1.2 ശതമാനം നേട്ടത്തോടെ വിപണിയില്‍ അരങ്ങേറ്റം കുറിച്ച് ഡെല്‍ഹിവെറി

രാജ്യത്തെ പ്രമുഖ സപ്ലൈ ചെയ്ന്‍ കമ്പനിയായ ഡെല്‍ഹിവെറി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. ബിഎസ്ഇയില്‍ ഒരു ഷെയറിന് 493 രൂപ നിരക്കിലാണ് ഡെല്‍ഹിവെറിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. പ്രൈസ് ബാന്‍ഡായ 487 രൂപയേക്കാള്‍ 1.23 ശതമാനം നേട്ടത്തോടെ. എന്‍എസ്ഇയില്‍ 1.68 ശതമാനം അഥവാ 8.20 രൂപ പ്രീമിയത്തോടെ 495.20 രൂപയ്ക്കാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. പിന്നീട് 14 ശതമാനത്തിലധികം ഉയര്‍ന്ന് ഒരുഘട്ടത്തില്‍ 565 രൂപ തൊട്ട ഡെല്‍ഹിവെറി (Delhivery) 535.90 (24-05-2022, 2.20) രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

മെയ് 13ന് അവസാനിച്ച ഡെല്‍ഹിവെറിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 1.63 തവണയാണ് സബ്സ്‌ക്രൈബ് ചെയ്തത്. എന്‍എസ്ഇ ഐപിഒ ഡാറ്റ പ്രകാരം, വില്‍പ്പനയ്ക്കുവെച്ച 6,25,41,023 ഓഹരികള്‍ക്കെതിരേ 10,17,04,080 അപേക്ഷകളാണ് ലഭിച്ചത്. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരുടെ വിഭാഗത്തില്‍ 2.66 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ നേടി. അതേസമയം റീട്ടെയില്‍ വ്യക്തിഗത നിക്ഷേപകര്‍ക്ക് 57 ശതമാനവും സ്ഥാപനേതര നിക്ഷേപകര്‍ക്ക് 30 ശതമാനവുമാണ് സബ്സ്‌ക്രൈബ് ചെയ്തതത്.
ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് ഡല്‍ഹിവെറി 2,347 കോടി രൂപ സമാഹരിച്ചിരുന്നു. മൊത്തം 4,81,87,860 ഇക്വിറ്റി ഓഹരികള്‍ ആങ്കര്‍ നിക്ഷേപകര്‍ക്ക് 487 രൂപ വീതം അനുവദിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. 462487 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച ഡെല്‍ഹിവെറിയുടെ ഐപിഒ മെയ് 11-13 വരെയാണ് നടന്നത്.
ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി നവംബറില്‍ അതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്‍പ്പിച്ചിരുന്നു. ജനുവരിയില്‍ ഐപിഒയ്ക്ക് സെബിയുടെ അനുമതിയും ലഭിച്ചു. എന്നാല്‍ വിപണി ശക്തമായ ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയതോടെ ഐപിഒ വൈകുകയായിരുന്നു. ഡെല്‍ഹിവെറി വിപണിയിലേക്ക് എത്തുന്നത് നിക്ഷേപകര്‍ക്ക് വലിയ അവസരമായിരിക്കുമെന്ന് ബ്രോക്കറേജ് മോത്തിലാല്‍ ഓസ്വാള്‍ വ്യക്തമാക്കിയിരുന്നു. 2020 നും 2026 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ 9 ശതമാനം വാര്‍ഷിക നിരക്കില്‍ 365 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആഭ്യന്തര ലോജിസ്റ്റിക്സ് മേഖല മികച്ച അവസരമായിരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചന നല്‍കിയത്.


Related Articles
Next Story
Videos
Share it