ഓഹരിയധിഷ്ഠിത നിക്ഷേപം മികച്ച നേട്ടം നല്‍കാം

പലതരം നിക്ഷേപങ്ങളില്‍ മലയാളികള്‍ നിക്ഷേപം നടത്താറുണ്ട്. നിക്ഷേപമെന്ന് കേട്ടാല്‍ റിയല്‍ എസ്റ്റേറ്റും ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമൊക്കെയാണ് നമ്മുടെ മനസില്‍ ആദ്യം കടന്നുവരുന്നത്. എന്നാല്‍ ഇതൊന്നുമല്ലാതെ മികച്ച നേട്ടം നല്‍കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ വേറെയുമുണ്ട്. ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടത്.

ഒരു കെട്ടിടം നിര്‍മിച്ച് അതിലെ മുറികള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ നിക്ഷേപകന് ലഭിക്കുന്ന ശരാശരി നേട്ടം പ്രതിവര്‍ഷം 3-4 ശതമാനം എന്നാണ് കണക്ക്. അതേസമയം നിഫ്റ്റി 50 കമ്പനികള്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ നല്‍കിയിരിക്കുന്ന ശരാശരി നേട്ടം 12 ശതമാനമാണ്. വാടക മുറികള്‍ നിര്‍മിക്കുന്നതിന് ഏറെ പരിശ്രമങ്ങളും അറ്റകുറ്റപ്പണികളടക്കം തുടര്‍ ചെലവുകളും ഉണ്ടെന്നത് മറ്റൊരു കാര്യം.

നേട്ടങ്ങള്‍

ഓരോ ആളുകളുടെയും റിസ്‌ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് നിക്ഷേപിക്കാന്‍ ഓഹരി അധിഷ്ഠിത നിക്ഷേപ മാര്‍ഗങ്ങളില്‍ അവസരമുണ്ട്. പെട്ടെന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴും നഷ്ടം സംഭവിക്കുന്നത്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ കാര്യമായ നഷ്ടം ഉണ്ടാകുന്നില്ല. ചെറിയ തുക മിച്ചം ഉണ്ടെങ്കില്‍ പോലും ഓഹരിയധിഷ്ഠിത മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാനാകും.

റിയല്‍ എസ്റ്റേറ്റുകളിലെ നിക്ഷേപം പോലെ വന്‍തുക ഒരുമിച്ച് ഇതിന് വേണ്ടിവരുന്നില്ല. മ്യൂച്വല്‍ ഫണ്ടുകള്‍, ഡെബ്റ്റ് ഫണ്ടുകള്‍, ബോണ്ടുകള്‍, ലിക്വിഡ് ഫണ്ടുകള്‍ തുടങ്ങിയവ ചുരുങ്ങിയത് 7-8 ശതമാനം നേട്ടം നല്‍കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയെ അപേക്ഷിച്ച് പണമാക്കി മാറ്റാന്‍ എളുപ്പമാണെന്നതും ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്നുണ്ട്. ഒരു സ്ഥലമോ കെട്ടിടമോ വിറ്റ് പണമാക്കി മാറ്റുന്നതിനേക്കാള്‍ വളരെ എളുപ്പം.

വലിയ നേട്ടം മാത്രം നോട്ടമിട്ട് പെട്ടെന്ന് ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് എടുത്തുചാടാനും പാടില്ല. മറ്റേതൊരു നിക്ഷേപ മേഖലയെയും പോലെ പഠനം നടത്തി ലാഭ-നഷ്ട സാധ്യതകള്‍ വിലയിരുത്തി തന്നെയാകണം നിക്ഷേപം നടത്തേണ്ടത്. അടിസ്ഥാനപരമായ പഠനത്തിനു ശേഷം ഇടനിലക്കാരന്റെ സഹായം പോലുമില്ലാതെ ഏതൊരാള്‍ക്കും നിക്ഷേപിച്ചു തുടങ്ങാം. ഗ്രോ, സിറോധ, അപ്സ്റ്റോക് പോലെയുള്ള ആപ്ലിക്കേഷനുകള്‍ വളരെ എളുപ്പം നിക്ഷേപിച്ചു തുടങ്ങാന്‍ നിക്ഷേപകരെ പ്രാപ്തരാക്കുന്നു. പലതും സൗജന്യ സേവനമോ അതല്ലെങ്കില്‍ ഫീസായി നാമമാത്രമായ തുകയോ ആണ് ഈടാക്കുന്നത്.

