Begin typing your search above and press return to search.
ബജറ്റ് പ്രഖ്യാപനം ഏറ്റില്ല, ക്രിപ്‌റ്റോ നിക്ഷേപകരുടെ എണ്ണത്തില്‍ 59 ശതമാനം കുതിച്ചു ചാട്ടം
ബജറ്റ് 2022 ലെ ക്രിപ്‌റ്റോ ടാക്‌സ് പ്രഖ്യാപനം വന്നെങ്കിലും നിലവില്‍ ഇന്ത്യന്‍ ക്രിപ്റ്റോ പ്രേമികളെ അതില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് അത് പിന്തിരിപ്പിച്ചിട്ടില്ലെന്ന് കണക്കുകള്‍. ക്രിപ്റ്റോ ടാക്‌സ് പ്രഖ്യാപിച്ചെങ്കിലും അത് നിയമവിധേയമാക്കിയിട്ടില്ല എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ബജറ്റിന് ശേഷം ക്രിപ്റ്റോ സൈന്‍ അപ്പുകള്‍ വര്‍ധിച്ചതായി മുന്‍നിര എക്‌സ്‌ചേഞ്ചുകള്‍.
പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളായ WazirX, CoinSwitch Kuber, Unocoin എന്നിവ 2022 ബജറ്റ് ദിവസം മുതല്‍, അതായത് 2022 ഫെബ്രുവരി 1 മുതല്‍ സൈന്‍-അപ്പുകളില്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്ലാറ്റ്ഫോമുകളില്‍ ചേരുന്ന പുതിയ നിക്ഷേപകരുടെ എണ്ണം 35%-59% വര്‍ധിച്ചതായി പ്രമുഖ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ ക്രിപ്റ്റോ എക്സ്ചേഞ്ച് വസീര്‍ എക്സില്‍ മാത്രം പ്രതിദിന സൈന്‍ അപ്പുകളില്‍ 59% വളര്‍ച്ച കൈവരിച്ചു. യുനോകോയിന്‍ 50% വളര്‍ച്ച കൈവരിച്ചു. കോയിന്‍ സ്വിച്ച് ക്യൂബറും പുതിയ ഉപയോക്താക്കളില്‍ 35% കുതിപ്പ് റിപ്പോര്‍ട്ട് ചെയ്തു. ഇനിയും ക്രിപ്‌റ്റോ വിപണി വളരുമെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്.
അതേസമയം ക്രിപ്‌റ്റോ ആസ്തികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് അംഗീകാരം നല്‍കുന്നതിന് തുല്യമെന്ന് കരുതരുതെന്ന നിലപാടുമായി നിര്‍മല സീതാരാമന്‍ വന്നിരുന്നു. നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ക്രിപ്റ്റോയെ അംഗീകരിക്കുന്നതിന് തുല്യമാണെന്ന ക്രിപ്‌റ്റോ എക്‌ചേഞ്ചുകളുടെ വിലയിരുത്തലുകള്‍ക്കെതിരെ ആയിരുന്നു ഇത്.
ക്രിപ്റ്റോ കറന്‍സി രൂപ പോലെ ഉപയോഗിക്കണമെങ്കില്‍ അത് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കുന്നവ ആയിരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നമ്മള്‍ അവയെ കറന്‍സി എന്ന് വിളിക്കുന്നുണ്ടെങ്കിലും അവ അങ്ങനെ അല്ല. നികുതി ചുമത്തുക എന്നതിനര്‍ത്ഥം നിയമ സാധുത നല്‍കലല്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ആര്‍ബിഐ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ കറന്‍സിക്ക് കേന്ദ്രം നികുതി ചുമത്തില്ലെന്നുമാണ് നിര്‍മലാ സീതാരാമന്‍ പറഞ്ഞത്.
Next Story
Videos