അദാനിക്കെതിരെ ഇന്ത്യന്‍ പത്രവും; തെളിവുകള്‍ക്ക് മൂര്‍ച്ച കുറവോ? ഓഹരികള്‍ മിക്കതും നേട്ടത്തില്‍

അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന പുതിയ ആരോപണങ്ങളില്‍ കുലുങ്ങാതെ ഗ്രൂപ്പിന് കീഴിലെ ഒട്ടുമിക്ക കമ്പനികളുടെയും ഓഹരികള്‍. ആഗോള അന്വേഷണാത്മക മാദ്ധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ (ഒ.സി.സി.ആര്‍.പി/OCCRP) ആരോപണങ്ങള്‍ പുറത്തുവന്ന വ്യാഴാഴ്ച എ.സി.സി ഒഴികെയുള്ള അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇടിഞ്ഞിരുന്നു. എന്നാല്‍, ഇന്നലെ മിക്ക കമ്പനികളുടെയും ഓഹരിവില നേട്ടത്തിലേറി.

Also Read : നാസര്‍ അലിയും ചുങ്-ലിങ്ങും അദാനി ഗ്രൂപ്പില്‍ രഹസ്യ നിക്ഷേപം നടത്തിയത് എന്തിന്?

നേട്ടം കൈവിട്ട കമ്പനികളുടെ നഷ്ടം താരതമ്യേന കുറവുമാണ്. മാത്രമല്ല, അദാനി ഗ്രൂപ്പ് ഓഹരികളുടെ സംയുക്ത വിപണിമൂല്യം (market-cap) 13,500 കോടി രൂപ വര്‍ദ്ധിക്കുകയും ചെയ്തു. 10.49 ലക്ഷം കോടി രൂപയില്‍ നിന്ന് 10.62 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധന.

ആരോപണം കടുപ്പം

വിദേശത്ത് കടലാസ് കമ്പനികള്‍ സ്ഥാപിക്കുകയും അവ വഴി സ്വന്തം ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത് ഓഹരിവില കൃത്രിമമായി പെരുപ്പിച്ചുവെന്നുമാണ് കഴിഞ്ഞ ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് ആരോപിച്ചത്. ഇങ്ങനെ പെരുപ്പിച്ച വിലയുള്ള ഓഹരികള്‍ ഈടുവച്ച് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് അദാനി ഗ്രൂപ്പ് സാമ്രാജ്യം വലുതാക്കിയതെന്നും ആരോപണമുണ്ടായി. ഇതിന് കേന്ദ്രസര്‍ക്കാരും നിയന്ത്രണ ഏജന്‍സികളും കൂട്ടുനിന്നുവെന്നാണ് പ്രതിപക്ഷവും ആരോപിക്കുന്നത്.

ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവിന് വഴിയൊരുക്കിയിരുന്നു. ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ കണ്ടെത്തലുകള്‍ക്ക് ആക്കംകൂട്ടുന്ന കൂടുതല്‍ തെളിവുകളാണ് കഴിഞ്ഞദിവസം ഒ.സി.സി.ആര്‍.പി പുറത്തുവിട്ടത്. ഹിന്‍ഡെന്‍ബെര്‍ഗും ഒ.സി.സി.ആര്‍.പിയും ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്നവിധം അധിക തെളിവുകള്‍ അദാനിക്കെതിരെ കഴിഞ്ഞദിവസം ദേശീയ മാദ്ധ്യമായ 'ഇന്ത്യന്‍ എക്‌സ്പ്രസും' പുറത്തുവിട്ടു.

അദാനി കുടുംബവുമായി അടുപ്പമുള്ളവരും അദാനി ഗ്രൂപ്പ് കമ്പനികളിലെ മുന്‍ ഡയറക്ടര്‍മാരുമായ യു.എ.ഇ സ്വദേശി നാസര്‍ അലി ഷെബാന്‍ ആഹ്‌ലി, തായ്‌വാന്‍ സ്വദേശി ചാങ് ചുങ്-ലിങ് എന്നിവരുമായി ബന്ധപ്പെട്ടാണ് ഒ.സി.സി.ആര്‍.പിയുടെ ആരോപണങ്ങള്‍.

ഇരുവരും യു.എ.ഇ., മൗറീഷ്യസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ് എന്നീ നികുതിബാദ്ധ്യതയില്ലാ (tax havens) രാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിക്കുകയും അവവഴി അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുകയും ചെയ്തു.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നിക്ഷേപങ്ങളെന്നാണ് ആരോപണം. ഇത്തരം നിക്ഷേപം അദാനി ഗ്രൂപ്പ് പ്രമോട്ടര്‍മാരുടെ തന്നെയായി കണക്കാക്കേണ്ടി വരുമെന്നും ഇത് പ്രമോട്ടര്‍മാര്‍ 75 ശതമാനത്തിലധികം ഓഹരികള്‍ കൈവശം വയ്ക്കരുതെന്ന സെബിയുടെ (SEBI) ചട്ടത്തിന്റെ ലംഘനമാണെന്നും ഒ.സി.സി.ആര്‍.പി ആരോപിക്കുന്നു.

