ഡച്ച് ബിയര്‍ കമ്പനി ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്; സമാഹരണ ലക്ഷ്യം ₹6,600 കോടി, വിശദാംശം അറിയാം

മാതൃകമ്പനിയുടെ പക്കലുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ രീതിയിലായിരിക്കും ഐപിഒയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
liquor bottles and glasses
Published on

ആഗോള ബിയര്‍ ബ്രാന്‍ഡായ കാള്‍സ്‌ബെര്‍ഗിന്റെ ഇന്ത്യന്‍ വിഭാഗം പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ). ഇതിനായി കോണ്‍ഫിഡന്‍ഷ്യല്‍ രീതിയില്‍ ഐപിഒ രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒ വഴി 6,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള കാള്‍സ്ബര്‍ഗ് ഇന്ത്യയില്‍ 22 ശതമാനം വിപണി വിഹിതമുള്ള ബിയര്‍ കമ്പനിയാണ്.

ഈ വര്‍ഷം അവസാനത്തോടെ ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മാതൃകമ്പനിയുടെ പക്കലുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ രീതിയിലായിരിക്കും ഐപിഒയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മത്സരം വമ്പന്മാരുമായി

കൊട്ടക് മഹിന്ദ്ര കാപ്പിറ്റല്‍, ജെപി മോര്‍ഗന്‍ ചേസ്, സിറ്റിഗ്രൂപ്പ് എന്നീ കമ്പനികളെയാണ് ഐപിഒയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ കാള്‍സ്ബര്‍ഗ് തങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ മൂല്യം വര്‍ധിപ്പിക്കുന്നതിനായി ലിസ്റ്റിംഗ് സാധ്യതകള്‍ തേടിയിരുന്നു.

ഇന്ത്യയില്‍ ഐപിഒ വിപണി വന്‍ മുന്നേറ്റം നടത്തുന്ന സമയത്താണ് കാള്‍സ്ബര്‍ഗിന്റെയും വരവ്. ജിയോ പ്ലാറ്റ്ഫോംസ്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുടങ്ങിയ വന്‍കിട കമ്പനികളടക്കം ഐപിഒയ്ക്ക് ഒരുങ്ങുകയാണ്.

ജൂണില്‍ മാത്രം 12 കമ്പനികള്‍ ചേര്‍ന്ന് 88,500 കോടി രൂപ ലക്ഷ്യമിട്ട് അപേക്ഷ നല്‍കിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 32 കമ്പനികള്‍ ചേര്‍ന്ന് സമര്‍പ്പിച്ച 70,000 കോടി രൂപയുടെ സമാഹരണ ലക്ഷ്യമാണ് ഈ ജൂണില്‍ മറികടന്നത്.

കാള്‍സ്ബര്‍ഗ് 2007ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തുടനീളമായി 14 ബ്രൂവറികള്‍ കമ്പനിക്കുണ്ട്. ഇതില്‍ എട്ടെണ്ണം കമ്പനിയുടെ സ്വന്തം പ്ലാന്റുകളും ആറെണ്ണം കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com