അഞ്ച് മാസത്തിനിടെ ഒഴുക്കിയത് ₹4 ലക്ഷം കോടി! ഇന്ത്യൻ വിപണിയുടെ കാവലാളായി അഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ

നിലവിലെ നിക്ഷേപ വേഗത തുടരുകയാണെങ്കിൽ, 2026-ലെ ആകെ ഡി.ഐ.ഐ നിക്ഷേപം കഴിഞ്ഞ വർഷത്തെ റെക്കോഡ് മറികടക്കാൻ സാധ്യതയുണ്ട്
retail investors
Image courtesy: Canva
Published on

വിദേശ നിക്ഷേപകർ (FPI) വൻതോതിൽ ഓഹരികൾ വിറ്റഴിക്കുമ്പോഴും, ഇന്ത്യൻ വിപണിക്ക് ശക്തമായ പിന്തുണയേകി അഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) പണമൊഴുക്ക്. 2026-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് 4 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഒഴുക്കിയത്. ഈ വർഷം വിദേശ നിക്ഷേപകർ ഏകദേശം 2,700 കോടി ഡോളറിന്റെ (ഏകദേശം 2.57 ലക്ഷം കോടി രൂപ) ഓഹരികൾ വിറ്റഴിച്ചപ്പോഴാണ്, മ്യൂച്വൽ ഫണ്ടുകളും ബാങ്കുകളും ഇൻഷുറൻസ്—പെൻഷൻ ഫണ്ടുകളും അടങ്ങുന്ന അഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഈ വിൽപന സമ്മർദ്ദത്തെ പൂർണമായും പ്രതിരോധിച്ചു നിർത്തിയത്.

മാർച്ച് മാസത്തിൽ മാത്രം റെക്കോഡ് തുകയായ 1.39 ലക്ഷം കോടി രൂപയാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ വിപണിയിലെത്തിച്ചത്. ജൂൺ മാസത്തിലെ ആദ്യ അഞ്ച് വ്യാപാര ദിനങ്ങളിൽ മാത്രം 33,933 കോടി രൂപയുടെ നിക്ഷേപവും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ഥിരതയാർന്ന നിക്ഷേപവും ഘടനപരമായ മാറ്റങ്ങളും

വിപണിയിലെ താത്കാലിക അവസരങ്ങളേക്കാൾ ഉപരിയായി, ദീർഘകാലാടിസ്ഥാനത്തിലുള്ള ഘടനപരമായ മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവിലെ അഭ്യന്തര നിക്ഷേപത്തിന്റെ ഒഴുക്കെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മാസംതോറുമുള്ള സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്.ഐ.പി) മുഖേനയുള്ള നിക്ഷേപം നിലവിൽ 30,000 കോടി രൂപയ്ക്ക് മുകളിലാണുള്ളത്. ഇതിനുപുറമെ, ഇ.പി.എഫ്.ഒ, എൻ.പി.എസ് എന്നിവയിൽ നിന്നുള്ള പെൻഷൻ സമ്പാദ്യങ്ങളും, ഇൻഷുറൻസ് പ്രീമിയം തുകകളും കൃത്യമായ ഇടവേളകളിൽ ഓഹരി വിപണിയിലേക്ക് എത്തുന്നുണ്ട്. ചുരുക്കത്തിൽ ചെറുകിട നിക്ഷേപകരുടെ സമ്പാദ്യം വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ (Institutionalised) വിപണിയിലേക്ക് കടന്നെത്തുന്നതാണ് ഈ സ്ഥിരതയ്ക്കുള്ള മുഖ്യ കാരണം.

അതുപോലെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഓഹരി വിപണിയിലേക്ക് പണമൊഴുക്കുന്നതിൽ പ്രകടമായ വർധനവാണ് രേഖപ്പെടുത്തുന്നത്. 2023-ൽ 1.82 ലക്ഷം കോടി രൂപയും 2024-ൽ 5.23 ലക്ഷം കോടിയും 2025-ൽ 7.75 ലക്ഷം കോടി രൂപയും (ഇതുവരെയുള്ള റെക്കോഡ്) വീതമാണ് ഡി.ഐ.ഐ നിക്ഷേപമായി വിപണിയിലേക്ക് എത്തിയത്. നിലവിലെ നിക്ഷേപ വേഗത തുടരുകയാണെങ്കിൽ, 2026-ലെ ആകെ ഡി.ഐ.ഐ നിക്ഷേപം കഴിഞ്ഞ വർഷത്തെ റെക്കോഡ് മറികടക്കാൻ സാധ്യതയുണ്ട്.

നിക്ഷേപകർ ശ്രദ്ധിക്കാൻ

ആഗോള പ്രതിസന്ധികൾക്കൊന്നും ഇതുവരെ ശമനമായിട്ടില്ലെങ്കിലും കൂടുതൽ തിരിച്ചടിയിൽ നിന്നും രക്ഷപ്പെടാനുള്ള ഇന്ത്യൻ വിപണിയുടെ പ്രതിരോധശേഷി വർധിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ വൻ തോതിലുള്ള ഓഹരി വാങ്ങലിലൂടെ നൽകുന്നതെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചു. ഈ വർഷം ബി.എസ്.ഇ സെൻസെക്സ് സൂചികയിൽ 13 ശതമാനത്തിലേറെ ഇടിവുണ്ടായിട്ടും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഓഹരി വാങ്ങൽ തുടരുകയായിരുന്നു. വിപണിയുടെ ഈ ദിശാമാറ്റം ഇന്ത്യൻ സമ്പദ്‌‍വ്യവസ്ഥയുടെ ആന്തരികമായ കരുത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അനലി​സ്റ്റുകൾ വ്യക്തമാക്കി.

അതുപോലെ കമ്പനികളുടെ മെച്ചപ്പെട്ട സാമ്പത്തിക അടിത്തറയും ക്വാളിറ്റിയുള്ള ഓഹരികൾ ആകർഷകമായ വിലനിലവാരത്തിൽ ലഭ്യമാകുന്നതും സ്ഥാപന നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. എന്നാൽ, റീട്ടെയിൽ നിക്ഷേപകർ കൂട്ടത്തോടെ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള നിക്ഷേപം പിൻവലിക്കുകയോ കുടുംബങ്ങൾ സമ്പാദ്യത്തിനായി നീക്കിവെക്കുന്ന വിഹിതം കുറയുകയോ ചെയ്താൽ ആഭ്യന്തര സ്ഥാപന നിക്ഷേപരിൽ നിന്നും വിപണിയിലേക്കുള്ള പണമൊഴുക്കിന് തടസ്സമുണ്ടാകാം എന്നതും ഒരു വസ്തുതയാണ്. അതിനാൽ, വിദേശ നിക്ഷേപകരുടെ (എഫ്.ഐ.ഐ) പിൻവാങ്ങൽ മൂലമുണ്ടാകുന്ന താത്കാലിക ഇടിവുകളിൽ പരിഭ്രാന്തരാകാതെ, എസ്.ഐ.പി വഴിയുള്ള നിക്ഷേപം തുടരുന്ന സമീപനം സ്വീകരിക്കുന്നതാകും റീട്ടെയിൽ നിക്ഷേപകർക്ക് ഉചിതമെന്ന് അനലി​സ്റ്റുകൾ വ്യക്തമാക്കി.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com