തകര്‍ന്നടിഞ്ഞ് ക്രിപ്‌റ്റോ മേഖല; മുന്നറിയിപ്പുമായി നിതിന്‍ കാമത്ത്

ക്രിപ്‌റ്റോ മേഖലയില്‍ ഇടിവ് തുടരുമ്പോള്‍ ബിറ്റ്‌കോയിന്‍ (Bitcoin) വില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 21,57,730.24 രൂപയാണ് (3.00 pm) നിലവില്‍ ഒരു ബിറ്റ്‌കോയിന്റെ വില. കഴിഞ്ഞ നവംബറില്‍ ബിറ്റ്‌കോയിന്റെ വില 46 ലക്ഷത്തിന് മുകളിലെത്തിയിരുന്നു. എഥെറിയത്തിന്റെ വിലയും തുടര്‍ച്ചയായി ഇടിയുകയാണ്. ആറുമാസം കൊണ്ട് 57.58 ശതമാനം ഇടിഞ്ഞ എഥെറിയം 1,47287.50 രൂപയില്‍ എത്തി.

ആഗോള തലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്‌റ്റോകളുടെ മൂല്യത്തില്‍ 13 ശതമാനം തകര്‍ച്ചയാണ് ഉണ്ടായത്. 2021 നവംബറില്‍ 19.28 രൂപയുണ്ടായിരുന്ന ഡോഷ് കോയിന്റെ ഇപ്പോഴത്തെ വില 5.88 രൂപയാണ്. ടെറ ലൂണയുടെ വില കഴിഞ്ഞ 24 മണിക്കൂറിനിടെ 99 ശതമാനം ഇിഞ്ഞ് 0.5 ഡോളറിലേക്ക് കൂപ്പുകുത്തി. പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്താന്‍ വിവിധ രാജ്യങ്ങള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെയാണ് ക്രിപ്‌റ്റോകറന്‍സികളുടെ വില ഇടിയാന്‍ തുടങ്ങിയത്. ടെറ ലൂണയുടെ വില ഇടിഞ്ഞത് സ്റ്റേബില്‍ കോയിനുകളെ (
stablecoin
) ഉള്‍പ്പടെ ബാധിച്ചു.
കോയിന്‍ ബേസില്‍ സംഭവിക്കുന്നത്
കോയിന്‍ബേസിനെ (Coinbase) ചൂണ്ടിക്കാട്ടിയാണ് സെരോദ സ്ഥാപകന്‍ നിതിന്‍ കാമത്ത് ഇന്ത്യയിലെ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യുഎസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതു മുതല്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കോയിന്‍ബേസിന്റെ ഓഹരികള്‍ തുടര്‍ച്ചയായി ഇടിയുകയാണ്. 342 ഡോളറിന് ലിസ്റ്റ് ചെയ്ത ഓഹരികളുടെ ഇപ്പോഴത്തെ വില വെറും 53.72 ഡോളറാണ്.
ഈ വര്‍ഷം ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 27 ശതമാനം ഇടിവാണ് കോയിന്‍ബേസിന്റെ വരുമാനത്തില്‍ ഉണ്ടായത്. 430 മില്യണ്‍ ഡോളറാണ് ആദ്യപാദത്തിലെ കമ്പനിയുടെ അറ്റനഷ്ടം. കോയിന്‍ബേസ് കടക്കെണിയില്‍ ആയാല്‍ അത് ഉപഭോക്താക്കളുടെ നിക്ഷേപങ്ങളെയും ബാധിക്കുമെന്നാണ് നിതിന്‍ കാമത്ത് ചൂണ്ടിക്കാണിക്കുന്നത്.
ഓഹരി വിപണികളില്‍ നിന്ന് വ്യത്യസ്തമായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലെ ഈ അപകട സാധ്യത നിക്ഷേപകര്‍ മനസിലാക്കിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it