

ഓഹരി വിപണിയിൽ നിന്നും ഒരു നിക്ഷേപകന് നേട്ടം കരസ്ഥമാക്കാൻ വേണ്ട അടിസ്ഥാന സ്വഭാവസവിശേഷതകളിലൊന്നാണ് ക്ഷമ. ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന പ്രകടനമാണ് പ്രതിരോധ മേഖലയിൽ നിന്നുള്ള സ്മോൾ ക്യാപ് ഓഹരിയായ നൈബ് ലിമിറ്റഡ് (BSE: 535136, NSE: NIBE) പുറത്തെടുത്തിട്ടുള്ളത്. പത്ത് വർഷത്തോളം ഈ ഓഹരി ക്ഷമാപൂർവം കൈവശം വെച്ചിട്ടുള്ള നിക്ഷേപകരൊക്കെ ഇപ്പോൾ കോടീശ്വരന്മാരായി മാറിക്കഴിഞ്ഞിട്ടുണ്ട്.
2016 കാലയളവിൽ കേവലം 8 രൂപ നിലവാരത്തിൽ വ്യാപരം ചെയ്യപ്പെട്ടിരുന്ന നൈബ് ഓഹരിയുടെ വില ഇന്ന് 1,435 രൂപയിലേക്ക് കുതിച്ചുയർന്നു. ഏകദേശം 17,800 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകർക്ക് സമ്മാനിച്ചത്. അതായത് പത്ത് വർഷം മുമ്പ് നൈബ് ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ഇന്നത്തെ സമ്പാദ്യം 1.8 കോടി രൂപയാണെന്ന് സാരം. കമ്പനിയുടെ 37.5 ശതമാനം ഓഹരി വിഹിതവും റീട്ടെയിൽ നിക്ഷേപകരുടെ പക്കലാണുള്ളത്. 25 ശതമാനം ഓഹരി വിഹിതവും രണ്ട് ലക്ഷത്തിൽ താഴെ നിക്ഷേപമുള്ള സാധാരണക്കാരുടെ കൈവശമാണെന്നതും ശ്രദ്ധേയം.
അതേസമയം കേന്ദ്ര സർക്കാരിന്റെ പ്രതിരോധ മേഖലയിലെ അനുകൂല നയങ്ങളും ഡി.ആർ.ഡി.ഒ.യിൽ നിന്നുള്ള സാങ്കേതികവിദ്യാ കൈമാറ്റവും ഒക്കെയാണ് കമ്പനിയുടെ ഈ അസാധാരണ വളർച്ചയ്ക്ക് പിന്നിൽ. പ്രമുഖ സ്വകാര്യ കമ്പനികളുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തവും നൈബ് കമ്പനിയുടെ വിപണി സാന്നിധ്യം ശക്തമാക്കാൻ സഹായിച്ചു. എന്നിരുന്നാലും ഒരു സാധാരണ പെന്നി സ്റ്റോക്ക് ഇത്തരത്തിൽ വളരുമ്പോൾ അതിനൊപ്പം ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ കൂടി നിക്ഷേപകർ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. അത് എന്തൊക്കെയെന്ന് വിശദമായി നോക്കാം.
തദ്ദേശീയമായി ആയുധ നിർമാണം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് നയം, പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ-യിൽ നിന്നുള്ള തന്ത്രപ്രധാനമായ സാങ്കേതികവിദ്യകളുടെ കൈമാറ്റം, പ്രമുഖ പ്രതിരോധ പദ്ധതികളിൽ നിന്നുള്ള വലിയ ഓർഡറുകൾ, ലാർസൻ ആൻഡ് ടൂബ്രോ (എൽ&ടി) പോലുള്ള വമ്പൻ സ്വകാര്യ കമ്പനികളുമായുള്ള സഹകരണവും ഒക്കെയാണ് നൈബ് കമ്പനിയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായത്.
ബ്രഹ്മോസ് മിസൈലുകൾ, എം.ആർ.എസ്.എ.എം സിസ്റ്റങ്ങൾ എന്നിവയ്ക്കുള്ള ലോഞ്ചർ ഘടനകൾ നിർമ്മിക്കുന്നത് നൈബ് കമ്പനിയാണ്. എൽ&ടിയുമായി സഹകരിച്ച് കെ-9 വജ്ര ഹോവിറ്റ്‌സർ തോക്കുകളുടെ നിർമ്മാണത്തിലും പങ്കാളിയാണ്. പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം നിർമ്മിക്കുന്നതിനായി 2024 നവംബറിലും 2025 മെയ് മാസത്തിലും ഡി.ആർ.ഡി.ഒ സാങ്കേതികവിദ്യ കൈമാറിയിരുന്നു.