മാത്രമല്ല, ഓഹരി വില കൃത്രിമമായി പെരുപ്പിക്കാനാണ് ഈ നിക്ഷേപതന്ത്രം അദാനി പയറ്റിയതെന്നും ഒ.സി.സി.ആര്‍.പിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഓഹരികളുടെ നേട്ടം
അദാനി പവര്‍ ഓഹരി വില ഇന്നലെ (വെള്ളിയാഴ്ച) ബി.എസ്.ഇയില്‍ 2.77 ശതമാനം വര്‍ദ്ധിച്ച് 329.95 രൂപയായി. അദാനി ഗ്രീന്‍ എനര്‍ജി 1.29 ശതമാനം ഉയര്‍ന്ന് 949.55 രൂപയിലെത്തി.
അദാനി ട്രാന്‍സ്മിഷന്‍ 1.62 ശതമാനം വര്‍ദ്ധിച്ച് 825.30 രൂപയിലും അദാനി എന്റര്‍പ്രൈസസ് 1.29 ശതമാനം ഉയര്‍ന്ന് 2,450.10 രൂപയിലുമാണുള്ളത്. അംബുജ സിമന്റ് 1.21 ശതമാനം നേട്ടവുമായി 433.70 രൂപയിലും അദാനി പോര്‍ട്‌സ് 1.03 ശതമാനം നേട്ടത്തോടെ 799.55 രൂപയിലുമെത്തി. എന്‍.ഡി.ടിവി ഓഹരികള്‍ 215.55 രൂപയിലാണുള്ളത്; ഇന്നലത്തെ നേട്ടം 0.56 ശതമാനം.
അദാനി വില്‍മര്‍ 1.97 ശതമാനം താഴേക്കിറങ്ങി 352.40 രൂപയിലാണുള്ളത്. അദാനി ടോട്ടല്‍ ഗ്യാസ് 0.29 ശതമാനം നഷ്ടവുമായി 633.75 രൂപയിലും എ.സി.സി 0.01 ശതമാനം താഴ്ന്ന് 2,009.25 രൂപയിലും വ്യാപാരം അവസാനിപ്പിച്ചു. വ്യാഴാഴ്ച അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ ശരാശരി 5 ശതമാനം നഷ്ടം നേരിട്ടിരുന്നു.
ഹിന്‍ഡെന്‍ബെര്‍ഗ് പുറത്തുവിട്ട ആരോപണങ്ങള്‍ തന്നെയാണ് ഒ.സി.സി.ആര്‍.പിയുടേതെന്നും അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി നേരത്തേ തള്ളിക്കളഞ്ഞതാണിവയെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഹരി വിലകള്‍ ഇന്നലെ നേട്ടത്തിലേറിയത്.
പുതിയ തെളിവുകള്‍
നാസര്‍ അലി 2011ല്‍ വിര്‍ജിന്‍ ഐലൻഡ്‌സ് കേന്ദ്രീകരിച്ച് ഗള്‍ഫ് ഏഷ്യ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിച്ചിരുന്നു. ഈ കമ്പനിയുടെ ഓഹരികള്‍ നാസര്‍ അലി പിന്നീട് രാകേഷ് ശാന്തിലാല്‍ ഷാ എന്നൊരാള്‍ക്ക് വിറ്റു.
വിനോദ് അദാനിയും ഭാര്യ രഞ്ജന്‍ബെന്നും ചേര്‍ന്ന് 1994ല്‍ ബഹാമാസില്‍ രൂപീകരിച്ച ജി.എ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഡയറക്ടറായി 1996ല്‍ രാകേഷ് ചുമതലയേറ്റിരുന്നു. അദാനി ഗ്രൂപ്പിന്റെ യു.എ.ഇ ജബല്‍ അലിയിലെ അദാനി ഗ്ലോബല്‍ കമ്പനിയുടെ ഡയറക്ടറായും രാകേഷ് പ്രവര്‍ത്തിച്ചു.
അതായത്, വിദേശത്ത് രൂപീകരിക്കപ്പെട്ട കമ്പനികള്‍ക്കും അവയുടെ സ്ഥാപകര്‍ക്കും അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമാണുള്ളതെന്ന തെളിവുകളാണ് ഇതുവഴി ഇന്ത്യന്‍ എക്‌സ്പ്രസും മുന്നോട്ട് വയ്ക്കുന്നത്. ട്രൈഡന്റ് ട്രസ്റ്റ് പോലുള്ള കോര്‍പ്പറേറ്റ് സേവന ദാതാക്കളില്‍ നിന്നുള്ള വിവരങ്ങള്‍ ആസ്പദമാക്കിയാണ് ഈ റിപ്പോര്‍ട്ട്.
Related Articles
Next Story
Videos
Share it