ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ കേസ്, ക്രിപ്റ്റോയില്‍ ഇടിവ്; ഓഹരികളും അവതാളത്തില്‍

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് ബിനാന്‍സിനെതിരെ (Binance) യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (SEC) കേസെടുത്തതിനെത്തുടര്‍ന്ന് ക്രിപ്റ്റോകറന്‍സികളില്‍ ഇടിവ് രേഖപ്പെടുത്തി. ക്രിപ്റ്റോ, ബ്ലോക്ക്‌ചെയിന്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളും തിങ്കളാഴ്ച ഇടിഞ്ഞു. ബിനാന്‍സിനെതിരെ കേസെടുത്തതിന് പിന്നാലെ ലോകത്തെ ഏറ്റവും മൂല്യമേറിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ (Bitcoin) 5.45 ശതമാനം കനത്ത ഇടവ്. ബിനാന്‍സിന്റെ ക്രിപ്റ്റോകറന്‍സി 9.72 ശതമാനവും ഇടിഞ്ഞു.

രഹസ്യ നിയന്ത്രണം

ബിനാന്‍സിനെ രഹസ്യമായി നിയന്ത്രിച്ചതിനാണ് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ബിനാന്‍സിനും സി.ഇ.ഒ ചാങ്പെങ് ഷാവോയ്ക്കും എതിരെ കേസെടുത്തത്. യുഎസ് നിയമനിര്‍മ്മാണത്തെ കമ്പനി മറികടക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ബിനാന്‍സ് അതിന്റെ യുഎസ് അഫിലിയേറ്റിന്റെ ബാങ്ക് അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നതായും റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിനാന്‍സ് കൃത്രിമമായി ട്രേഡിംഗ് വോളിയം വര്‍ധിപ്പിക്കുകയും ഉപഭോക്തൃ ഫണ്ടുകള്‍ ദൂരുപയോഗം ചെയ്യുകയും വിപണി നിരീക്ഷണ നിയന്ത്രണങ്ങളെക്കുറിച്ച് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നും എസ്.ഇ.സി പറഞ്ഞു.

മറ്റ് ഓഹരികള്‍

ബിനാന്‍സിനെതിരെ എസ്.ഇ.സി കേസെടുത്തതോടെ കോയിന്‍ബേസിന്റെ ഓഹരികള്‍ 9.1 ശതമാനം ഇടിഞ്ഞു. ക്രിപ്റ്റോ മൈനര്‍ റയറ്റ് പ്ലാറ്റ്ഫോംസ് ഇങ്ക് 8.8 ശതമാനവും, മാരത്തണ്‍ ഡിജിറ്റല്‍ 8.4 ശതമാനവും, ഹട്ട് 8 മൈനിംഗ് 4.6 ശതമാനവും കുറഞ്ഞു. ക്രിപ്റ്റോ കമ്പനികള്‍ക്കെതിരായ എസ്.ഇ.സിയുടെ ഇത്തരം നടപടികളെത്തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ യു.എസിന് പുറത്ത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് നിക്ഷേപം നടത്തി വരുന്നുണ്ട്.

പ്രത്യാഘാതങ്ങള്‍ ഏറേ

ക്രിപ്റ്റോകറന്‍സി മൂല്യത്തിലെ ഗണ്യമായ ഇടിവും തുടര്‍ന്നുള്ള ഓഹരികളിലെ ഇടിവും വിവിധ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതില്‍ പ്രധാനമായും ക്രിപ്റ്റോകറന്‍സികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയ നിക്ഷേപകര്‍ക്ക് കാര്യമായ നഷ്ടം ഉണ്ടായേക്കാം എന്നതാണ്. ഇത് അവരുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും. നിക്ഷേപകരുടെ ആത്മവിശ്വാസം കുറയും. മാത്രമല്ല ഇത് ക്രിപ്റ്റോകറന്‍സികളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചേക്കാം. കൂടാതെ, ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും പല വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നേരിടേണ്ടി വന്നേക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it