ഓഹരി വിപണിയിലേക്ക് ഒരു എനര്‍ജി സര്‍വീസസ് കമ്പനി കൂടി, രേഖകള്‍ സമര്‍പ്പിച്ചു

ഓഹരി വിപണിയിലേക്ക് ഒരു എനര്‍ജി സര്‍വീസസ് കമ്പനി കൂടി കടന്നുവരാനൊരുങ്ങുന്നു. എനോക്‌സ് വിന്‍ഡിന്റെ അനുബന്ധ സ്ഥാപനമായ ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസാണ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്. ഐപിഒയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ലക്ഷ്യമിടുന്നത്.

ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 370 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും പ്രൊമോട്ടര്‍ ഐനോക്‌സ് വിന്‍ഡിന്റെ 370 കോടി രൂപ വരെയുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമായിരിക്കും ഐപിഒയില്‍ ഉള്‍പ്പെടുന്നത്. കൂടാതെ, കമ്പനി ഒരു പ്രീ-ഐപിഒ പ്ലേസ്മെന്റും പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ പുതിയ ഇഷ്യൂ സൈസ് കുറയും.

ഫ്രാഥമിക ഓഹരി വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കടം വീട്ടുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക. വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്ററുകള്‍ക്കും കാറ്റാടി ഫാമിലെ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി, ദീര്‍ഘകാല ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ്.

നേരത്തെ, ഫെബ്രുവരിയില്‍ തങ്ങളുടെ നിര്‍ദിഷ്ട ഐപിഒയ്ക്കായി കമ്പനി സെബിയില്‍ ഡിആര്‍എച്ച്പി ഫയല്‍ ചെയ്തിരുന്നു. പക്ഷേ ഇത് പിന്നീട് ഒരു കാരണവും വെളിപ്പെടുത്താതെ ഏപ്രിലില്‍ പിന്‍വലിക്കുകയായിരുന്നു.

Related Articles
Next Story
Videos
Share it