ഇ.എല്‍.എസ്.എസ്: നിക്ഷേപിക്കാം, നികുതി ഇളവ് നേടാം

ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളിലൂടെ നികുതിദായകന് ലഭിക്കുന്ന നേട്ടങ്ങളറിയാം
ഇ.എല്‍.എസ്.എസ്: നിക്ഷേപിക്കാം, നികുതി ഇളവ് നേടാം
Published on

ആദായ നികുതി നിയമം സെക്ഷന്‍ 80 സി പ്രകാരം നടത്തുന്ന നിക്ഷേപങ്ങള്‍ 1,50,000 രൂപ വരെ നികുതി വരുമാനത്തില്‍ ഇളവ് ലഭിക്കാന്‍ നികുതിദായകരെ സഹായിക്കുന്നു. ഇതിനായി പല നിക്ഷേപ പദ്ധതികളും നിലവിലണ്ടെങ്കിലും ഏറ്റവും മികച്ച നിേക്ഷപമായി ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതി (ഇ.എല്‍.എസ്.എസ്) അഥവാ ടാക്സ് സേവിംഗ് മ്യൂച്ച്വല്‍ ഫണ്ടുകളെ ഉപയോഗിക്കാം.

എന്താണ് 80 സി വകുപ്പ്

ഏതൊരു നികുതിദായകനായ വ്യക്തിക്കും ടാക്‌സബ്ള്‍ വരുമാനത്തില്‍ നിന്നും 1,50,000 വരെ കിഴിവ് ലഭിക്കാന്‍ സഹായിക്കുന്ന വകുപ്പാണ് 80 സി. ഇതില്‍ ഏതാനും പരമ്പരാഗത നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു. 2014 സാമ്പത്തിക വര്‍ഷം മുതല്‍, സെക്ഷന്‍ 80 സി പ്രകാരമുള്ള പരമാവധി കിഴിവ് 1,50,000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ചില നിക്ഷേപങ്ങള്‍ നടത്തുക വഴി കിഴിവുകള്‍ ലഭ്യമാക്കാം.

ഇ.എല്‍.എസ്.എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സകീം)

മ്യൂച്ച്വല്‍ ഫണ്ട് ശാഖയില്‍ ഉള്‍പ്പെടുന്ന ഈ നിക്ഷേപ പദ്ധതിക്ക് 80 സി കിഴിവുകള്‍ ലഭിക്കുന്ന മറ്റു നിക്ഷേപങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ലാഭം താരതമ്യേന കൂടുതലാണ്. ഒരേസമയം നികുതി കിഴിവും ആകര്‍ഷകമായ റിേട്ടണും ഇതുവഴി നികുതിദായകന് ലഭിക്കുന്നു. ഏറ്റവും ഉയര്‍ന്ന സ്ലാബായ 30 ശതമാനം നികുതി അടയ്ക്കുന്നവരുടെ പരിധിയില്‍ വരുന്നവര്‍ക്ക് 46,800 രൂപ വരെ ഇതുവഴി ഇളവ് ലഭിക്കും. കൂടാെത മൂന്ന് വര്‍ഷത്തിന് ശേഷം പദ്ധതി വഴി മികച്ച ലാഭവും ലഭിച്ചേക്കാം.

ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഇ.എല്‍.എസ്.എസ് തന്നിരിക്കുന്ന ശരാശരി ലാഭം 15.14 ശതമാനമാണ്. പത്തുവര്‍ഷം നോക്കുകയാെണങ്കില്‍ 13.75 ശതമാനം. സാധാരണ മ്യൂച്ച്വല്‍ ഫണ്ടുകള്‍ പോലെ തന്നെയാണ് ഇ.എല്‍.എസ്.എസിലും നിക്ഷേപിക്കുന്നത്. ഒറ്റത്തവണ മൊത്തം തുകയായും എസ് ഐ പി വഴി മാസം അടവായും ഇ.എല്‍.എസ്.എസില്‍ നിക്ഷേപിക്കാവുന്നതാണ്. അതാത് സാമ്പത്തിക വര്‍ഷം നിക്ഷേപിച്ച തുക നികുതി ഇളവ് ലഭിക്കുന്നതിനായി ഉപയോഗപ്പെടുത്താം.

നികുതി അടയ്‌ക്കേണാ?

ഇ.എല്‍.എസ്.എസ് വഴി ലഭിക്കുന്ന ലാഭം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ മാത്രം അധികമായി ലഭിച്ച തുകയ്ക്കുമേല്‍ 10 ശതമാനം വെച്ച് ലോംഗ് ടേം ക്യാപ്പിറ്റല്‍ ഗെയ്ന്‍ ടാക്സ് അടച്ചാല്‍ മതി. മുന്നുവര്‍ഷത്തേക്കുള്ള നിര്‍ബന്ധിത നിക്ഷേപമായതിനാല്‍ ഹ്രസ്വകാല മൂലധന നേട്ട നികതി (ഷോര്‍ട്ട് ടേം ക്യാപ്പിറ്റല്‍ ഗെയ്ന്‍ ടാക്സ്) എന്ന വിഷയം ഉദിക്കുന്നുമില്ല. എസ്.ഐ.പി രൂപത്തിലാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ ഓരോ ഗഡുക്കളും മൂന്ന് വര്‍ഷം പിന്നിട്ട ശേഷം ഉണ്ടാവുന്ന ലാഭത്തിന്മേലാണ് നികുതി അടയ്ക്കേണ്ടി വരിക. അതും ലാഭം ഒരു ലക്ഷത്തിന് മുകളില്‍ വന്നാല്‍ മാത്രം.

ഇപ്പോള്‍ നിക്ഷേപിക്കമോ?

ഈ സാമ്പത്തിക വര്‍ഷം തീരുന്നതിനു മുമ്പ് ഇ.എല്‍.എസ്.എസില്‍ ഒറ്റത്തവണയായി നിക്ഷേപിച്ചാല്‍ 80 സി ക്ലെയിമിന് അപേക്ഷിക്കാം. എസ്.ഐ.പി ആണെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം തീരുന്നതിനു മുമ്പ് അടച്ചുതീര്‍ത്ത ഗഡുക്കളുടെ ആകെ തുക അടുത്ത വര്‍ഷത്തേക്ക് ക്ലെയിം ചെയ്യാവുന്നതാണ്.

ഇ.എല്‍.എസ്.എസിന്റെ നേട്ടങ്ങള്‍

ഏറ്റവും കുറവ് നിര്‍ബന്ധിത നിക്ഷേപ (ലോക്ക്-ഇന്‍) കാലയളവ് (മൂന്നുവര്‍ഷം)

മറ്റു 80 സി നിക്ഷേപങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതല്‍ ലാഭം

മൂന്ന് വര്‍ഷത്തേക്ക് പിന്‍വലിക്കാന്‍ പറ്റാത്തതിനാല്‍ ആ കാലയളവ് നിക്ഷേപത്തിന് വളരാനുള്ള സമയമായി ഉപയോഗപ്പെടുത്താം

ഉയര്‍ന്ന സ്ലാബിലുള്ള നികുതിദായകര്‍ക്ക് 46,800 രൂപവരെ ലാഭിക്കാം

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com