കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ മസ്‌കിന്റെ മുന്നേറ്റം; ഓഹരിക്ക് വമ്പന്‍ കുതിപ്പ്, ആസ്തിയില്‍ സക്കര്‍ബര്‍ഗിനെ കടത്തിവെട്ടി

കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 3.11 ലക്ഷം കോടി രൂപ
elon musk, Mark Zuckerberg, Mukesh Ambani, Gautam Adani
Image : Dhanam file and Canva
Published on

വെറും 5 ദിവസംകൊണ്ട് സ്വന്തം ആസ്തിയലുണ്ടായ വര്‍ധന 3,370 കോടി ഡോളര്‍; സുമാര്‍ 3.11 ലക്ഷം കോടി രൂപ! പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല, സാമൂഹിക മാധ്യമമായ എക്‌സ് (ട്വിറ്റര്‍) എന്നിവയുടെ മേധാവിയായ ഇലോണ്‍ മസ്‌കിന്റെ കാര്യമാണിത്.

ലോകത്തെ ഏറ്റവും സമ്പന്നനെന്ന പട്ടം കഴിഞ്ഞമാസം നഷ്ടപ്പെടുകയും നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത മസ്‌ക്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്നത് വന്‍ തിരിച്ചുകയറ്റം.

നിലവില്‍ ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികപ്രകാരം ഫേസ്ബുക്ക് (മെറ്റ) മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി മൂന്നാംസ്ഥാനം ഇലോണ്‍ മസ്‌ക് നേടിക്കഴിഞ്ഞു. 20,200 കോടി ഡോളറാണ് (16.8 ലക്ഷം കോടി രൂപ) മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി. സുക്കര്‍ബര്‍ഗിന്റേത് 15,400 കോടി ഡോളറും (12.85 ലക്ഷം കോടി രൂപ). 15,000 കോടി ഡോളറുമായി (12.5 ലക്ഷം കോടി രൂപ) മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് അഞ്ചാമത്.

ഒന്നാംസ്ഥാനത്ത് ഫ്രഞ്ച് കോടീശ്വരന്‍

ഫ്രഞ്ച് ശതകോടീശ്വരനും ഫാഷന്‍ ബ്രാന്‍ഡായ എല്‍.വി.എം.എച്ചിന്റെ തലവനുമായ ബെര്‍ണാഡ് അര്‍ണോയാണ് ലോകത്തെ ഏറ്റവും സമ്പന്നന്‍; ആസ്തി 21,700 കോടി ഡോളര്‍ (18.11 ലക്ഷം കോടി രൂപ). ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് രണ്ടാംസ്ഥാനത്ത്; ആസ്തി 20,300 കോടി ഡോളര്‍ (16.95 ലക്ഷം കോടി രൂപ). മസ്‌ക് നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ വൈകാതെ അദ്ദേഹം ബെസോസിനെയും അര്‍ണോയെയും പിന്തള്ളി, ലോകത്തെ ഏറ്റവും സമ്പന്നനെന്ന പട്ടം തിരിച്ചുപിടിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഒറ്റദിവസം, ആസ്തിക്കുതിപ്പ് 1.54 ലക്ഷം കോടി രൂപ

ഇന്നലെ ഒറ്റദിവസം മാത്രം ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 1.54 ലക്ഷം കോടി രൂപയാണ്. ടെസ്‌ലയുടെ സെല്‍ഫ്-ഡ്രൈവിംഗ് ടെക്‌നോളജി വിപണിയില്‍ അവതരിപ്പിക്കാനും ചൈനയില്‍ നിന്ന് ശേഖരിച്ച ഉപഭോക്തൃ ഡേറ്റ വിദേശത്ത് ഉപയോഗിക്കാനും ചൈനീസ് സര്‍ക്കാരിന്റെ അനുമതി അദ്ദേഹം നേടിയെടുത്തിരുന്നു. ചൈനയിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെയാണ് മസ്‌ക് ഈ അനുമതികള്‍ വാങ്ങിയെടുത്തതെന്നതും ശ്രദ്ധേയമാണ്.

ടെസ്‌ലയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ചൈന. സന്ദര്‍ശന ലക്ഷ്യങ്ങള്‍ ഫലംകണ്ടതോടെ ടെസ്‌ലയുടെ ഓഹരിവിലയിലുണ്ടായ മുന്നേറ്റമാണ് മസ്‌കിന്റെ ആസ്തി വര്‍ധനയ്ക്കും വഴിതെളിച്ചത്. ഇന്നലെ 15.31 ശതമാനം കുതിപ്പുമായി 194.05 ഡോളറിലാണ് വ്യാപാരാന്ത്യം ടെസ്‌ലയുടെ ഓഹരിവിലയുള്ളത്. ചൈനയുടെ സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ബൈഡുവുമായി (Baidu) ചേര്‍ന്നാകും ടെസ്‌ല ചൈനീസ് വിപണിയില്‍ സെല്‍ഫ്-ഡ്രൈവിംഗ് ടെക്‌നോളജി അവതരിപ്പിക്കുക.

പട്ടികയിലെ ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍

ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികയില്‍ 11,300 കോടി ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 11-ാം സ്ഥാനത്തുണ്ട്. 9,910 കോടി ഡോളറുമായി 14-ാം സ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് ഇന്ത്യക്കാരില്‍ രണ്ടാമന്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com