

ഇടവേളക്ക് ശേഷം പ്രാഥമിക വിപണി ഈ ആഴ്ച തിരക്കേറിയതാകുകയാണ്. എട്ട് ഐപിഒകളാണ് (IPO) ഈ ആഴ്ച വിപണയിലെത്തുന്നത്. ഈ എട്ട് പബ്ലിക് ഇഷ്യൂകളും എസ്എംഇ (SME) വിഭാഗത്തിൽ നിന്നുള്ളവയാണെന്നത് ശ്രദ്ധേയമാണ്. ഇവ ആകെ 440 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ വാരത്തിലെ ഏറ്റവും വലിയ ഐപിഒ, രോഗനിർണയ ഉപകരണങ്ങളും ഐവിഡി (IVD) ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന ക്യു-ലൈൻ ബയോടെക്കിന്റേതാണ് (Q-Line Biotech). ഈ വർഷം എസ്എംഇ വിഭാഗത്തിൽ എത്തുന്ന ഏറ്റവും വലിയ ഐപിഒ ആണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെയ് 21 ന് ആരംഭിക്കുന്ന ഈ ഇഷ്യൂവിലൂടെ 214 കോടിയിലധികം രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
മറ്റ് പ്രധാന ഐപിഒകൾ ഇവയാണ്:
മെയ് 18: കശുവണ്ടി വിതരണക്കാരായ എൻഎഫ്പി സമ്പൂർണ ഫുഡ്‌സ് (24.53 കോടി രൂപ, NFP Sampoorna Foods) ഇഷ്യൂ ആരംഭിച്ചു.
മെയ് 19: നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ ഫോംവർക്ക് സിസ്റ്റങ്ങൾ നിർമ്മിക്കുന്ന ടീംടെക് ഫോംവർക്ക് സൊല്യൂഷൻസ് (50.2 കോടി രൂപ, Teamtech Formwork Solutions) വിപണിയിലെത്തും.
മെയ് 20: റെസ്റ്റോറന്റ് ശൃംഖലയായ വെഗോരമ പഞ്ചാബി അംഗിതി (38.38 കോടി രൂപ, Vegorama Punjabi Angithi), സിന്തറ്റിക് തുണിത്തരങ്ങൾ നിർമ്മിക്കുന്ന ഹരികാന്ത ഓവർസീസ് (25.6 കോടി രൂപ, Harikanta Overseas) എന്നിവയുടെ ഐപിഒകൾ ആരംഭിക്കും.
മെയ് 21: ക്യു-ലൈൻ ബയോടെക്കിനൊപ്പം ബയോ മെഡിക്ക ലബോറട്ടറീസ് (45.5 കോടി രൂപ, Bio Medica Laboratories), വാഹന അനുബന്ധ സാമഗ്രികൾ നിർമ്മിക്കുന്ന ഓട്ടോഫർണിഷ് (14.6 കോടി രൂപ, Autofurnish) എന്നിവയും സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും.
മെയ് 22: തയാറാക്കിയ ഭക്ഷണ ഉൽപ്പന്നങ്ങൾ വിൽക്കുന്ന എം.ആർ മണിവേണി ഫുഡ്‌സ് (27 കോടി രൂപ, M.R Maniveni Food) ആണ് ഈ ആഴ്ചയിലെ അവസാന ഐപിഒ.
കൂടാതെ, എസ്എംഇ വിഭാഗത്തിൽ നിന്നുള്ള ഗോൾഡ്‌ലൈൻ ഫാർമസ്യൂട്ടിക്കൽ (Goldline Pharmaceutical), ആർഎഫ്ബിഎൽ ഫ്ലെക്സി പാക്ക് (RFBL Flexi Pack) എന്നീ കമ്പനികൾ മെയ് 19 ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. ഇതിൽ ഗോൾഡ്‌ലൈൻ ഫാർമസ്യൂട്ടിക്കൽ ഐപിഒയ്ക്ക് 782 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ച കനത്ത പ്രതികരണമാണ് നിക്ഷേപകരിൽ നിന്നുണ്ടായത്.
Read DhanamOnline in English
Subscribe to Dhanam Magazine