ഡ്രൂം ഐപിഒ രണ്ട് മാസത്തിനകം, സമാഹരിക്കുന്നത് 3,000 കോടി രൂപ

ഓണ്‍ലൈന്‍ ഓട്ടോ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമായ ഡ്രൂമിന്റെ (Droom) ഓഹരി വിപണിയിലേക്കുള്ള രംഗപ്രവേശനം രണ്ട് മാസത്തിനുള്ളിലുണ്ടായേക്കും. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 18 ശതമാനം ഓഹരികള്‍ ഓഫ്ലോഡ് ചെയ്തുകൊണ്ട് 3,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് സമര്‍പ്പിച്ച ഡിഎച്ച്ആര്‍പി(DHRP) പ്രകാരം, ഐപിഒയിലൂടെ 2000 കോടി രൂപയുടെ പുതിയ ഓഹരികളാണ് കൈമാറുന്നത്. കൂടാതെ, 1000 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഐപിഒയില്‍ ഉള്‍പ്പെടും.

ഷോപ്പ്ക്ലൂസിന്റെ മുന്‍ സ്ഥാപകനായ അഗര്‍വാളിന് കമ്പനിയില്‍ 32 ശതമാനം ഓഹരിയുണ്ട്. 9 ശതമാനം ജീവനക്കാരുടെ ഉടമസ്ഥതയിലാണ്. നിക്ഷേപകരുടെ കൈവശം 59 ശതമാനം ഓഹരികളാണുള്ളത്. ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രൂം, അതിന്റെ അവസാന ഫണ്ട് സമാഹരണത്തിലൂടെ ജൂലൈയില്‍ 1.2 ബില്യണ്‍ മൂല്യത്തിലെത്തിയിരുന്നു.
ജെഎം ഫിനാന്‍ഷ്യല്‍, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നീ രണ്ട് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളെ ഐപിഒയ്ക്കായി (IPO) ഡ്രൂം തെരഞ്ഞെടുത്തതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2014 ലാണ് ഡ്രൂം പ്രവര്‍ത്തനം ആരംഭിച്ചത്. കോവിഡ് മഹാമാരി തുടക്കത്തില്‍ ഡ്രൂമിനെ സാരമായി ബാധിച്ചെങ്കിലും വ്യക്തിഗത ഗതാഗതത്തിന്റെ ആവശ്യകത ഉയര്‍ന്നതോടെ ഇതുവഴിയുള്ള വില്‍പ്പന കുത്തനെ ഉയര്‍ന്നു. ഡ്രൂമിലൂടെയുള്ള വില്‍പ്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും കാറുകളാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it