

ജനുവരിയിൽ ഓഹരി വിപണിയിലെ വലിയ ചാഞ്ചാട്ടങ്ങൾക്കിടയിലും എസ്‌ഐപികളിൽ (SIP) ഉറച്ചുനിന്ന് മ്യൂച്വൽ ഫണ്ട് നിക്ഷേപകർ. പ്രതിമാസ എസ്‌ഐപി നിക്ഷേപം 31,002 കോടി രൂപയിൽ മാറ്റമില്ലാതെ തുടർന്നു. ജനുവരിയിൽ ആകെ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 10.29 കോടിയായി ഉയർന്നതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) കണക്കുകൾ വ്യക്തമാക്കുന്നു ഏകദേശം 74 ലക്ഷം പുതിയ എസ്‌ഐപി അക്കൗണ്ടുകൾ ആരംഭിച്ചപ്പോൾ 55 ലക്ഷത്തോളം അക്കൗണ്ടുകൾ കാലാവധി പൂർത്തിയാക്കുകയോ നിർത്തലാക്കുകയോ ചെയ്തു. ടയർ 2,3 നഗരങ്ങളിലാണ് കൂടുതലായും എസ്ഐപി അക്കൗണ്ടുകൾ ആരംഭിക്കുന്നത്.
എസ്‌ഐപി നിക്ഷേപം സ്ഥിരത പുലർത്തിയെങ്കിലും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ആകെ നിക്ഷേപത്തിൽ (Inflow) ഡിസംബറിനെ അപേക്ഷിച്ച് 14 ശതമാനം കുറവ് രേഖപ്പെടുത്തി. ഡിസംബറിലെ 28,054 കോടി രൂപയിൽ നിന്ന് ജനുവരിയിൽ ഇത് 24,029 കോടി രൂപയായി താഴ്ന്നു. ട്രംപ് ഭരണകൂടത്തിന്റെ നടപടികളും പുതിയ വ്യാപാര നികുതികളും (Tariffs) ആഗോള വിപണിയിൽ സൃഷ്ടിച്ച അനിശ്ചിതത്വമാണ് ഇതിന് കാരണമായത്.
ഫ്ലെക്സി-ക്യാപ്പ് ഫണ്ടുകളിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം എത്തിയത്, 7,672 കോടി രൂപ. മിഡ്-ക്യാപ്പ്, സ്മോൾ-ക്യാപ്പ് ഫണ്ടുകളില്‍ 3,185 കോടി രൂപയും 2,942 കോടി രൂപയുമാണ് നിക്ഷേപം. ലാർജ് ക്യാപ് ഫണ്ടുകളിൽ 2,005 കോടി രൂപയും സെക്ടറൽ, തീമാറ്റിക് ഫണ്ടുകളില്‍ 1,043 കോടി രൂപയും നിക്ഷേപമെത്തി.
മറ്റ് നിക്ഷേപ മേഖലകളിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. ഗോൾഡ് ഇടിഎഫുകളിലെ (Gold ETFs) നിക്ഷേപം ഇരട്ടിയിലധികമായി വർദ്ധിച്ച് 24,040 കോടി രൂപയിലെത്തി. കടപ്പത്ര ഫണ്ടുകളാകട്ടെ (Debt Funds) 74,827 കോടി രൂപയുടെ വലിയ നിക്ഷേപത്തോടെ ശക്തമായ തിരിച്ചുവരവ് നടത്തി. വിപണിയിലെ തിരുത്തലുകൾ കാരണം എസ്‌ഐപി വഴിയുള്ള ആകെ ആസ്തി (AUM) 16.36 ലക്ഷം കോടി രൂപയായി നേരിയ തോതിൽ കുറഞ്ഞു.
Despite market volatility, SIPs remain steady while equity fund inflows drop and debt funds surge.
Read DhanamOnline in English
Subscribe to Dhanam Magazine