എഫ്.ഐ.ഐ നിക്ഷേപം 27 മാസത്തെ ഉയര്‍ന്ന നിലയില്‍; ഓഹരി സൂചികകളിലും നേട്ടം

2023 മേയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (Foreign institutional investors /FIIs) ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴിക്കിയത് 27,856 കോടി രൂപ. കഴിഞ്ഞ 27 മാസത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ എഫ്.ഐ.ഐകള്‍ ഓഹരി വിപണിയില്‍ വാങ്ങലുകാരായി തുടരുകയാണ്. അതിനു മുന്‍പുള്ള മാസങ്ങളില്‍ തുടര്‍ച്ചയായി വില്‍പ്പനക്കാരായിരുന്നു. 2021 ഫെബ്രുവരിയില്‍ നടത്തിയ 42,044 കോടി രൂപയാണ് ഇതിനുമുന്‍പുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപം. കഴിഞ്ഞ മാസം ശരാശരി 1,266 കോടി രൂപയുടെ പ്രതിദിന നിക്ഷേപമാണ് എഫ്.ഐ.ഐകള്‍ നടത്തിയത്.

മേയ് മാസത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ(Foreign portfolio investor/FPI) നിക്ഷേപവും ഒമ്പതു മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. 43,838 കോടി രൂപയാണ് മേയിലെ എഫ്.പി.ഐ നിക്ഷേപം. 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. എഫ്.ഐ.ഐകള്‍, ക്വാളിഫൈഡ് ഫോറിന്‍ ഇന്‍വെസ്‌റ്റേഴ്‌സ്( ക്യു.എഫ്.ഐ), മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് എഫ്.പി.ഐ വിഭാഗം.

സൂചികകളിലും നേട്ടം

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പണമൊഴുക്കു തുടര്‍ന്നത്, ബെഞ്ച് മാര്‍ക്ക് സൂചികകളെ ഈ വര്‍ഷത്തെ ആദ്യസമയങ്ങളിലെ ചാഞ്ചാട്ടത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. നിഫ്റ്റി 1.9 ശതമാനവും സെന്‍സെക്‌സ് 1.8 ശതമാനവും നേട്ടത്തോടെയാണ് മേയില്‍ ക്ലോസ് ചെയ്തത്. 2023 ല്‍ ഇതുവരെയുണ്ടാക്കിയ നഷ്ടം തുടച്ചുനീക്കാനും ഇത് സഹായിച്ചു. നിഫ്റ്റി 1.6 ശതമാനവും സെന്‍സെക്‌സ് 2.1 ശതമാനവും വളര്‍ച്ചയാണ് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തത്.

Related Articles
Next Story
Videos
Share it