ആഭ്യന്തര നിക്ഷേപകരുടെ വിഹിതം ഉയരുന്നു, ആദ്യപാദത്തില്‍ വിദേശ നിക്ഷേപം 10 വര്‍ഷത്തെ താഴ്ന്ന നിലയില്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ (Indian Stock Market) ആഭ്യന്തര നിക്ഷേപം ശക്തമായി തുടരുന്നു. പ്രൈംഇന്‍ഫോബേസ്.കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022-23 സാമ്പത്തികവര്‍ഷത്തെ ആദ്യ പാദത്തില്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ 23.5 ശതമാനം ആണ് ആഭ്യന്തര നിക്ഷേപകരുടെ കൈവശമുള്ളത്. അതേ സമയം വിദേശ നിക്ഷേപകരുടെ (Foreign Portfolio Investors) സാന്നിധ്യം 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

19.2 ശതമാനം ആണ് വിദേശ നിക്ഷേപകരുടെ വിഹിതം. എന്‍എസ്ഇല്‍ ലിസ്റ്റ് ചെയ്ത 1,808ല്‍ ഡാറ്റ ലഭ്യമായ 1,770 കമ്പനികളെയാണ് പ്രൈംഇന്‍ഫോബേസ്.കോം പരിഗണിച്ചത്. മ്യുച്വല്‍ ഫണ്ട് കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര ഇന്‍സ്റ്റിറ്റിയൂഷനുകളുടെ നിക്ഷേപം 13.7 ശതമാനത്തില്‍ നിന്ന് 14.1 ശതമാനം ആയി ഉയര്‍ന്നു. റീട്ടെയില്‍ ഇന്‍വസ്റ്റേഴ്‌സിന്റെ നിക്ഷേപം മുന്‍പാദത്തെ (q4fy22) അപേക്ഷിച്ച് 0.02 ശതമാനം ഇടിഞ്ഞ് 7.40ല്‍ എത്തി. ഹൈ നെറ്റ്‌വര്‍ത്ത് ഇന്‍ഡിവിജ്വല്‍സിന്റെ വിഹിതവും 2.21ല്‍ നിന്ന് 2.08 ശതമാനം ആയി കുറഞ്ഞു.

മ്യുച്വല്‍ ഫണ്ടുകളുടെ വിഹിതം 7.75ല്‍ നിന്ന് രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയായ 7.95ലേക്ക് എത്തി. ജൂണ്‍ പാദത്തില്‍ മ്യൂച്വല്‍ ഫണ്ട് വഴി ലഭിച്ചത് 73,857 കോടി രൂപയാണ്. ഇന്‍ഷുറന്‍സ് കമ്പനികളുടെ വിഹിതം 5ല്‍ നിന്ന് 5.15 ശതമാനം ആയാണ് ഉയര്‍ന്നത്. ഇതില്‍ നാലില്‍ മൂന്നും എല്‍ഐസിയില്‍ നിന്നാണ്. സ്വകാര്യ പ്രൊമോട്ടര്‍മാര്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികള്‍ 45.12ല്‍ നിന്ന് 44.33 ശതമാനമായി കുറഞ്ഞു. സര്‍ക്കാര്‍ പ്രൊമോട്ടര്‍മാര്‍ 17 ട്രില്യണ്‍ രൂപയുടെ ഓഹരികള്‍ കൈവശം വെച്ചപ്പോള്‍ സ്വകാര്യ പ്രൊമോട്ടര്‍മാരുടെ കൈയ്യില്‍ 105 ട്രില്യണ്‍ രൂപയുടെ ഓഹരികളാണ് ഉള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it