ദക്ഷിണ കൊറിയൻ കമ്പനിയായ എച്ച്.ബി.ഇയുമായി ചേർന്ന് 800 കോടിയുടെ ഫോർജിംഗ് സംരംഭത്തിനുള്ള സംയുക്ത പങ്കാളിത്തം, സിഗ് സൗവർ (Sig Sauer) തോക്ക് നിർമ്മാണത്തിനുള്ള കരാർ, ഇസ്രായേലിന്റെ എൽബിറ്റ് കമ്പനിയുമായുള്ള സാങ്കേതിക സഹകരണം എന്നിവയും നൈബിന്റെ നേട്ടങ്ങളാണ്. കൂടാതെ കമ്പനിയുടെ ഷിർദ്ദിയിലെ പ്ലാന്റിന്, മഹാരാഷ്ട്ര സർക്കാർ മെഗാ പ്രൊജക്റ്റ് എന്ന പദവി നൽകിയതോടെ സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമായിട്ടുണ്ട്.
അതുപോലെ 2026 ജനുവരിയിൽ ഇന്ത്യൻ ആർമിയിൽ നിന്നും 293 കോടി രൂപയുടെ 'സൂര്യാസ്ത്ര' ലോംഗ് റേഞ്ച് റോക്കറ്റ് ലോഞ്ചർ കരാർ കമ്പനിക്ക് ലഭിച്ചു. 2025 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ ആകെ വരുമാനത്തിന്റെ (507 കോടി) 60 ശതമാനത്തോളം വരുമിത്.
കമ്പനിയുടെ വരുമാനത്തിൽ വലിയ കുതിപ്പ് കാണിക്കുമ്പോഴും, 2025-26 സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ നൈബിന്റെ സാമ്പത്തിക പ്രകടനം കടുത്ത വെല്ലുവിളി നേരിട്ടു. 2026 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ 2025) കമ്പനി 17.06 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിൽ കമ്പനി 2.07 കോടി ലാഭത്തിലായിരുന്നു. എന്നാൽ നാലാം പാദത്തിൽ (ജനുവരി-മാർച്ച് 2026) ശക്തമായ തിരിച്ചുക്കയറ്റം നടത്തി. വരുമാനം 260 കോടിയായും അറ്റലാഭം 28 കോടിയായും ഉയർത്തി.
എങ്കിലും ആദ്യ പകുതിയിലുണ്ടായ കനത്ത നഷ്ടം കമ്പനിയുടെ വാർഷിക കണക്കുകളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ നൈബ് ഓഹരിയുടെ കഴിഞ്ഞ മൂന്ന് വർഷത്തെ റിട്ടേൺ ഓൺ ഇക്വിറ്റി (RoE - ലാഭക്ഷമത മനസ്സിലാക്കാനുള്ള ഘടകം) കേവലം 8.12 ശതമാനം മാത്രമാണ്.
അതുപോലെ കമ്പനിയുടെ കടബാധ്യത വർധിച്ചുവരുന്നു. മൊത്തം കടം നിലവിൽ 73 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
നിലവിൽ കടം-ഓഹരി അനുപാതം (DE Ratio) 0.32 എന്ന സുരക്ഷിതമായ നിലയിലാണെങ്കിലും പുതിയ മൂന്ന് ഫാക്ടറികൾക്കായി നടത്തുന്ന വലിയ മൂലധന നിക്ഷേപം കമ്പനിയുടെ ഹ്രസ്വകാല പണമൊഴുക്കിനെ (Cash flow) ബാധിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ ഡെബ്‌റ്റർ ഡേയ്സ് 178 ആണ്. അതായത്, വിറ്റ സാധനങ്ങളുടെ പണം കമ്പനിയുടെ കൈകളിൽ തിരിച്ചെത്താൻ ഏകദേശം 178 ദിവസങ്ങൾ എടുക്കുന്നു.
കൂടാതെ കരാർ നടപ്പാക്കുന്നതിലെ വെല്ലുവിളികളും (Execution Risks) നൈബ് ഓഹരിയിൽ പരിഗണിക്കേണ്ടതുണ്ട്. കമ്പനിക്ക് ലഭിച്ച വൻകിട പ്രതിരോധ കരാറുകൾ നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കുമോ എന്നത് ഓഹരിയുടെ മുന്നേറ്റത്തിൽ നിർണ്ണായകമാണ്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine