ഓഹരിയുടെ മുഖവിലയും വിപണിവിലയും: അറിയാം വ്യത്യാസം

ഓഹരികളുടെ മുഖവിലയും വിപണിവിലയും തമ്മിലെ വ്യത്യാസം എന്താണ്?

ഒരു കമ്പനിയുടെ ഓഹരികളുടെ വിലയാണ് ഫേസ് വാല്യു (FACE VALUE) അഥവാ മുഖവില. കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളതും ഈ വില ആയിരിക്കും. പാര്‍ വാല്യു (PAR VALUE), നോമിനല്‍ വാല്യു (NOMINAL VALUE) എന്നും ഇതിനെ പറയാറുണ്ട്. പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ) വേളയില്‍ കമ്പനി തന്നെ നിശ്ചയിക്കുന്ന വിലയാണ് ഫേസ് വാല്യു. കമ്പനിയുടെ ഓഹരികളില്‍ വിഭജനം (SPLIT) ഉണ്ടായാല്‍ മാത്രമേ ഫേസ് വാല്യുവില്‍ മാറ്റമുണ്ടാകൂ. അല്ലാത്തപക്ഷം, ഫേസ് വാല്യു മാറ്റമില്ലാതെ തുടരും.
ഫേസ് വാല്യു, കമ്പനിയുടെ മാര്‍ക്കറ്റ് വാല്യു (MARKET VALUE) അഥവാ വിപണിവിലയുമായി ഒരിക്കലും ബന്ധപ്പെടുന്നില്ല. വിപണിയില്‍ കമ്പനിയുടെ ഓഹരികളുടെ ലഭ്യത, ഡിമാന്‍ഡ് എന്നിവയ്ക്ക് അനുസൃതമായാണ് മാര്‍ക്കറ്റ് വാല്യു അഥവാ വിപണിവില നിശ്ചയിക്കപ്പെടുന്നത്. ഇത് കമ്പനിയുടെ പ്രകടനം, പ്രവര്‍ത്തനം, വിപണിസാഹചര്യം എന്നിവയ്ക്ക് അനുസൃതമായി മാറിക്കൊണ്ടിരിക്കും.
നമുക്ക് ഒരു ഉദാഹരണം നോക്കാം.
ഇപ്പോള്‍ ഒരു കമ്പനി 10 രൂപ മുഖവിലയുള്ള ഓഹരികള്‍ ഒന്നിന് 100 രൂപ വിപണിവിലയ്ക്ക് വിറ്റഴിക്കുന്നു എന്ന് കരുതുക. അപ്പോള്‍ 100 രൂപയാണ് കമ്പനിയുടെ ഓഹരികളുടെ വിപണിവില. വിപണിവിലയും മുഖവിലയും തമ്മിലെ വ്യത്യാസം പ്രീമിയം (PREMIUM) എന്നറിയപ്പെടുന്നു. ഇവിടെ 100-10= 90 രൂപയാണ് പ്രീമിയം. വിപണിവില പിന്നീട് 150 രൂപയായി ഉയര്‍ന്നു എന്നിരിക്കട്ടെ, അപ്പോള്‍ പ്രീമിയം 150-10= 140 രൂപ.
ഇനി കമ്പനി 10 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു എന്ന് കരുതുക, അതായത് ഒരു ഓഹരിയുടെ മുഖവിലയുടെ 10 ശതമാനം വീതം ലാഭവിഹിതം. ഇവിടെ ഓരോ ഓഹരിക്കും ഒരു രൂപ വീതമാണ് ലാഭവിഹിതം ലഭിക്കുക.
ഓഹരി വിഭജനം
കമ്പനി ഇപ്പോള്‍ 1:2 അനുപാതത്തില്‍ ഓഹരി വിഭജനം (സ്‌റ്റോക്ക് സ്പ്ലിറ്റ്/Stock Split) നടത്തുന്നു എന്ന് കരുതുക. അതായത്, നിക്ഷേപകരുടെ കൈവശം ഇപ്പോഴുള്ള ഓരോ ഓഹരിക്കും രണ്ട് വീതം ഓഹരികള്‍ ലഭിക്കും. പക്ഷേ, മുഖവില പാതിയാകും.
