രമം 115 ഡോളറിലും 125 ഡോളറിലുമാണ് പ്രതീക്ഷിക്കുന്നത്. യു.എസ് എ.പി.ഐ, ഇ.ഐ.എ ഇൻവെന്ററി റിപ്പോർട്ടുകളിലെ കുറവും ചൈനയിലെ സാമ്പത്തിക സൂചകങ്ങളുമാണ് ക്രൂഡ് ഓയിൽ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

നാച്വറൽ ​ഗ്യാസ് — ഇനിയെന്ത്?

കഴിഞ്ഞ വ്യാപാര ആഴ്ചയിൽ 6.60 ശതമാനം നേട്ടത്തോടെ 3.10 ഡോളറിലാണ് നാച്വറൽ ​ഗ്യാസ് കോൺട്രാക്ടിൽ ക്ലോസിംഗ് രേഖപ്പെടുത്തി. വില 2.91 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ ക്രൂഡ് ഓയിലിന്റെ മുന്നേറ്റം 3.24 ഡോളറിലുള്ള പ്രതിരോധ കടമ്പ വരെ നീളാം. നിലവിൽ നാച്വറൽ ​ഗ്യാസിന്റെ ഉടനടിയുള്ള പിന്തുണ 2.91 ഡോളറിലും ഇതിന് താഴെയുള്ള അടുത്ത പിന്തുണ 2.67 ഡോളറിലുമാണ് ഉള്ളത്. മറുവശത്ത് തുടർ മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ നാച്വറൽ ​ഗ്യാസ് നേരിടാവുന്ന പ്രതിരോധ കടമ്പകൾ 3.24 ഡോളറിലും 3.50 ഡോളറിലും പ്രതീക്ഷിക്കുന്നു.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com