ഡൗ ജോൺസ് ചരിത്രത്തിലാദ്യമായി 50,000 മറികടന്നു; ഈ യു.എസ് സൂചികയുടെ കുതിപ്പ് നിക്ഷേപകർക്ക് നൽകുന്ന സൂചനയെന്ത്?

ടെക് ഓഹരികൾക്ക് പകരമായി ഫിനാൻഷ്യൽ, ഇൻഡസ്ട്രിയൽ പോലെ സമ്പദ്ഘടനയുടെ ആരോ​ഗ്യത്തിനൊത്ത് ലാഭം കാഴ്ചവെക്കാൻ സാധിക്കുന്ന സൈക്ക്ളിക്കൽ ഓഹരികളിലേക്ക് നിക്ഷേപം വഴിമാറിത്തുടങ്ങിയതാണ് മുന്നേറ്റത്തിന് വഴിതെളിക്കുന്നത്.
us market index
canva
Published on

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ ടെക് ഓഹരികളുടെ ഭാവിയെ കുറിച്ചുള്ള കനത്ത ആശങ്ക തലപൊക്കുന്നതിന് സാക്ഷ്യംവഹിച്ചെങ്കിലും കടന്നുപോകുന്ന ഈ വ്യാപാര ആഴ്ചയിൽ നിർണായകമായൊരു ചരിത്രനേട്ടം സ്വന്തമാക്കിയാണ് യു.എസ് ഓഹരി വിപണി വെള്ളിയാഴ്ചത്തെ ക്ലോസിങ് രേഖപ്പെടുത്തിയത്.

ആ​ഗോള തലത്തിൽ ഏറ്റവും പഴക്കമേറിയ ട്രാക്കിങ് ടൂളുകളിലൊന്നും രാജ്യാന്തര നിക്ഷേപകർക്കിടയിൽ നിർണായക സ്വാധീന ശക്തിയുള്ളതും യു.എസ് കോർപറേറ്റ് ലോകത്തിന്റെ സ്പന്ദനം വെളിവാക്കുന്നതുമായ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് സൂചിക (DJIA) ചരിത്രത്തിലാദ്യമായി 50,000 എന്ന നാഴികക്കല്ല് മറികടന്ന് ക്ലോസിങ് കുറിച്ചു.

എന്താണ് നിലവിലെ കുതിപ്പ് കാരണം?

വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ ഡൗ ജോൺസ് (DJIA) സൂചിക 1,200-ലേറെ പോയിന്റ് കുതിച്ചുയർന്നതോടെയാണ് ചരിത്രത്തിലാദ്യമായി 50,000 എന്ന റെക്കോഡ് നിലവാരം മറികടക്കാൻ സാധിച്ചത്. പൊതുവിൽ വിപണി പ്രതീക്ഷിച്ചതിലും മികച്ച നിലയിലുള്ള യു.എസ് കൺസ്യൂമർ സെന്റിമെന്റ്സ് ‍ഡേറ്റ പുറത്തുവന്നത് ഈ ബ്ലൂ-ചിപ് സൂചികയുടെ കുതിപ്പിന് പിൻബലമേകി. കൂടാതെ, അടുത്ത ഒരു വർഷ കാലയളവിലേക്കുള്ള പണപ്പെരുപ്പ അനുമാനം 3.5 ശതമാനത്തിലേക്ക് താഴ്ന്നതും യുഎസ് വിപണിയുടെ മുന്നേറ്റത്തിന് ശക്തിപകർന്നു. അതായത് സമീപ ഭാവിയിലേക്ക് യു.എസിലെ പലിശ നിരക്ക് താഴ്ന്നു നിൽക്കാനുള്ള സാഹചര്യമുണ്ടെന്ന് സാരം.

അതുപോലെ എഐ ടൂളുകൾ കാര്യക്ഷമത വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ മൂല്യമതിപ്പിൽ അധികരിച്ചു നിൽക്കുന്ന (വാല്യൂവേഷൻ എക്സ്പെൻസീവ്) ടെക് ഓഹരികൾക്ക് പകരമായി ഫിനാൻഷ്യൽ, ഇൻഡസ്ട്രിയൽ പോലെ സമ്പദ്ഘടനയുടെ ആരോ​ഗ്യത്തിനൊത്ത് ലാഭം കാഴ്ചവെക്കാൻ സാധിക്കുന്ന സൈക്ക്ളിക്കൽ (Cyclicals) ഓഹരികളിലേക്ക് നിക്ഷേപം വഴിമാറിത്തുടങ്ങിയതാണ് അഥവാ സെക്ടർ റോട്ടേഷനാണ്, യുഎസിലെ ഏറ്റവും വലിയ 30 കോർപറേറ്റ് കമ്പനികളുടെ ഓഹരികൾ ഉൾക്കൊള്ളിച്ചുള്ള ഡൗ ജോൺസ് സൂചികയിലെ സമീപകാല മുന്നേറ്റത്തിന് കളമൊരുക്കുന്നത്.

ഡൗ മുന്നേറ്റം നൽകുന്ന സൂചനയെന്ത്?

കമ്പനികളുടെ വിപണി മൂല്യത്തേക്കാൾ ഉപരിയായി ഓഹരിയുടെ വിപണി വിലയുമായി ബന്ധപ്പെടുത്തിയാണ് (പ്രൈസ് വെയിറ്റഡ്, Price-Weighted) ഡൗ ജോൺസ് സൂചികയിലെ നീക്കങ്ങൾ നിശ്ചയിക്കപ്പെടുന്നതെന്ന വിമർശനം ഒരുഭാ​ഗത്ത് നിലനിൽക്കുന്നുണ്ട്. അതുപോലെ വാൾമാർട്ട്, എൻവിഡിയ, ആപ്പിൾ, കൊക്ക-കോള, ​ഗോൾഡ്മാൻ സാക്സ് പോലെയുള്ള ബ്ലൂ-ചിപ് കമ്പനികൾ മാത്രമേ സൂചികയുടെ ഭാ​ഗമായുള്ളൂ എന്നതും മറ്റൊരു ആക്ഷേപമായുണ്ട്.

എന്നിരുന്നാലും പരമ്പരാ​ഗത സമ്പദ്ഘടനയുടെ പ്രതീകങ്ങളായി കരുതപ്പെടുന്ന ഇൻഡസ്ട്രിയൽ, കൺസ്യൂമർ സെക്ടറുകളിൽ നിന്നുള്ള വമ്പൻ കമ്പനികൾക്കും ഡൗ ജോൺസ് സൂചികയിൽ ​ഗണ്യമായ പ്രാതിനിധ്യം ഉള്ളതിനാൽ, സാങ്കേതികവിദ്യ മേഖലയിൽ നിന്നുള്ള ഏതാനും ഓഹരികളുടെ കുതിപ്പ് കാരണമുള്ള മുന്നേറ്റം എന്നതിനേക്കാൾ ബൃഹത് സമ്പദ്ഘടന (Macroeconomy) ഉണർവ് കൈവരിക്കുന്നതിൽ നിക്ഷേപകർക്കുള്ള പൊതുവായ ആത്മവിശ്വാസം വർധിക്കുന്നതായും ഈ ​ബ്ലൂചിപ് സൂചികയിലെ റാലിയെ വായിച്ചെടുക്കാവുന്നതാണ്. അതായത്, ആരോ​ഗ്യകരമായൊരു ബുൾ മാർക്കറ്റിലേക്കുള്ള സൂചനയായും ഇതിനെ അനലി​സ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് സാരം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com