

ഇന്ത്യയിൽ ഈ വർഷം സാധാരണയേക്കാൾ കുറഞ്ഞ മഴയേ ലഭിക്കൂവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മാസങ്ങൾക്ക് മുൻപ് തന്നെ മുൻകൂട്ടി പ്രവചിച്ചിരുന്നു. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന 'എൽ നിനോ' പ്രതിഭാസത്തെ മുൻനിർത്തിയായിരുന്നു ഈ അനുമാനം. സാധാരണയിലും വൈകി ജൂൺ 4-നാണ് ഇത്തവണ കാലവർഷം കേരളത്തിലെത്തിയത്. ഈയൊരു പശ്ചാത്തലത്തിൽ മൺസൂൺ സീസണിലെ ദീർഘകാല ശരാശരിയുടെ (LPA) 90 ശതമാനം മഴ മാത്രമേ, 2026-ൽ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന തരത്തിലേക്ക് അനുമാനം പുതുക്കി.
ഇക്കാര്യം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ കിടപ്പ്. കേരളത്തിലും കാലവർഷം മാറിനിൽക്കുകയാണ്. തിരിമുറിയാതെ പെയ്തിറങ്ങിയിരുന്ന തിരുവാതിര ഞാറ്റുവേലയിൽ ഇത്തവണ ചാറ്റൽമഴ പോലും കാണാനായില്ല. ഇതിനിടെ ജൂൺ 21-ലെ നിലവച്ച് മൺസൂൺ മഴയിൽ 42 ശതമാനം കുറവാണ്ടായിട്ടുണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തെ പ്രധാന കാർഷിക മേഖലകളിൽ 27 മുതൽ 84 വരെ ശതമാനം കുറവ് മഴയേ ലഭിച്ചിട്ടുള്ളൂ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴക്കുറവ് ഖാരിഫ് സീസണിലെ വിളവെടുപ്പിനെയും ദോഷകരമായി ബാധിച്ചേക്കാം.
അതേസമയം ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു കാലാവസ്ഥാ പ്രവചനം മാത്രമല്ല. രാജ്യത്തിന്റെ സമ്പദ്ഘടനയേയും വിപണിയിലെ പല വ്യവസായ മേഖലകളേയും നേരിട്ട് ബാധിക്കാവുന്ന വലിയൊരു സാമ്പത്തിക ഘടകമാണ്. രാജ്യത്ത് മൺസൂൺ മഴക്കുറവ് കടുത്ത വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ, ഓഹരി നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളും സെക്ടറുകളും ഓഹരികളേയും കുറിച്ച് സെബി അംഗീകൃത സ്വതന്ത്ര റിസർച്ച് അനലിസ്റ്റ് ശ്രീകുമാരൻ എം (SEBI Reg. No INH000023959) വിശദീകരിക്കുന്നു.
ഇന്ത്യയിലെ കൃഷിഭൂമിയുടെ 55 ശതമാനവും പൂർണമായും ആശ്രയിക്കുന്നത് തെക്കുപടിഞ്ഞാറൻ കാലവർഷത്തെയാണ്. അതിനാൽ മഴ കുറയുന്നത് പയർ വർഗ്ഗം, എണ്ണക്കുരു, പരുത്തി, നെല്ല് എന്നിങ്ങനെയുള്ള കാർഷിക വിളകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഗ്രാമീണ വരുമാനം കുറയ്ക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിതെളിക്കാം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം രാജ്യത്തെ പണപ്പെരുപ്പം 5 ശതമാനത്തിന് മുകളിലേക്ക് ഉയർന്നേക്കാം. ആഗോള സംഘർഷങ്ങൾ ശമിക്കുന്നില്ലെങ്കിൽ ഇതിന്റെ ആഘാതം വർധിക്കാം. ഐ.എം.എഫ് ഇടക്കാലയളവിലേക്ക് ഉള്ള ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് 6.5 ശതമാനമായി ഉയർത്തിയിട്ടുണ്ടെങ്കിലും, മഴക്കുറവ് കാരണം നേരിടാവുന്ന റിസ്ക് ഒഴിവാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണെന്നും ശ്രീകുമാരൻ പറഞ്ഞു.
വിപണി ഒറ്റയടിക്ക് പൊതുവായി ഇടിയുന്നതിനേക്കാൾ ഉപരിയായി ചില പ്രത്യേക സെക്ടറുകളെയാണ് കാലവർഷക്കെടുതികൾ കൂടുതലായും ബാധിക്കാറുള്ളത്. ഗ്രാമീണ മേഖലയിലെ പണമൊഴുക്ക്, കർഷക കുടുംബങ്ങളുടെ ഉപഭോഗശേഷി, ഭക്ഷ്യവിലക്കയറ്റം എന്നിവയൊക്കെ ആശ്രയിച്ചു നിൽക്കുന്ന ബിസിനസുകളെയായിരിക്കും മഴക്കുറവ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നം റിസർച്ച് അനലിസ്റ്റ് ചൂണ്ടിക്കാട്ടി.
