സി.എസ്.ബി ബാങ്കിന് ₹132 കോടി ലാഭം; ഓഹരിയില്‍ നഷ്ടം, സ്വര്‍ണ വായ്പ ₹10,000 കോടിയായി

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് (CSB Bank) നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 132.23 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ (2022-23) സമാനപാദത്തിലെ 114.52 കോടി രൂപയേക്കാള്‍ 15.46 ശതമാനം അധികമാണിത്.

അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 156.34 കോടി രൂപയേക്കാള്‍ 15.42 ശതമാനം കുറവുമാണിത്. ഇന്നലെ ഓഹരി വിപണിയില്‍ അവസാന സെഷന്‍ പുരോഗമിക്കവേയായിരുന്നു ജൂണ്‍പാദ ഫല പ്രഖ്യാപനം. ഓഹരി വില ഇന്നലെ 1.92 ശതമാനം താഴ്ന്ന് 283.75 രൂപയിലെത്തിയെങ്കിലും ഇന്ന് രാവിലെ 0.31 ശതമാനം കരകയറി 290.20 രൂപയായിരുന്നു. എന്നാല്‍ നിഫ്റ്റിയില്‍ ഉച്ചയ്ക്കത്തെ സെഷനില്‍ വ്യാപാരം നടക്കുന്നത് 0.83 ശതമാനം താഴ്ന്ന് 286.90 രൂപയിലാണ്.
പ്രവര്‍ത്തനലാഭം (Operating Profit) വാര്‍ഷികാടിസ്ഥാനത്തില്‍ 154.72 കോടി രൂപയില്‍ നിന്ന് 17 ശതമാനം വര്‍ദ്ധിച്ച് 181.43 കോടി രൂപയായി. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ ഇത് 201.88 കോടി രൂപയായിരുന്നു.
മൊത്ത വരുമാനം (Total Income) വാര്‍ഷികാടിസ്ഥാനത്തില്‍ 590.78 കോടി രൂപയില്‍ നിന്ന് 36.27 ശതമാനം വര്‍ദ്ധിച്ച് 805.04 കോടി രൂപയിലെത്തി. മാര്‍ച്ച് പാദത്തിലെ 768.78 കോടി രൂപയേക്കാള്‍ 4.71 ശതമാനവും അധികമാണിത്.
അറ്റ പലിശ വരുമാനം (NII) 2022-23 ജൂണ്‍പാദത്തിലെ 310.69 കോടി രൂപയില്‍ നിന്ന് 17 ശതമാനം ഉയര്‍ന്ന് 364.01 കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 348.45 കോടി രൂപയേക്കാള്‍ 4 ശതമാനവും വര്‍ദ്ധനയുണ്ട്. അറ്റ പലിശ മാര്‍ജിന്‍ (NIM) വാര്‍ഷികാടിസ്ഥാനത്തില്‍ 5.17 ശതമാനത്തില്‍ നിന്ന് 5.40 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. പാദാടിസ്ഥാനത്തില്‍ വര്‍ദ്ധന 5.38 ശതമാനത്തില്‍ നിന്നാണ്.
വായ്പകളും നിക്ഷേപങ്ങളും
ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ കഴിഞ്ഞ പാദത്തില്‍ 21 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 24,475 കോടി രൂപയായി. വായ്പകള്‍ 29 ശതമാനം വര്‍ദ്ധിച്ച് 21,945 കോടി രൂപയിലുമെത്തി. ഇതോടെ മൊത്തം ബിസിനസ് 24 ശതമാനം മുന്നേറി 46,420 കോടി രൂപയായി. ബാങ്ക് മികച്ച ശ്രദ്ധ നല്‍കുന്ന സ്വര്‍ണ വായ്പകള്‍ 7,107 കോടി രൂപയില്‍ നിന്ന് 42 ശതമാനം ഉയര്‍ന്ന് 10,072 കോടി രൂപയായിട്ടുണ്ട്.
കോര്‍പ്പറേറ്റ് വായ്പകളില്‍ 16 ശതമാനം, റീട്ടെയില്‍ വായ്പകളില്‍ 41 ശതമാനം, ചെറുകിട സംരംഭ വായ്പകളില്‍ 6 ശതമാനം എന്നിങ്ങനെയും വളര്‍ച്ചയുണ്ട്.
കിട്ടാക്കടം സമ്മിശ്രം
മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) വാര്‍ഷികാടിസ്ഥാനത്തില്‍ 2022-23 ജൂണ്‍പാദത്തിലെ 1.79 ശതമാനത്തില്‍ നിന്ന് ഇക്കുറി ജൂണ്‍പാദത്തില്‍ 1.27 ശതമാനമായി കുറഞ്ഞു. എന്നാല്‍, പാദാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 1.26 ശതമാനത്തില്‍ നിന്ന് നേരിയതോതില്‍ വര്‍ദ്ധിച്ചു.
അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) വാര്‍ഷികാടിസ്ഥാനത്തില്‍ 0.60 ശതമാനത്തില്‍ നിന്ന് 0.32 ശതമാനമായി കുത്തനെ കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. പാദാടിസ്ഥാനത്തില്‍ കുറഞ്ഞത് 0.35 ശതമാനത്തില്‍ നിന്നാണ്.
Related Articles
Next Story
Videos
Share it