

ഒല ഇലക്ട്രിക് (Ola Electric) ഓഹരികൾ കൈവശമുള്ളവരുടെ പോർട്ട്ഫോളിയോയിൽ പെട്ടെന്ന് 'OLAELEC-RE' എന്ന പുതിയ എൻട്രി കണ്ട സമയത്ത്, ഓഹരികളുടെ എണ്ണം പെട്ടെന്ന് കൂടിയതാണോ എന്ന സംശയം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും.
എന്നാല്‍,ഇത് കമ്പനി പ്രഖ്യാപിച്ച ഒരു പ്രത്യേക റൈറ്റ്സ് ഇഷ്യുവിന്റെ ഭാഗമായി അക്കൗണ്ടിലേക്ക് എത്തിയ 'റൈറ്റ്സ് എന്റൈറ്റിൽമെന്റ്' (RE) ആണെന്ന് മനസ്സിലാക്കുക.
കമ്പനികൾ കൂടുതൽ മൂലധനം സമാഹരിക്കുന്നതിനായി, നിലവിലുള്ള ഓഹരി ഉടമകൾക്ക് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ പുതിയ ഓഹരികൾ വാങ്ങാൻ അവസരം നൽകുന്ന പദ്ധതിയാണിത്.
കമ്പനി നിശ്ചയിക്കുന്ന റെക്കോർഡ് തീയതിയിൽ ഒല ഇലക്ട്രിക് ഓഹരികൾ കൈവശമുള്ള ആളുകൾക്ക് മാത്രമേ റൈറ്റ്സ് ഇഷ്യുവിൽ പങ്കെടുക്കാനും RE ലഭിക്കാനും അർഹതയുള്ളൂ. ഒക്ടോബർ 22 വ്യാഴാഴ്ച ആരംഭിച്ച റൈറ്റ്സ് ഇഷ്യൂ ഒക്ടോബർ 30 വെള്ളിയാഴ്ച അവസാനിക്കും.
കൈവശമുള്ള ഓഹരികളുടെ എണ്ണത്തിന് അനുപാതികമായി റൈറ്റ്സ് എന്റൈറ്റിൽമെന്റ് (RE) അക്കൗണ്ടിലേക്ക് വരുന്ന നിക്ഷേപകർക്ക് മാത്രമാണ് ഈ റൈറ്റ്സ് ഇഷ്യുവിൽ അപേക്ഷിക്കാൻ അവകാശമുള്ളത്. 10 രൂപ മുഖവിലയും 17 രൂപ പ്രീമിയവും ഉൾപ്പെടെ ഓഹരിയൊന്നിന് 27 രൂപ നിരക്കിലാണ് റൈറ്റ്സ് ഇഷ്യൂ നൽകുന്നത്. റെക്കോർഡ് തീയതിയായ ഒക്ടോബർ 13-ന് കൈവശമുള്ള ഓരോ 25 പൂർണ്ണമായി അടച്ചുതീർത്ത ഓഹരികൾക്കും 2 അധിക റൈറ്റ്സ് ഓഹരികൾ ലഭിക്കും (2:25 അനുപാതം).
റീട്ടെയിൽ നിക്ഷേപകരും സ്ഥാപന നിക്ഷേപകരും (Institutional Investors) ഒരുപോലെ ഇതിൽ അപേക്ഷിക്കുന്നവരുടെ പട്ടികയിൽ വരുന്നുണ്ട്. 37.02 കോടിയോളം (37,02,72,665) പാർട്ട്ലി പെയ്ഡ്-അപ്പ് ഓഹരികൾ വഴി 999.73 കോടി രൂപയാണ് ഓല ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ഇഷ്യൂ പൂര്‍ണ്ണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടാല്‍ കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം 462.84 കോടിയില്‍ നിന്ന് 499.86 കോടിയായി വര്‍ധിക്കും.
കമ്പനി നിശ്ചയിച്ചിട്ടുള്ള വില നൽകി ഈ RE ഉപയോഗിച്ച് പുതിയ ഒല ഇലക്ട്രിക് ഓഹരികൾ സ്വന്തമാക്കാം. നിങ്ങളുടെ ബാങ്ക് വഴി ഓണ്‍ലൈനായി പണമടച്ചു നിങ്ങള്‍ക്ക് ഈ ഓഹരികള്‍ സ്വന്തമാക്കാവുന്നതാണ്. ഇതിന് രണ്ടാഴ്ചയോളം സമയം എടുക്കും.