എഫ്.എം.സി.ജി കമ്പനികൾ: ഗ്രാമീണ വരുമാനം കുറയുന്നതോടെ ഉത്പന്നങ്ങളുടെ ഡിമാൻഡ് കുറയും. ഒപ്പം അസംസ്കൃത വസ്തുക്കളുടെ വില ഉയരുകയും ചെയ്യും. ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ, ഗോദ്റേജ് കൺസ്യൂമർ, കോൾഗേറ്റ് പാമോലീവ്, വരുൺ ബിവറേജസ് തുടങ്ങിയ ഓഹരികളെ ഇത് പ്രതികൂലമായി ബാധിക്കാം.
ടു-വീലർ കമ്പനികൾ: ഗ്രാമീണ ജനതയുടെ വാങ്ങൽ ശേഷിയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ടി.വി.എസ് മോട്ടോർ എന്നിവയ്ക്ക് ഡിമാൻഡ് കുറയാൻ സാധ്യതയുണ്ട്.
ട്രാക്ടർ നിർമ്മാതാക്കൾ: മോശം വിളവെടുപ്പ് കാലത്ത് കർഷകർ വലിയ ചെലവുള്ള വാങ്ങലുകളും നിക്ഷേപങ്ങളും മാറ്റിവെക്കാറുള്ളതിനാൽ മഹീന്ദ്ര & മഹീന്ദ്ര, എസ്കോർട്ട്സ് കുബോട്ട, വി.എസ്.ടി ടില്ലേഴ്സ് തുടങ്ങിയ ഓഹരികളിൽ ജാഗ്രത പാലിക്കാം.
ഗ്രാമീണ ബാങ്കിംഗും എൻ.ബി.എഫ്.സികളും: വിളനാശം വായ്പാ തിരിച്ചടവുകളെ ബാധിക്കാം അല്ലെങ്കിൽ കിട്ടാക്കടം ഉയരാമെന്നതിനാൽ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളായ ബന്ധൻ ബാങ്ക്, ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്, എ.യു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയിലും ജാഗ്രത പാലിക്കണം.
അഗ്രോകെമിക്കൽസ് & ഫുഡ് പ്രോസസ്സിംഗ്: മഴക്കുറവ് കാരണം കൃഷി കുറയുന്നത് യു.പി.എൽ, പി.ഐ ഇൻഡസ്ട്രീസ്, റാലീസ് ഇന്ത്യ തുടങ്ങിയ അഗ്രോകെമിക്കൽസ് കമ്പനികളുടെ വരുമാനത്തെയും ഫുഡ് പ്രോസസ്സിംഗ് കമ്പനികളുടെ മാർജിനെയും ബാധിക്കാമെന്നും ശ്രീകുമാരൻ പറഞ്ഞു.
എല്ലാ വ്യവസായ/ വാണിജ്യ മേഖലകൾക്കും കാലവർഷക്കുറവ് ഒരേപോലെ തിരിച്ചടിയാകണമെന്നില്ല. മഴ കുറയുമ്പോൾ പമ്പ് സെറ്റുകൾ, ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം എന്നിവയ്ക്കുള്ള ഡിമാൻഡ് കൂടുന്നതിനാൽ, ജലസേചനത്തിനുള്ള ഉപകരണ നിർമ്മാതാക്കൾക്ക് ഇത്തരം സാഹചര്യങ്ങൾ അനുകൂലമായി വർത്തിക്കാം. വരൾച്ചയെ പ്രതിരോധിക്കുന്ന വിത്തുകൾ (പ്രത്യേകിച്ചും ചാമ, തിന തുടങ്ങിയ ചെറുധാന്യങ്ങൾ) ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കും മഴക്കുറവ് കാരണം ബിസിനസ് വർധിച്ചേക്കാം എന്നും ശ്രീകുമാരൻ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ കടുത്ത വരൾച്ചയല്ലെങ്കിലും മഴക്കുറവ് നേരിടുന്നതിലൂടെ ഗ്രാമീണ ഡിമാൻഡ് കുറയാനും പണപ്പെരുപ്പം വർധിക്കാനും സാധ്യതയുണ്ട്. എന്നാൽ എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം കാരണം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ മഴ തീരെ കുറഞ്ഞുപോയാൽ രാജ്യത്തെ കാർഷിക മേഖലയുടെ സ്ഥിതി കൂടുതൽ വഷളാകും. അതിനാൽ, വരും മാസങ്ങളിൽ ഗ്രാമീണ ഉപഭോഗം, കാർഷിക വായ്പകൾ, ഭക്ഷ്യ വിതരണ ശൃംഖല എന്നിവയുമായി ബന്ധപ്പെട്ട ഓഹരികളിൽ നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മഴയുടെ അളവ് കൂടി വിലയിരുത്തി വേണം പോർട്ട്‌ഫോളിയോ പുനഃക്രമീകരിക്കാനെന്നും ശ്രീകുമാരൻ പറഞ്ഞു.
(Disclaimer: സ്വതന്ത്ര റിസർച്ച് അനലിസ്റ്റ് ശ്രീകുമാരൻ എം തയ്യാറാക്കിയ റിസർച്ച് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള ഈ ലേഖനം പഠനാവശ്യാർത്ഥം പങ്കുവെക്കുന്നതാണ്. ഇതു നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയേയും സെക്ടറിനേയും കുറിച്ച് കൂടുതല്‍ പഠിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും മാർഗനിർദേശം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine