

വിദേശ നാണ്യ വിനിമയ ചട്ട ലംഘനവുമായി (FEMA) ബന്ധപ്പെട്ട് പ്രമുഖ ഖനന വ്യവസായ ഗ്രൂപ്പായ വേദാന്തയുടെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക പരിശോധന നടത്തുന്നു. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ കോര്‍പ്പറേറ്റ് ഓഫീസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ഒരേസമയം റെയ്ഡ് ആരംഭിച്ചത്. വിദേശത്തുള്ള മാതൃകമ്പനിക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്രോസ്-ബോര്‍ഡര്‍ റോയല്‍റ്റി പേയ്‌മെന്റുകള്‍ നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നാണ് സൂചന.
അന്വേഷണ ഏജന്‍സിയുടെ നടപടികളോട് കമ്പനി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് വേദാന്ത വക്താവ് വ്യക്തമാക്കി. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഇ.ഡിക്ക് കൈമാറുന്നുണ്ടെന്നും രാജ്യത്തെ നിയമസംവിധാനങ്ങളോട് നൂറു ശതമാനം പ്രതിബദ്ധത പുലര്‍ത്തുന്ന കമ്പനിയാണ് വേദാന്തയെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ റെഗുലേറ്ററി നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കമ്പനി അറിയിച്ചു.
മുന്‍പും സമാനമായ വിദേശ നാണ്യ വിനിമയ കേസുകളില്‍ വേദാന്തയുടെ മുന്‍ഗാമിയായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് റെഗുലേറ്ററി ഏജന്‍സികളുടെ നിരീക്ഷണത്തിലായിട്ടുണ്ട്. 2004-ല്‍ ഫെറ (FERA), ഫെമ (FEMA) ചട്ടങ്ങള്‍ ലംഘിച്ചതിന് കമ്പനിക്കും മൂന്ന് പ്രൊമോട്ടര്‍ ഡയറക്ടര്‍മാര്‍ക്കുമെതിരെ നടപടിയുണ്ടായിരുന്നു.
റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA) കമ്പനിയുടെ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് 'AA+' ലേക്ക് ഉയര്‍ത്തിയ വാര്‍ത്ത പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് ഈ റെയ്ഡ് നടക്കുന്നത്. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന ഡൊമസ്റ്റിക് ക്രെഡിറ്റ് റേറ്റിംഗാണ് വേദാന്ത സ്വന്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിലയില്‍ 2 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
റെയ്ഡ് വാര്‍ത്തകള്‍ പുറത്തുവന്നതോടെ വേദാന്ത ലിമിറ്റഡിന്റെ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായി. മുന്‍പത്തെക്കാള്‍ മികച്ച നിലയില്‍ വ്യാപാരം തുടരുകയായിരുന്ന ഓഹരി വില വാര്‍ത്ത വന്നതിന് പിന്നാലെ 5 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. നിലവില്‍ 332 രൂപയിലാണ് എന്‍.എസ്.ഇയില്‍ വേദാന്ത വ്യാപാരം നടത്തുന്നത്. ഇതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലും വലിയ കുറവുണ്ടായി. സിങ്ക്, വെള്ളി, അലുമിനിയം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഇരുമ്പയിര് മേഖലകളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളിലൊന്നാണ് അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത.
വേദാന്തയുടെ അലുമിനിയം, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, അയണ്‍ ആന്‍ഡ് സ്റ്റീല്‍ ബിസിനസുകളുടെ ഡീമെര്‍ജര്‍ (ബിസിനസ് വിഭജനം) പ്രകാരമുള്ള ഓഹരി വിപണിയിലെ ക്രമീകരണങ്ങള്‍ക്ക് ശേഷം, മെയ് മാസത്തിലുടനീളം ഈ ഓഹരി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിമാസ പ്രകടനം കാഴ്ചവെച്ചുകൊണ്ട്, മെയ് മാസത്തില്‍ വേദാന്തയുടെ ഓഹരി വില 29% വര്‍ധിച്ചു.
വിഭജിക്കപ്പെട്ട മറ്റ് എല്ലാ കമ്പനികളും ജൂണ്‍ അവസാനത്തോടെ സ്വതന്ത്ര സ്ഥാപനങ്ങളായി ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിക്കുമെന്ന് വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine