ഉത്തേജക മരുന്നിന്റെ ഊര്‍ജം ചോര്‍ന്നു, വെള്ളി കിതക്കുന്നു, ഇടിവ് 15 ശതമാനം, ഇനിയെന്ത്?

ശക്തമായ അസ്ഥിരതയുടെ ഘട്ടത്തിലേക്ക് കടക്കുകയാണോ വെള്ളി? നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുക്കുന്നതും വിപണി സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളുമാണ് വില താഴാന്‍ പ്രധാന കാരണം
Silver
Image courtesy: Canva
Published on

ആഗോള വിപണികളില്‍ വെള്ളി കനത്ത വിലയിടിവില്‍. റെക്കോര്‍ഡ് ഉയരത്തിലെത്തിയതിന് പിന്നാലെ ഏകദേശം 15 ശതമാനം വരെ വില താഴ്ന്നു. ഇന്ത്യയില്‍ വെള്ളിയാഴ്ച കിലോഗ്രാമിന് 4,10,000 രൂപയില്‍ നിന്ന് 3,95,000 രൂപയിലേക്കാണ് ഇടിഞ്ഞത്. ശക്തമായ അസ്ഥിരതയുടെ ഘട്ടത്തിലേക്ക് കടക്കുകയാണോ വെള്ളി? നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുക്കുന്നതും വിപണി സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളുമാണ് വില താഴാന്‍ പ്രധാന കാരണം.

കുത്തനെ കയറിയ വില, പിന്നാലെ ലാഭമെടുക്കല്‍

കഴിഞ്ഞ ആഴ്ചകളില്‍ വെള്ളി വില അതിവേഗം ഉയര്‍ന്നിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വര്‍ധിച്ച ആവശ്യം, വ്യാവസായിക ഡിമാന്റ്, സ്വര്‍ണവിലയിലെ കുതിപ്പ്, ഊഹക്കച്ചവട ഇടപാടുകള്‍ എന്നിവയാണ് ഈ മുന്നേറ്റത്തിന് കരുത്തായത്. എന്നാല്‍ ഇത്രയും വേഗത്തില്‍ വില ഉയര്‍ന്നപ്പോള്‍ ലാഭം ഉറപ്പാക്കാനാണ് നിക്ഷേപകര്‍ ശ്രമിച്ചത്. അത് വിപണിയില്‍ ശക്തമായ വില്‍പന സമ്മര്‍ദം സൃഷ്ടിച്ചു. സാങ്കേതികമായി അധിക വാങ്ങല്‍ (overbought) അവസ്ഥയിലായിരുന്ന വെള്ളി വിപണി ഒരു തിരുത്തല്‍ (correction) പ്രതീക്ഷിച്ചിരുന്നുവെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണത്തേക്കാള്‍ ചെറിയ വിപണിയായതിനാല്‍, വില്‍പന മുറുകിയാല്‍ വില ഇടിവ് വേഗത്തിലാകും.

ഡോളറിന്റെ കരുത്തും വിപണി അസ്ഥിരതയും

അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതും വെള്ളി വിലയ്ക്ക് തിരിച്ചടിയായി. ഡോളര്‍ ഉയര്‍ന്നാല്‍ ഡോളര്‍ നിരക്കില്‍ വ്യാപാരം നടക്കുന്ന ലോഹങ്ങള്‍ മറ്റ് രാജ്യങ്ങളിലെ നിക്ഷേപകര്‍ക്ക് ചെലവേറിയതാകും. ഇതോടെ ആവശ്യകത കുറയുകയും വിലയില്‍ സമ്മര്‍ദ്ദം രൂപപ്പെടുകയും ചെയ്യുന്നു. ആഗോള ഓഹരി വിപണികളിലെ അസ്ഥിരതയും വെള്ളി പോലുള്ള ലോഹങ്ങളില്‍ നിന്നുള്ള പിന്‍മാറ്റത്തിന് കാരണമായി. റിസ്‌ക് കുറയ്ക്കുന്നതിനായി നിക്ഷേപകര്‍ ചില ആസ്തികളില്‍ നിന്ന് പണം പിന്‍വലിക്കുന്നതാണ് വില ഇടിവിലേക്ക് നയിച്ചത്.

'ഗോള്‍ഡിന്റെ സ്റ്റിറോയ്ഡ് പതിപ്പ്' എന്ന് സിറ്റി

സമീപകാലത്ത് അനലിസ്റ്റുകള്‍ വെള്ളിയെ സ്റ്റിറോയ്ഡ് കഴിച്ച സ്വര്‍ണമെന്നാണ് വിശേഷിപ്പിച്ചത്. സ്വര്‍ണത്തേക്കാള്‍ വേഗത്തില്‍ വെള്ളി പ്രതികരിക്കുന്നതാണ് കാരണം. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വെള്ളി വില ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, സമീപകാല മുന്നേറ്റം അടിസ്ഥാന ഘടകങ്ങളെക്കാള്‍ മുന്നിലായിരുന്നു. അതാണ് ഇപ്പോഴത്തെ കുത്തനെയുള്ള ഇടിവിന് വഴിയൊരുക്കിയത്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്

ഇന്നത്തെ ഇടിവിനിടയിലും ഈ വര്‍ഷത്തിന്റെ തുടക്കത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ് വെള്ളി വില. പക്ഷേ, വിലയിലെ കനത്ത ചാഞ്ചാട്ടം വെള്ളിയുടെ സ്വഭാവ സവിശേഷതയാണെന്ന് വിപണി വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് നിലപാട്, ഡോളറിന്റെ ദിശ, ആഗോള സാമ്പത്തിക സൂചനകള്‍ എന്നിവയാണ് ഇനി വെള്ളി വിപണിയുടെ ദിശ നിശ്ചയിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com