ഇപ്പോള്‍ നിങ്ങള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കണോ?

സ്വര്‍ണ വിപണികളില്‍ പ്രമുഖ സ്ഥാനമുള്ള ലണ്ടന്‍ വിപണിയില്‍ ജൂണ്‍ ആദ്യവാരം സ്വര്‍ണത്തിന് അഞ്ചു മാസത്തെ ഏറ്റവും കൂടിയ വില ലഭിച്ചു. ഔണ്‍സിന് 1916.4 ഡോളറായിരുന്നു വില. പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തി യുഎസ് കറന്‍സിയുടെ വിലയിലുണ്ടായ താഴ്ചയും യുഎസ് തൊഴില്‍ വിപണിയുടെ വീണ്ടെടുപ്പിലെ കാലതാമസവുമാണ് സ്വര്‍ണ വില വര്‍ധിക്കാനിടയാക്കിയത്. മഹാമാരിയുടെ രണ്ടും മൂന്നും തരംഗങ്ങള്‍ ചില വികസ്വര വിപണികളില്‍ ഉയര്‍ത്തുന്ന ഭീഷണിയും സുരക്ഷിത ലോഹമെന്ന സ്വര്‍ണത്തിന്റെ പദവി ഉയര്‍ത്താനിടയാക്കി.

യുഎസ് ട്രഷറി യീല്‍ഡിന്റെ മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ അളവു കോലും സ്വര്‍ണത്തിന് ഗുണകരമായി. കുറയുന്ന പലിശ നിരക്കുകളും സ്വര്‍ണത്തെപ്പോലെ പലിശ തരാത്ത ആസ്തി കൈവശം വെക്കുന്നതിനുള്ള താല്‍പര്യം വര്‍ധിപ്പിച്ചു.

ധന നയത്തിന്റെ കാര്യത്തില്‍ യുഎസ് കേന്ദ്ര ബാങ്കിന്റെ മൃദുനയവും വിലക്കയറ്റ ഭീഷണിയും യുഎസ് ഡോളറിനെ തുടര്‍ച്ചയായി ബാധിക്കുന്നുണ്ട്. വിലക്കയറ്റത്തില്‍ നിന്നും കറന്‍സിയുടെ വിലയിടിവില്‍ നിന്നും രക്ഷപെടുന്നതിന് ഉപകരിക്കും എന്നതിനാല്‍ ഡോളറിന്റ മൂല്യത്തില്‍ വരുന്ന കുറവ് സ്വര്‍ണത്തിന് നല്ല തുണയേകി.

ആറു പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്തു കണക്കാക്കുന്ന ഡോളര്‍ സൂചിക വര്‍ഷം ആദ്യത്തില്‍ മികച്ച തുടക്കമാണു കാഴ്ചവെച്ചത്. ആദ്യപാദത്തില്‍ 4 ശതമാനത്തോളം നേട്ടമുണ്ടാക്കിയ സ്വര്‍ണവില മെയ് അവസാനത്തോടെ നേടിയതു മുഴുവന്‍ നഷ്ടപ്പെടുത്തിയിരുന്നു. നേരത്തേ യുഎസ് ഡോളറിന്റെ സുരക്ഷിതത്വത്തില്‍ അഭയം തേടിയിരുന്ന നിക്ഷേപകരും വ്യാപാരികളും ഇപ്പോള്‍ അവരുടെ ശ്രദ്ധ കൂടുതല്‍ മെച്ചപ്പെട്ട ഇടങ്ങളിലേക്കു തിരിക്കുന്നുണ്ട്.

യുഎസ് ഡോളറിന്റെ തളര്‍ച്ചയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് യൂറോ രണ്ടാം പാദത്തില്‍ ഇതുവരെ 4 ശതമാനം നേട്ടമുണ്ടാക്കി. ഉത്തേജക പദ്ധതികള്‍ക്കു തുടര്‍ച്ച ഉറപ്പു നല്‍കിക്കൊണ്ട് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ഏറ്റവും ഒടുവിലെ നയസമിതി യോഗത്തില്‍ വളര്‍ച്ചാ, പണപ്പെരുപ്പ കണക്കുകള്‍ ഉയര്‍ത്തുകയുണ്ടായി.

പണപ്പെരുപ്പ നിരക്കില്‍ പ്രതീക്ഷിക്കപ്പെടുന്ന കുത്തനെയുള്ള വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷയും മറ്റുല്‍പന്നങ്ങളുമായി ബന്ധപ്പെട്ട വികസ്വര വിപണികളിലെ കറന്‍സികള്‍ക്ക് യുഎസ് ഡോളറിനെതിരെ പിടിച്ചു നില്‍ക്കാന്‍ കരുത്തു പകര്‍ന്നു.

