കളിക്കളത്തിൽ നിന്ന് ഓഹരി വിപണിയിലേക്ക്; ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമുമായി ഡ്രീം11 ഗ്രൂപ്പിന്റെ ഡ്രീംസ്ട്രീറ്റ്, ഉന്നം കന്നി നിക്ഷേപകര്‍

ഓൺലൈൻ ഗെയിമിംഗ് നിയമങ്ങളിലെ മാറ്റങ്ങൾ കമ്പനിയുടെ വരുമാനത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. ബിസിനസ് വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി
stock market
Image courtesy: Canva
Published on

സ്പോർട്സ് എന്റർടൈൻമെന്റ് പ്ലാറ്റ്‌ഫോമായ ഡ്രീം11-ന്റെ മാതൃകമ്പനിയായ ഡ്രീം സ്പോർട്സ് (Dream Sports) ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. 'ഡ്രീംസ്ട്രീറ്റ്' (DreamStreet) എന്ന പേരിൽ ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മ്മിത ബുദ്ധിയെ (AI) അടിസ്ഥാനമാക്കിയാണ് ഈ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുക. ഓഹരി വിപണിയിലെ കടുത്ത ചാഞ്ചാട്ടങ്ങള്‍ കാരണം നിക്ഷേപിക്കാൻ മടിച്ചുനിൽക്കുന്ന തുടക്കക്കാരായ നിക്ഷേപകരെയും യുവാക്കളെയും ഉദ്ദേശിച്ചാണ് പുതിയ സംരംഭം പുറത്തിറക്കുന്നത്.

പ്രത്യേകതകള്‍

നിക്ഷേപ സൗകര്യങ്ങൾ: ആരംഭത്തില്‍ ഓഹരികളിലും (Stocks) ഇടിഎഫുകളിലും (ETFs) നിക്ഷേപിക്കാനുള്ള സൗകര്യമാണ് ഡ്രീംസ്ട്രീറ്റിലുണ്ടാകുക. തുടര്‍ന്ന് ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസ് (F&O), ഐപിഒ (IPO) എന്നിവയും പ്ലാറ്റ്ഫോമിലൂടെ ചെയ്യാനാകും.

എഐ പിന്തുണ: 'വേദ' (Veda) എന്ന പേരിട്ടിരിക്കുന്ന ഒരു എഐ സഹായി നിക്ഷേപകർക്ക് ആവശ്യമായ വിവരങ്ങളും വിശകലനങ്ങളും പ്രദാനം ചെയ്യുന്നു. മാത്രവുമല്ല, സെബിയില്‍ (SEBI) രജിസ്റ്റർ ചെയ്ത വിദഗ്ധരുടെ നിര്‍ദേശങ്ങളും പ്ലാറ്റ്‌ഫോമിൽ ലഭിക്കും.

നേതൃത്വം: ഡ്രീം സ്പോർട്സ് ചീഫ് പ്രൊഡക്റ്റ് ഓഫീസർ രാഹുല്‍ മിര്‍ചന്ദാനിയാണ് പ്ലാറ്റ്ഫോമിന്റെ സിഇഒ. കരൺ ബൻസാൽ (CBO), നിഖിൽ ലാൽവാനി (CPO) തുടങ്ങിയവരാണ് മറ്റ് സഹസ്ഥാപകർ.

വരുമാനം ഇടിഞ്ഞു

ഓൺലൈൻ ഗെയിമിംഗ് നിയമങ്ങളിലെ മാറ്റങ്ങൾ കമ്പനിയുടെ വരുമാനത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. ബിസിനസ് വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. നിലവിൽ ഡ്രീം11-ൽ ഉള്ള 25 കോടിയോളം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളിലേക്ക് ഈ സേവനം എത്തിക്കാൻ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. വിപണിയിൽ ശക്തമായ സാന്നിധ്യമുളള ഗ്രോ (Groww), സെറോദ (Zerodha), ഏഞ്ചൽ വൺ തുടങ്ങിയ ഡിജിറ്റൽ ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമുകളുമായാണ് ഡ്രീംസ്ട്രീറ്റ് ഏറ്റുമുട്ടുക.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com