വിപണി ചാഞ്ചാട്ടത്തിലും നിക്ഷേപകര്‍ പിന്മാറിയില്ല, ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ ഒഴുകിയെത്തിയത് 19,705 കോടി

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണി തിരുത്തലിലേക്ക് വീണ ഫെബ്രുവരിയിലെ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ വന്‍വര്‍ധന. വിപണി ചാഞ്ചാട്ടത്തിലും പിന്മാറാതെ, 19,705 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപകര്‍ നടത്തിയത്. ജനുവരിയില്‍ ഇത് 14,887.77 കോടി രൂപയായിരുന്നു. തുടര്‍ച്ചയായ 12 ാം മാസമാണ് ഇക്വിറ്റി വിഭാഗത്തിലേക്കുള്ള നിക്ഷേപം ഉയരുന്നത്.

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (Amfi) യുടെ കണക്കുകള്‍ പ്രകാരം 11 വിഭാഗത്തിലുള്ള ഇക്വിറ്റി ഫണ്ടുകളിലും അറ്റ നിക്ഷേപം രേഖപ്പെടുത്തി. ഇക്വിറ്റി വിഭാഗങ്ങളില്‍, ഫ്‌ലെക്‌സിക്യാപ്‌, സെക്ടറല്‍ ഫണ്ടുകള്‍ എന്നിവയില്‍ യഥാക്രമം 3,873.56 കോടി രൂപയുടെയും 3,441 കോടി രൂപയുടെയും നിക്ഷേപം ലഭിച്ചു. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴിയുള്ള നിക്ഷേപം 11,437.70 കോടി രൂപയില്‍ ശക്തമായി തുടര്‍ന്നു. ജനുവരിയെ അപേക്ഷിച്ച് 79 കോടി രൂപയുടെ കുറവ്.
വിപണിയിലെ തിരുത്തല്‍ കാരണം എസ്ഐപിയുടെ മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തി ജനുവരിയിലെ 5.76 ട്രില്യണ്‍ രൂപയില്‍ നിന്ന് ഫെബ്രുവരിയില്‍ 5.49 ട്രില്യണായി കുറഞ്ഞു. ഫെബ്രുവരിയില്‍ സെന്‍സെക്‌സ് സൂചിക ഏകദേശം 3 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചികയും സ്‌മോള്‍ക്യാപ് സൂചികയും യഥാക്രമം 5 ശതമാനവും 8.8 ശതമാനവും ഇടിഞ്ഞു. വിപണിയില്‍ ഇടിവുണ്ടായിട്ടും നിക്ഷേപകര്‍ എസ്ഐപി വഴി നിക്ഷേപം തുടരുകയാണെന്ന് വിപണി പങ്കാളികള്‍ പറയുന്നു. 2020 മാര്‍ച്ചിനും 2021 ഒക്ടോബറിനും ഇടയിലുള്ള മുന്നേറ്റത്തിന് ശേഷം പലരും തിരുത്തല്‍ ഒരു നല്ല വാങ്ങല്‍ അവസരമായി കാണുന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it