നിക്ഷേപകർക്ക് പുതിയ ഓഹരികൾ വാങ്ങാൻ താൽപ്പര്യമില്ലെങ്കിൽ, ട്രേഡിങ് വിൻഡോ സമയത്ത് ഈ RE മറ്റുള്ളവർക്ക് മാർക്കറ്റ് വഴി വിൽക്കാവുന്നതാണ്.
നിശ്ചിത സമയപരിധിക്കുള്ളിൽ ഇത് ഉപയോഗിക്കാതിരുന്നാൽ, RE-യുടെ കാലാവധി തീരുകയും അവയുടെ മൂല്യം പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യും.
നിരവധി റീട്ടെയിൽ നിക്ഷേപകർ ഇത്തരം പോർട്ട്ഫോളിയോ മാറ്റങ്ങൾ കാണുമ്പോൾ ആശങ്കപ്പെടാറുണ്ട്. ഇതൊരു ബോണസ് ഓഹരി അല്ലെന്നും, മറിച്ച് റൈറ്റ്സ് ഇഷ്യുവിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക അവകാശമാണെന്നും തിരിച്ചറിഞ്ഞ് കൃത്യമായ സമയപരിധിക്കുള്ളിൽ ഉചിതമായ തീരുമാനം എടുക്കുക.
ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ 1,000 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യൂ ആരംഭിച്ചതിനു പിന്നാലെ തന്നെ മുന്‍നിര നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ റൈറ്റ്സ് എന്ടൈറ്റില്മെന്റുകള്ക്കായി (Rights Entitlements) അപേക്ഷ സമര്‍പ്പിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. ആകെ 2.39 കോടിയോളം അവകാശ ഓഹരികള്‍ക്കാണ് രണ്ട് പ്രമുഖ സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
ഓലയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് അംഗവും ഓല കാബ്സിന്റെ മാതൃകമ്പനിയുമായ എ.എന്‍.ഐ ടെക്നോളജീസ് (ANI Technologies) 1,28,33,054 റൈറ്റ്സ് എന്ടൈറ്റില്മെന്റുകള് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് കൈമാറി (Renounce). മോത്തിലാല്‍ ഓസ്വാള്‍ ഈ എന്ടൈറ്റില്മെന്റുകള് മുഴുവനായും സബ്സ്ക്രൈബ് ചെയ്തു.
മറ്റൊരു ഇടപാടില്‍, അങ്കുഷ് അഗര്‍വാള്‍ ട്രസ്റ്റിയായ ഇന്‍ഡസ് ട്രസ്റ്റ് (Indus Trust) 1,10,22,422 റൈറ്റ്സ് എന്ടൈറ്റില്മെന്റുകള് കോലിയോപ് ക്യാപിറ്റല്‍ അഡൈ്വസേഴ്സിന് കൈമാറി. കോലിയോപ് ക്യാപിറ്റലും ലഭിച്ച മുഴുവന്‍ അവകാശ ഓഹരികള്‍ക്കുമായി അപേക്ഷ നല്കി. ഇതുവഴി മൊത്തം 2,38,55,476 (ഏകദേശം 2.39 കോടി) അവകാശ ഓഹരികള്‍ ആദ്യദിനം തന്നെ ഉറപ്പായി.
റൈറ്റ്സ് ഇഷ്യൂവിന് തുടക്കമായെങ്കിലും ഇന്നത്തെ വ്യാപാരത്തില്‍ ഓല ഇലക്ട്രിക് ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി. 31.31 രൂപയെന്ന ഇന്‍ട്രാഡേ ലോയിലേക്ക് ഓഹരി താഴ്ന്നു. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ 10 ശതമാനവും ഒരു മാസത്തിനിടെ 16 ശതമാനവും ഇടിവാണ് ഓഹരിയിലുണ്ടായത്. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 41 ശതമാനം താഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഒക്ടോബറില്‍ രേഖപ്പെടുത്തിയ 53.47 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില; 2026 മാര്‍ച്ച് മാസത്തിലെ 20.83 രൂപയാണ് 52 ആഴ്ചയിലെ കുറഞ്ഞ വില.
Read DhanamOnline in English
Subscribe to Dhanam Magazine