എന്നാല്‍ യുഎസ് കേന്ദ്ര ബാങ്കില്‍ നിന്നുള്ള ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് നിക്ഷേപകരും ട്രേഡര്‍മാരും. വന്‍തോതിലുള്ള ബോണ്ട് വാങ്ങല്‍ പദ്ധതിയില്‍ നിന്ന് യുഎസ് കേന്ദ്ര ബാങ്ക് പതിയെ പിന്നോട്ടു പോവുമെന്ന അഭ്യൂഹം ശക്തമാണ്. പണപ്പെരുപ്പ നിരക്കിലുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന വന്‍ തോതില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് ട്രേഡര്‍മാരെ പിന്നോട്ടു വലിക്കുന്നുമുണ്ട്. ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു യുഎസ് റിപ്പോര്‍ട്ട് തൊഴില്‍ സൃഷ്ടിക്കുന്നതിലെ വളര്‍ച്ചാ നിരക്ക് പിന്നോട്ടു പോവുന്നതായാണ് കാണിക്കുന്നത്. ധനനയം ഉടനെ കര്‍ശനമാക്കുമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതാവുകയാണ്.

യുഎസിലെ തൊഴില്‍ വളര്‍ച്ചാ നിരക്ക് ദുര്‍ബ്ബലമായി തുടരുന്നത്, സമ്പദ് വ്യവസ്ഥ ഇപ്പോഴും വീണ്ടെടുപ്പിന്റെ ഘട്ടത്തിലാണെന്നാണ് കാണിക്കുന്നത്. മെയ് മാസത്തെ തൊഴില്‍ കണക്കുകളനുസരിച്ച് 559000 തൊഴിലുകള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് മന്ദഗതിയിലാണ് പ്രതിമാസ തൊഴില്‍ എണ്ണം നിലകൊള്ളുന്നത്. വിതരണ തടസ്സങ്ങളും വര്‍ധിക്കുന്ന പണപ്പെരുപ്പവും തൊഴിലാളികളുടെ കുറവും യുഎസ് തൊഴില്‍ വിപണിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. പല തൊഴിലാളികളും സര്‍ക്കാരില്‍ നിന്നുള്ള സബ്‌സിഡിയും വാങ്ങി ജോലി അന്വേഷിക്കാന്‍ മടിച്ച് വീട്ടില്‍ തന്നെ കുത്തിയിരിപ്പാണ്. അതേസമയം യുഎസിലെ സാധന വിലകള്‍ മെയ്മാസം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 13 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിവര്‍ഷ വിലക്കയറ്റമാണുണ്ടായിരിക്കുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ യാത്രയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചതോടെയാണിത്.

ചില വികസ്വര വിപണികളില്‍ വാക്‌സിനേഷനിലുണ്ടായ കാലതാമസം മൂലം കോവിഡ് 19 ന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ആശങ്കയുണര്‍ത്തിയത് സുരക്ഷിത ആസ്തി എന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ പദവിക്ക് പിന്തുണയേകുന്നു. സ്വര്‍ണത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഇന്ത്യയില്‍ ഈയിടെ വൈറസ് വ്യാപനം കുത്തനെ കൂടിയത് ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും സ്വര്‍ണ വിപണിയിലെ ഉത്സാഹ രാഹിത്യം തുടുകയാണ്.

വരും നാളുകളില്‍, യുഎസ് ഡോളറിന്റെ പ്രകടനവും ആഗോള സാമ്പത്തിക രംഗത്തെ ഗതിവിഗതികളും ആയിരിക്കും സ്വര്‍ണ വിപണിയിലെ പ്രവണതകള്‍ നിര്‍ണയിക്കുക. യുഎസ് കേന്ദ്ര ബാങ്കിന്റെ ഉദാര നയം കാരണം ഡോളറിന്റെ തിളക്കം കുറയുകയും നാണയപ്പെരുപ്പ ഭീഷണി നില നില്‍ക്കുകയും ചെയ്യുന്നു. കറന്‍സിയുടെ മൂല്യം കുറയുമ്പോഴും സുരക്ഷിതമായി പരിഗണിക്കപ്പെടുന്നതിനാല്‍ സ്വര്‍ണ വില കൂടിയ നിലയില്‍ തന്നെ തുടരാനാണിട. കൂടാതെ പണപ്പെരുപ്പത്തിലും ആശ്രയിക്കാവുന്ന നിക്ഷേപം എന്ന പദവിയും അതിനുണ്ട്. വിലകള്‍ക്ക് കൂടുതല്‍ താങ്ങ് ലഭിക്കുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പോര്‍ട്‌ഫോളിയോ വൈവിധ്യവല്‍ക്കരണത്തിനും ഏറ്റവും അനുയോജ്യമാണ് സ്വര്‍ണ നിക്ഷേപം. ആഗോള സാമ്പത്തിക രംഗത്ത് കാണപ്പെടുന്ന ശുഭ പ്രതീക്ഷയും ആഗോള ഓഹരി വിപണിയിലെ ഉണര്‍വും ഭാവിയിലും സ്വര്‍ണത്തിന്റെ നിക്ഷേപ ഡിമാന്റ് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഹെഡ് ഓഫ് കമ്മോഡിറ്റിയാണ് ലേഖകന്‍)


Hareesh V
Hareesh V  

Related Articles

Next Story

Videos

Share it