വിദേശ നിക്ഷേപകരുടെ കണ്ണുരുട്ടൽ ഇനി വിലപ്പോവില്ല; 'നിഫ്റ്റി'യിലെ ഉടമസ്ഥതയിലും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്ക് മേധാവിത്തം

കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്ക് നിഫ്റ്റി-50 സൂചികയിലെ ഓഹരികളിലെ വിഹിതം 12.7 ശതമാനത്തിൽ നിന്നും 24.8 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. ഇതേകാലയളവിൽ വിദേശ നിക്ഷേപകരുടെ വിഹിതം 25 ശതമാനത്തിൽ നിന്നും 24.3 ശതമാനത്തിലേക്ക് താഴ്ന്നു.
DII stakes in Nifty stocks
canva
Published on

ഇന്ത്യൻ വിപണിയുടെ സ്പന്ദനം വെളിവാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികയായ എൻഎസ്ഇ നിഫ്റ്റി-50യിലെ നിക്ഷേപ വിഹിതത്തിൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ചരിത്രത്തിലാദ്യമായി മുന്നിലെത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കുത്തകയാണ് മ്യൂച്ചൽ ഫണ്ടുകളും ഇൻഷുറൻസ് സ്ഥാപനങ്ങളും ഒക്കെ ഉൾപ്പെടുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ അഥവാ ഡിഐഐഎസ് (DIIs) ഇപ്പോൾ മറികടന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ, പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളാണ് ഇതു സംബന്ധിച്ച റിസർച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം നിഫ്റ്റിയുടെ ഭാ​ഗമായ 50 ബ്ലൂചിപ് ഓഹരികളിലെ 24.8 ശതമാനം വിഹിതമാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ അഥവാ എഫ്ഐഐഎസിന്റെ (FIIs) നിഫ്റ്റി-50യിലെ നിക്ഷേപവിഹിതം 24.3 ശതമാനമാണ്.

എന്തുകൊണ്ടാണ് ഈ മാറ്റം?

ഇതിനകം ഇന്ത്യൻ വിപണിയിലെ മൊത്തം നിക്ഷേപ വിഹിതത്തിൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ മുന്നിൽ എത്തിയിരുന്നെങ്കിലും നിഫ്റ്റി-50 സൂചികയിലെ നിക്ഷേപ വിഹിതത്തിൽ വിദേശ നിക്ഷേപകരുടെ ആധിപത്യം തുടരുകയായിരുന്നു. തുടർച്ചയായി വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയുന്നതും മറുവശത്ത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ തുടർച്ചയായി വാങ്ങിക്കൂട്ടുന്നതുമാണ് ഇന്ത്യൻ ഓഹരി വിപണിയിലെ ഇൻ​സ്റ്റിട്യൂഷണൽ ഇൻവെ​സ്റ്റേഴ്സിന്റെ പങ്കാളിത്തത്തിൽ സംഭവിക്കുന്ന ഈ ഘടനാപരമായ മാറ്റത്തിനുള്ള മുഖ്യ കാരണങ്ങൾ.

എസ്ഐപി ശൈലിയിൽ മ്യൂച്ചൽ ഫണ്ടുകളിലേക്ക് ജനങ്ങളിൽ നിന്നും വൻതോതിലുള്ള നിക്ഷേപം ഒഴുകിയെത്തിയതാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങൽ ശക്തിയെ പരിപോഷിപ്പിക്കുന്നത്.

വിപണിക്ക് ഇത് ​ഗുണകരമാണോ?

എന്തായാലും വിവിധ ജിയോപൊളിറ്റിക്കൽ ഘടകങ്ങൾ കാരണം ആ​ഗോള തലത്തിൽ അനിശ്ചിതത്തം നിലനിൽക്കുന്ന വേളയിൽ ഇന്ത്യൻ വിപണിയിൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ മേധാവിത്തം നേടുന്നത് റീട്ടെയിൽ നിക്ഷേപകർക്കും ​ഗുണകരമാണെന്നാണ് വിലയിരുത്തൽ. കാരണം വിദേശ നിക്ഷേപകരേക്കാൾ ദീർഘമായ കാലയളവിലേക്കാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപം പൊതുവിൽ പരി​ഗണിക്കാറുള്ളത്. അതിനാൽ ഓഹരി വിലയിലും ഇത് കൂടുതൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുന്ന ഘടകമായി മാറുന്നു.

കൂടാതെ, പ്രതിസന്ധി ഘട്ടത്തിൽ വിദേശ നിക്ഷേപകർ ഉയർത്താവുന്ന വിൽപ്പന സമ്മർദത്തെ അതിജീവിക്കാനും വിപണിയിൽ കടുത്ത ചാഞ്ചാട്ടം തലപൊക്കാതിരിക്കാനും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ മേധാവിത്തം സഹായകരമാണ്. ഇതിനെല്ലാം പുറമെ, തുടർച്ചയായി ഒരുവശത്ത് വാങ്ങുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്കൊപ്പം, നിലപാട് മാറ്റി വിദേശ നിക്ഷേപകരും കൂടി വാങ്ങുന്ന പക്ഷത്തേക്ക് മടങ്ങിയെത്തിയാൽ, അത് ഇന്ത്യൻ വിപണിയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഇടയാക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com