എന്തില്‍ നിക്ഷേപിക്കണം?

ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ അറിഞ്ഞു വേണം ഏതില്‍ നിക്ഷേപിക്കണമെന്നു തീരുമാനിക്കാന്‍. പെട്ടെന്ന് നടത്തേണ്ട ഹ്രസ്വകാല ലക്ഷ്യങ്ങളാണെങ്കില്‍ നഷ്ടസാധ്യത കുറഞ്ഞ കടപ്പത്രങ്ങള്‍, ലിക്വിഡ് ഫണ്ടുകള്‍ തുടങ്ങിയവ തെരഞ്ഞെടുക്കാം. എന്നാല്‍ 3-4 വര്‍ഷത്തേക്കുള്ള മിഡ് ടേം കാലയളവിലുള്ള ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാണെങ്കില്‍ നഷ്ടസാധ്യത താരതമ്യേന കുറവായ ലാര്‍ജ് ക്യാപ് ഫണ്ടുകളിലും മറ്റും നിക്ഷേപിക്കാം.

വീട്, റിട്ടയര്‍മെന്റ് പ്ലാന്‍ തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് നിക്ഷേപമെങ്കില്‍ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഫണ്ടുകളിലും നികുതി ഇളവു നല്‍കുന്ന ഇ.എല്‍.എസ്.എസുകളിലുമൊക്കെ നിക്ഷേപിക്കാം. ഇവയ്ക്ക് പുറമേ പഠിച്ച് ശ്രദ്ധയോടെ നടത്തുന്ന ട്രേഡിംഗിലൂടെ മികച്ച വരുമാനം നേടുന്നവരുമുണ്ട്.

പേടി വേണ്ട, ശ്രദ്ധ മതി

സര്‍ക്കാര്‍ തലത്തില്‍ ഓഹരിയധിഷ്ഠിത മാര്‍ഗങ്ങളിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടെങ്കില്‍ പോലും 24 ശതമാനം പേര്‍ മാത്രമാണ് ഈ രംഗത്ത് ഒരിക്കലെങ്കിലും നിക്ഷേപിച്ചവരായുള്ളതെന്ന് കണക്കുകള്‍ പറയുന്നു. അതില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയ തുക ഇട്ടവര്‍ പോലും ഉള്‍പ്പെടുകയും ചെയ്യുന്നു.

മ്യൂച്വല്‍ ഫണ്ട് അടക്കമുള്ള ഇത്തരം നിക്ഷേപ മാര്‍ഗങ്ങളെ പേടിയോടെ സമീപിക്കുന്നവരാണ് പലരുമെങ്കിലും കണക്കുകള്‍ സൂചിപ്പിക്കുന്നത് ദീര്‍ഘകാല നിക്ഷേപം നടത്തുന്നവര്‍ക്ക് നേട്ടം തന്നെയാണ് നല്‍കുന്നത് എന്നാണ്. ഒരുപക്ഷേ മറ്റു നിക്ഷേപങ്ങളില്‍ നിന്ന് പത്തു വര്‍ഷം കൊണ്ടു നേടുന്നത് ഒറ്റ വര്‍ഷം കൊണ്ട് ഇതിലൂടെ സാധ്യമാകുകയും ചെയ്യും.

തയ്യാറാക്കിയത്: കെന്‍സ് ഇ.സി (സാമ്പത്തിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മില്യണ്‍ഡോട്ട്സ് എന്ന കമ്പനിയുടെ സ്ഥാപകനാണ് ലേഖകന്‍. വെബ്സൈറ്റ്: milliondotsedu.com)

(Equity investing is subject to market risk. Do your own research or consult a financial advisor before investing)

(This story was published in the30th April 2023 issues of Dhanam Magazine)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it