ഇന്ത്യന്‍ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം വോള്‍ഡിനെ ഏറ്റെടുക്കാന്‍ യുകെ കമ്പനി

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഇടപാടുകള്‍ നിര്‍ത്തിയ ഇന്ത്യന്‍ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമിനെ യുകെ ആസ്ഥാനമായ നെക്‌സോ (Nexo) ഏറ്റെടുത്തേക്കും. വോള്‍ഡിന് സമാനമായ സേവനങ്ങള്‍ നല്‍കുന്ന ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം തന്നെയാണ് നെക്‌സോ. ജൂണ്‍ നാലിനാണ് ട്രേഡിംഗ്, ഡിപോസിറ്റ്, പണം പിന്‍വലിക്കല്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ വോള്‍ഡ് നിര്‍ത്തിയത്. ജൂണ്‍ രണ്ടിന് കമ്പനിയിലെ 30 ശതമാനം ജീവനക്കാരെയും വോള്‍ഡ് പിരിച്ചു വിട്ടിരുന്നു.

വോള്‍ഡിനെ ഏറ്റെടുത്തുകൊണ്ട് തെക്ക്-കിഴക്കന്‍ ഏഷ്യയിലും ഇന്ത്യയിലും സാന്നിധ്യമുറപ്പിക്കുകയാണ് നെക്‌സോയുടെ ലക്ഷ്യം. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മില്‍ 60 ദിവസത്തെ ചര്‍ച്ചകള്‍ക്കായുള്ള ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ നെക്‌സോ എത്ര കോടി രൂപയുടെ ഓഫറാണ് വോള്‍ഡിന് മുന്നില്‍ വെച്ചതെന്ന് വ്യക്തമല്ല. വോള്‍ഡിന്റെ മൂല്യത്തെക്കുറിച്ച് സംസാരിക്കാന്‍ സമയമായില്ലെന്നാണ് നെക്‌സോയുടെ സഹസ്ഥാപകനായ അന്റോണി ട്രെന്‍ഷേവ് സിഎന്‍ബിസിയോട് പറഞ്ഞത്. അതേ സമയം ധനം ഓണ്‍ലൈനോട് ഇതുവരെ വിഷയത്തില്‍ വോള്‍ഡ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ക്രിപ്‌റ്റോ വിപണിയിലെ തകര്‍ച്ച, ഫണ്ടിംഗിലെ പ്രശ്‌നങ്ങള്‍, നിക്ഷേപങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങിയവയാണ് വോള്‍ഡിനെ പ്രതിസന്ധിയിലേക്ക് നയിച്ചത്. കഴിഞ്ഞ ജൂണ്‍ 12 മുതല്‍ 197.7 മില്യണ്‍ ഡോളറിലധികം പണമാണ് പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. പുനക്രമീകരണത്തിന് ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം വോള്‍ഡ് വ്യക്തമാക്കിയിരുന്നു.

വോള്‍ഡിലെ പ്രശ്‌നങ്ങള്‍ ഏത്രത്തോളം വലുതാണെന്നും ആസ്തികള്‍ക്ക് എന്താണ് സംഭവിച്ചതെന്നും വരും ദിവസങ്ങളില്‍ വ്യക്തമാവുമെന്ന് അന്റോണി ട്രെന്‍ഷേവ് അറിയിച്ചിട്ടുണ്ട്. ഇത് ആദ്യമായല്ല നെക്‌സോ ഒരു ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമിനെ ഏറ്റെടുക്കാന്‍ രംഗത്തെത്തുന്നത്. പ്രതിസന്ധിയിലായ സെല്‍ഷ്യസിനെ ഏറ്റെടുക്കാന്‍ നെക്‌സോ ശ്രമിച്ചിരുന്നെങ്കിലും ഇടപാട് നടന്നില്ല.

കോയിന്‍ബേസ് (coinbase), സിഎംടി ഡിജിറ്റല്‍, ഗുമി ക്രിപ്‌റ്റോസ് ഉള്‍പ്പടെയുള്ളവയ്ക്ക് നിക്ഷേപമുള്ള സ്ഥാപനമാണ് വോള്‍ഡ് (Vauld). മലയാളിയായ സഞ്ജു സോണി കുര്യനും ദര്‍ശന്‍ ബതീജയും ചേര്‍ന്ന് 2018ല്‍ സിംഗപൂര്‍ ആസ്ഥാനമായാണ് വോള്‍ഡ് ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ ഡിസിഎക്‌സും ഡിപോസിറ്റ് , പിന്‍വലിക്കല്‍ സേവനങ്ങള്‍ അവസാനിപ്പിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it