ഉദാഹരണത്തിന്, ഓഹരിയുടെ വിപണിവില 140 രൂപയെന്നും മുഖവില 10 രൂപയെന്നും കരുതുക. ഓഹരി രണ്ടായുള്ള വിഭജനശേഷം വിപണിവില 70 രൂപയാകും. മുഖവില അഞ്ചു രൂപയും.
എന്താണ് എംപ്ലോയീ സ്റ്റോക്ക് ഓപ്ഷന്‍ സ്‌കീം?
ജീവനക്കാര്‍ക്ക് കമ്പനിയിലെ നിശ്ചിത ഓഹരികളുടെ ഉടമസ്ഥാവകാശം ലഭിക്കുന്ന സ്‌കീമാണ് ഇ.എസ്.ഒ.എസ് അഥവാ എംപ്ലോയീ സ്റ്റോക്ക് ഓപ്ഷന്‍ സ്‌കീം. മുന്‍കൂട്ടി നിശ്ചയിച്ച ഒരു പ്രത്യേകവിലയിലും തീയതിയിലും ഓഹരി വാങ്ങാന്‍ ജീവനക്കാര്‍ക്ക് കമ്പനി നല്‍കുന്ന അവസരമാണിത്.
ഓഹരിയുടെ വിപണിവിലയേക്കാള്‍ കുറവായിരിക്കും ഇ.എസ്.ഒ.എസിലെ വിലയെന്നതാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന നേട്ടം. ഇതൊരു പ്രത്യേക ഇന്‍സെന്റീവായി തന്നെ ജീവനക്കാര്‍ക്ക് കണക്കാക്കാവുന്നതാണ്.
ജീവനക്കാരെ, പ്രത്യേകിച്ച് മികവുള്ളവരെ ഒപ്പം ഉറപ്പിച്ച് നിര്‍ത്താന്‍ കമ്പനികള്‍ പ്രയോഗിക്കുന്ന ഒരു തന്ത്രമായി ഇ.എസ്.ഒ.എസിനെ വിശേഷിപ്പിക്കാം. കുറഞ്ഞവിലയ്ക്ക് കമ്പനിയുടെ നിശ്ചിത ഓഹരികള്‍ ലഭ്യമാക്കുന്നതിലൂടെ ജീവനക്കാരില്‍ കമ്പനിയോടുള്ള അര്‍പ്പണമനോഭാവം ഉയര്‍ത്താം.
ഇ.എസ്.ഒ.എസ് പ്രയോജനപ്പെടുത്തുന്ന ജീവനക്കാരന്‍, കമ്പനിയുടെ ഓഹരി ഉടമകൂടിയായി (ഷെയര്‍ഹോള്‍ഡര്‍) മാറുകയാണ്. കമ്പനി ലാഭത്തിലേറുമ്പോള്‍ അതില്‍ നിന്നൊരു പങ്ക് (ലാഭവിഹിതം) അദ്ദേഹത്തിനും ലഭിക്കുന്നു. കമ്പനിയുടെ മുന്നോട്ടുള്ള കുതിപ്പിന് ജീവനക്കാരില്‍ നിന്ന് കൂടുതല്‍ മികച്ച പ്രവര്‍ത്തനവും ഇതുവഴി ലക്ഷ്യമിടുന്നു. ഇ.എസ്.ഒ.എസ് പ്രഖ്യാപിക്കുന്നതിന് സെബിയുടെ (SEBI) മാനദണ്ഡങ്ങളുണ്ട്. ഇ.എസ്.ഒ.എസിലെ ഓഹരികളുടെ എണ്ണം, പ്രഖ്യാപന കാലയളവ്, ഓരോ ജീവനക്കാരനും നല്‍കാവുന്ന ഓഹരികളുടെ എണ്ണം എന്നിവ ഈ മാനദണ്ഡപ്രകാരമാണ് നിശ്ചയിക്കുന്നത്.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it