ക്രിപ്‌റ്റോ ഹാക്ക്; 2022ല്‍ ഇതുവരെ നഷ്ടമായത് 15,070 കോടി, നേട്ടം ഉത്തര കൊറിയയ്ക്ക്
ഈ വര്‍ഷം ഇതുവരെ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് പ്രോട്ടോക്കോളുകളില്‍ (DeFi) നിന്ന് നഷ്ടമായത് 1.9 ബില്യണ്‍ ഡോളര്‍ (ഏകദേശം 15,070 കോടി രൂപ). ക്രിപ്‌റ്റോ ഇടപാടുകള്‍ സാധ്യമാക്കുന്ന എഥറിയം ഉള്‍പ്പടെയുള്ള ബ്ലോക്ക് ചെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമുകളാണ് DeFi ആപ്ലിക്കേഷനുകള്‍.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ക്രിപ്‌റ്റോ കറന്‍സി ഹാക്കിംഗുകള്‍ വര്‍ധിച്ചത് 60 ശതമാനം ആണ്. 2022 ജനുവരി മുതല്‍ ജൂലൈവരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍, ഹാക്കിംഗിലൂടെ 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 9,500 കോടി രൂപ) മോഷ്ടിക്കപ്പെട്ടിരുന്നു. ബ്ലോക്ക്‌ചെയിന്‍ അനാലിസിസ് സ്ഥാപനമായ ചെയിനാലിസിസ് (Chainalysis) ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.
ഈ മാസം ക്രോസ് ചെയിന്‍ ബ്രിഡ്ജ് പ്ലാറ്റ്‌ഫോം നൊമാഡില്‍ ഉണ്ടായ ഹാക്കിംഗില്‍ 190 മില്യണ്‍ ഡോളറും (ഏകദേശം 1,500 കോടി) സൊലാനോ വാലറ്റുകളില്‍ ഉണ്ടായ ആക്രമണത്തില്‍ 5 മില്യണ്‍ ഡോളറും ( ഏകദേശം 40 കോടി) ഉപഭോക്താക്കള്‍ക്ക് നഷ്ടമായിരുന്നു. ഓപ്പണ്‍ സോഴ്‌സ് കോഡുകള്‍ എല്ലാവര്‍ക്കും ലഭ്യമായത് കൊണ്ട് തന്നെ DeFi പ്ലാറ്റ്‌ഫോമുകളില്‍ ഹാക്കിംഗിനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് ചെയിനാലിസിസ് പറയുന്നത്. വേഗത്തില്‍ വളരാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ പ്ലാറ്റ്‌ഫോമുകള്‍ സുരക്ഷാ സംവിധാനങ്ങളില്‍ വീഴ്ച വരുത്താന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
DeFi പ്രോട്ടോക്കോളുകളില്‍ നിന്ന് മോഷ്ടിച്ച ഫണ്ടുകളില്‍ ഭൂരിഭാഗവും ഉത്തര കൊറിയയിലേക്കാണ് പോവുന്നത്. ഈ വര്‍ഷം ഇതുവരെ, ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ ഒരു ബില്യണ്‍ ഡോളറോളിന് ( 7,930 കോടി രൂപ) തുല്യമായ ക്രിപ്റ്റോകറന്‍സികള്‍ മോഷ്ടിച്ചെന്നാണ് വിലയിരുത്തല്‍. CoinGeckoയുടെ കണക്കുകള്‍ പ്രകാരം ക്രിപ്റ്റോ കറന്‍സികളുടെ വിപണി മൂലധനം ഏകദേശം 1.1 ട്രില്യണ്‍ ഡോളറാണ്. 2022ന്റെ തുടക്കത്തില്‍ 2.35 ട്രില്യണ്‍ ഡോളറോളം ഉണ്ടായിരുന്ന വിപണി മൂല്യം 50 ശതമാനത്തിലധികം ആണ് ഇടിഞ്ഞത്.