പുതിയ ഏറ്റെടുക്കല്‍, വിപണിയില്‍ കുതിച്ചുയര്‍ന്ന് ഡോഡ്ല ഡെയറി

തിങ്കളാഴ്ച ഇന്‍ട്രാ ഡേ ട്രേഡില്‍ ഡോഡ്‌ലയുടെ ഓഹരി വില 19 ശതമാനം ഉയര്‍ന്നു
പുതിയ ഏറ്റെടുക്കല്‍, വിപണിയില്‍ കുതിച്ചുയര്‍ന്ന് ഡോഡ്ല ഡെയറി
Published on

ക്ഷീര ഉല്‍പ്പന്ന കമ്പനിയായ ശ്രീകൃഷ്ണ മില്‍ക്സ് പ്രൈവറ്റ് ലിമിറ്റഡിനെ (എസ്‌കെഎംപിഎല്‍) ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന് ഡോഡ്ല ഡെയറി. തിങ്കളാഴ്ച ഇന്‍ട്രാ ഡേ ട്രേഡില്‍ ഈ കമ്പനിയുടെ ഓഹരി വില 19 ശതമാനം ഉയര്‍ന്ന് 548 രൂപയിലെത്തി. 50 കോടി രൂപയ്ക്കാണ് ശ്രീ കൃഷ്ണ മില്‍ക്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഡോഡ്ല ഡെയറി ഏറ്റെടുത്തത്.

കമ്പനിയുടെ ബിസിനസ് വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഏറ്റെടുക്കല്‍. കരാര്‍ തീയതി മുതല്‍ ഏകദേശം രണ്ട് മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. പ്രധാനമായും പാല്‍ സംഭരിക്കുക, പാലുല്‍പ്പന്നങ്ങള്‍ (പാലും പാലുല്‍പ്പന്നങ്ങളും) നിര്‍മിക്കുക, വില്‍ക്കുക എന്നീ രംഗത്താണ് ശ്രീകൃഷ്ണ മില്‍ക്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്.

ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള ഒരു സംയോജിത ഡയറി കമ്പനിയാണ് ഡോഡ്ല ഡയറി. പ്രതിദിനം 1.02 മില്യണ്‍ ലിറ്റര്‍ പാലാണ് ഡോഡ്ല സംഭരിക്കുന്നത്. പാല്‍ സംഭരണത്തില്‍ സ്വകാര്യ കമ്പനികളില്‍ മൂന്നാം സ്ഥാനത്താണ് ഡോഡ്‌ല ഡയറി. പാല്‍, ബട്ടര്‍ മില്‍ക്ക്, നെയ്യ്, തൈര്, പനീര്‍, ഫ്‌ലേവര്‍ഡ് മില്‍ക്ക്, ദൂദ് പേഡ, ഐസ് ക്രീം, പാല്‍ അടിസ്ഥാനമാക്കിയുള്ള പലഹാരങ്ങള്‍ എന്നിവയാണ് ഡോഡ്‌ലയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍.

2021 ജൂണ്‍ 28-നാണ് ഡോഡ്ല ഡയറി 428 രൂപ നിരക്കില്‍ ഓഹരികള്‍ ഇഷ്യൂ ചെയ്ത് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 520 കോടി രൂപ കമ്പനി സമാഹരിച്ചു. 2021 നവംബര്‍ 11 ന് സ്റ്റോക്ക് 672 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. 2022 ഫെബ്രുവരി 24 ന് ഇത് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 385 രൂപയിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com