നികുതി പ്രാബല്യത്തില്‍ വന്നതോടെ വില്‍പ്പനക്കാര്‍ കൂടി, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഇടപാടുകളില്‍ ഇടിവ്

ഡിജിറ്റല്‍ ആസ്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ തിരിച്ചടി നേരിട്ട് രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍. റിസര്‍ച്ച് സ്ഥാപനമായ CREBACO ഗ്ലോബലിന്റെ കണക്ക് പ്രകാരം വിവിധ എക്‌സ്‌ചേഞ്ചുകളിലെ ഇടപാടുകളില്‍ 15-55 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റുകളിലെ ട്രാഫിക്കിലും (സന്ദര്‍ശിക്കുന്നവരുടെ കണക്ക്) 40 ശതമാനത്തോളം ഇടിവുണ്ട്.

ക്രിപ്‌റ്റോ അടക്കമുള്ള ഡിജിറ്റല്‍ ആസ്ഥികള്‍ക്ക് 30 ശതമാനം നികുതിയും ഒരു ശതമാനം ടിഡിഎസും (Tax Deducted at Source) ആണ് കഴിഞ്ഞ ബജറ്റില്‍ കേന്ദ്രം പ്രഖ്യാപിച്ചത്. ജൂലൈ ഒന്ന് മുതലാണ് ടിഡിഎസ് നിലവില്‍ വരുന്നത്. നികുതി നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് തന്നെ വില്‍പ്പന നടത്തി പരമാവധി ലാഭം നേടുക എന്ന രീതി ആണ് കഴിഞ്ഞ രണ്ടാഴ്ച ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ പ്രകടമായത്. പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ വസീര്‍എക്‌സില്‍ വില്‍പ്പന 30 ശതമാനത്തോളം വര്‍ധിച്ചിരുന്നു.

വില്‍പ്പനക്കാരുടെ എണ്ണം കൂടിയെന്ന് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം വോള്‍ഡിന്റെ കോ-ഫൗണ്ടറായ സഞ്ജു സോണി കുര്യന്‍ പറഞ്ഞു. ഒരു ശതമാനം ടിഡിഎസ് കൂടി നിലവില്‍ വരുന്നതോടെ ട്രേഡേഴ്‌സിന്റെ പ്രവര്‍ത്തന മൂലധനത്തെ (working capital) അത് കാര്യമായി ബാധിക്കും. ട്രേഡിംഗ് മേഖലയിലെ വലിയൊരു വിഭാഗം ആളുകളും ഇന്ത്യ വിടുകയാണെന്നും അതോടൊപ്പം നഷ്ടമാവുന്നത് നല്ല ടാലന്റുകളാണെന്നും സഞ്ജു ചൂണ്ടിക്കാണിക്കുന്നു. എക്‌സ്‌ചേഞ്ച്, നിക്ഷേപം ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോം ആണ് വോള്‍ഡ്.

ഇന്ത്യ, ക്രിപ്‌റ്റോ മേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ എക്‌സ്‌ചേഞ്ചുകളിലെ ഇടപാടുകള്‍ ഇടിഞ്ഞു തുടങ്ങിയിരുന്നു. 2021 ഡിസംബറില്‍ രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 13.4 മില്യണ്‍ ആയിരുന്നത് ഈ വര്‍ഷം ഫെബ്രുവരി ആയപ്പോഴേക്കും 8.8 മില്യണ്‍ ആയി കുറഞ്ഞു. പുതിയ നികുതി വ്യവസ്ഥ നിലവില്‍ വന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ എടുത്ത് ചാടി തീരുമാനങ്ങള്‍ എടുക്കുന്നതാണ് ഇപ്പോള്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍ ജൂലൈയില്‍ ടിഡിഎസ് കൂടി വരുന്നതോടെ നികുതി വ്യവസ്ഥ, ക്രിപ്‌റ്റോ മേഖലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നേക്കും.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it