Begin typing your search above and press return to search.
അടിച്ചു കയറി ആഭ്യന്തര നിക്ഷേപകര്‍, ₹4 ലക്ഷം കോടിയെന്ന മാന്ത്രിക സംഖ്യയും കടന്ന് നിക്ഷേപം
ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (Domestic institutional investors/DIIs) ഇന്ത്യന്‍ വിപണിയില്‍ കളം നിറയുകയാണ്. ഈ വര്‍ഷം ഇതുവരെയുള്ള നിക്ഷേപം 4 ലക്ഷം കോടിയെന്ന മാന്ത്രിക സംഖ്യ പിന്നിട്ടു. ഇതാദ്യമായാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിടുന്നത്. വര്‍ഷം അവസാനിക്കാന്‍ ഇനിയും രണ്ടു മാസം ശേഷിക്കെ ഈ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഒക്ടോബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിവിധ കാരണങ്ങള്‍ മൂലം പണം പിന്‍വലിക്കുന്നത് കൂടിയതിനിടയിലാണ് ആഭ്യന്തര നിക്ഷേപകര്‍ കൂടുതലായി കടന്നു വരുന്നതെന്നത് ശ്രദ്ധേയമാണ്. ഒക്ടോബറില്‍ ഇതു വരെ 68,000 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.
അതിവേഗം ലക്ഷം കോടികള്‍ പിന്നിട്ട്
ഈ വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വെറും 57 വ്യാപാരദിനങ്ങളാണെടുത്തത്. രണ്ടാമത്തെ ലക്ഷം കോടി 60 വ്യാപാര ദിനങ്ങളിലുമായി നിക്ഷേപിച്ചു. അതേസമയം, നാലാമത്തെ ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ 31 വ്യാപാര ദിനങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളു. ഇന്ത്യന്‍ വിപണിയെ കുറിച്ചുള്ള ശുഭാപ്തിവിശ്വാസമാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍.
സെപ്റ്റംബര്‍ വരെ വലിയ തോതില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് വലിയ തോതിൽ പണമൊഴുക്കിയിരുന്നു. സെപ്റ്റംബറില്‍ മാത്രം 57,724 കോടി രൂപയാണ് നിക്ഷേപിച്ചത്. 2024ല്‍ ഒരു മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ ഏറ്റവും ഉയര്‍ന്ന നിക്ഷേപമായിരുന്നു ഇത്.
ചൈനയില്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചതുമൂലം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെട്ടത് വിപണിയില്‍ വില്‍പ്പന തോത് ഉയര്‍ത്തി. ഇന്ത്യന്‍ വിപണിയെ അപേക്ഷിച്ച് ചെലവു കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങാമെന്നതാണ് ചൈനയിലേക്ക് നീങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്. പക്ഷെ ഇന്ത്യന്‍ നിക്ഷേപകര്‍ കരുത്തരായി തുടരുന്നത് വിപണിയെ വലിയ വീഴ്ചയിലേക്ക് പോകാതെ പിടിച്ചു നിര്‍ത്തുമെന്നാണ് കരുതുന്നത്.
സൂചികകളുടെ മുന്നേറ്റം
ഇന്ത്യന്‍ വിപണി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 13 ശതമാനം, 15 ശതമാനം നേട്ടമാണ് 2024ല്‍ ഇതു വരെ നല്‍കിയത്. ഇക്കാലയളവില്‍ ബി.എസ്.ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 32 ശതമാനം, 34.5 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു. അതേസമയം ഒക്ടോബറില്‍ ഇതുവരെ സൂചികകള്‍ 3.3 ശതമാനത്തോളം ഇടിവിലാണ്. 2024 മേയ്ക്ക് ശേഷമുള്ള ആദ്യത്തെ ഇടിവാണിത്. 2022ന് ശേഷമുള്ള കുത്തനെയുള്ള താഴ്ചയും ഇതാണ്.
Next Story
Videos