ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം കുറയുന്നു ; ജൂണ്‍ മാസത്തില്‍ ഇടിവ് 95 ശതമാനം

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്കുള്ള പണമൊഴുക്കില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ജൂണില്‍ 95 ശതമാനം ഇടിവ്. 240 കോടി രൂപയാണ് ഇക്വിറ്റി സ്‌കീമുകളില്‍ ഇക്കാലയളവില്‍ നിക്ഷേപിക്കപ്പെട്ടത്. കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. മെയ് മാസത്തില്‍ ഇത് 5246 കോടി രൂപയായിരുന്നു.

അതേ സമയം ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ജൂണ്‍ മാസത്തില്‍ 6.89 ലക്ഷം കോടി രൂപയായി. മുന്‍ മാസമിത് 6.31 ലക്ഷം കോടി രൂപയായിരുന്നു. ഓഹരി വിപണി നേട്ടമുണ്ടാക്കിയതും സ്സ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് വഴിയുള്ള പണമൊഴുക്കില്‍ സ്ഥിരതയുണ്ടായതുമാണ് ഇതിനു സഹായിച്ചത്.

എസ്‌ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ജൂണ്‍ മാസത്തില്‍ 7927 കോടി രൂപയാണ്. മുന്‍ മാസമിത് 8123 കോടി രൂപയായിരുന്നു.

ഇക്വിറ്റി ഫണ്ടുകളില്‍ തന്നെ മള്‍ട്ടി കാപ് ഫണ്ടുകളില്‍ 778 കോടി രൂപയും ലാര്‍ജ് കാപ് ഫണ്ടുകളില്‍ 213 കോടി രൂപയും ഇതിനകം പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ടാക്‌സ് സേവിംഗ് ഇഎല്‍എസ്എസ്, ഫോക്കസ്ഡ് ഫണ്ടുകള്‍ എന്നിവയില്‍ യഥാക്രമം 518 കോടി, 317 കോടി രൂപയുടെ ഇന്‍ഫ്‌ളോ ഉണ്ടായിട്ടുണ്ട്. മിഡ്, സ്‌മോള്‍ കാപ് ഫണ്ടുകളില്‍ ഇത് 290 കോടി രൂപയാണ്.

പുതിയ നിക്ഷേപം വരുന്നില്ല

കോവിഡ് 19 സ്ഥിതിഗതികള്‍ മോശമാക്കിയതിനെ തുടര്‍ന്ന് നിക്ഷേപകരില്‍ പലരും ലഭമെടുപ്പിന് മുതിര്‍ന്നിരുന്നു. മാത്രമല്ല എസ്‌ഐപി നിക്ഷേപം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്. ആളുകളുടെ കൈയ്യില്‍ നിന്ന് പുതിയ നിക്ഷേപം ഒട്ടും തന്നെ വരുന്നില്ല എന്നതാണ് ഇപ്പോഴത്തെ ഇടിവിന്റെ പ്രധാന കാരണം. മാര്‍ക്കറ്റില്‍ ഒരു റിസഷന്റെ ഒരു സൂചന വരുമ്പോഴൊക്കെ ആളുകള്‍ ആശങ്കാകുലരാകുന്നത് സ്വാഭാവികമാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

''70 ശതമാനം ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന അവസ്ഥയില്‍ ചുരുക്കം ചില കമ്പനികള്‍ മാത്രമാണ് നന്നായി പ്രവര്‍ത്തിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത് കെയര്‍, ഡയഗ്നോസ്റ്റിക്, എഫ്എംസിജി എന്നീ സെക്ടറുകള്‍ മാത്രമാണ് പൂര്‍ണ തോതില്‍ പ്രവര്‍ത്തസജ്ജമായിരിക്കുന്നത്. 70 ശതമാനം കമ്പനികളും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. വാക്‌സിനേഷന്‍ വരുന്നതു വരെയും ഈ സ്ഥിതി തന്നെയായിരിക്കും തുടരുക. ആളുകള്‍ പുതിയ നിക്ഷേപത്തിന് തുനിയില്ല. വാക്‌സിനേഷന്‍ വരുന്നതു വരെയും ഈ ഒരു അവസ്ഥ മുതിര്‍ന്നേക്കാം.''കെഎംകെ ഫിനാന്‍സിന്റെ സാരഥി മനോജ് കുമാര്‍ പറയുന്നു.
ഓഹരി വിപണിയിലെ റാലിയില്‍ പലരും പ്രതീക്ഷ അര്‍പ്പിക്കുന്നുമില്ല. ഇപ്പോള്‍ വിപണിയെ നയിക്കുന്നത് വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍ (എഫ്‌ഐഐസ്) നിന്നും ആഭ്യന്തര നിക്ഷേപങ്ങളില്‍ നിന്നും വരുന്ന പണമൊഴുക്കാണ്. ഇത് നിലച്ചാല്‍ മാര്‍ക്കറ്റ് പ്രതിസന്ധിയിലാകും. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ഈ റാലിയെ ലിക്വിഡിറ്റി ഡ്രിവണ്‍ ആയേ കാണാനാകൂ, ഫണ്ടമെന്റലി ഡ്രിവണ്‍ അല്ല.

ഡെറ്റ് ഫണ്ടുകളിലും പണമൊഴുക്ക് കുറവ്

ഡെറ്റ് സ്‌കീമുകളില്‍ ജൂണ്‍ മാസത്തില്‍ 2862 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. ഇതോടെ ഡെറ്റ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 12.36 ലക്ഷം കോടി രൂപയായി. മേയ് മാസത്തില്‍ ഡെറ്റ് ഫണ്ടുകളിലേക്ക് വന്നത് 63,665 കോടി രൂപയായിരുന്നു.
അഡ്വാന്‍സ് ടാക്‌സ് കൊടുക്കാനും ക്വാര്‍ട്ടര്‍ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കുമായി കോര്‍പ്പറേറ്റുകള്‍ ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് 44223 കോടി രൂപ പിന്‍വലിച്ചു.

ഫ്രാങ്കളിന്‍ ടെംപിള്‍ ടണ്‍ ആറ് സ്‌കീമുകള്‍ നിര്‍ത്തലാക്കിയതിനു പിന്നാലെ പല നിക്ഷേപകരും വിവിധ ഡെറ്റ് ഫണ്ടുകളില്‍ നിന്ന് വ്യാപകമായി പണം പിന്‍വലിച്ചിരുന്നുവെന്നാണ് മ്യൂച്വല്‍ഫണ്ട് വിതരണക്കാര്‍ വെളിപ്പെടുത്തുന്നത്. ട്രിപ്പിള്‍ എ റേറ്റഡ് ആയിട്ടുള്ള കടപത്രങ്ങളിലും മറ്റും നിക്ഷേപിക്കുന്ന ഫണ്ടുകളില്‍ നിന്നു പോലും നിക്ഷേപകര്‍ പിന്‍വലിക്കല്‍ നടത്തുന്നുണ്ട്.

കോവിഡിനു ശേഷം മികച്ച അവസരം

എഫ്‌ഐഐഎസ് ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിപണിയില്‍ നിക്ഷേപിക്കുന്നത്. കോവിഡിനു ശേഷം പുതിയൊരു ഇക്കോണി ഇവിടെയുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനുള്ള സാധ്യതയാണ് ഈ മേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയില്ലെങ്കില്‍ കോവിഡിനുശേഷം, അതായത് വാക്‌സിന്‍ വന്നു കഴിഞ്ഞതിനു ശേഷമുള്ള കാലം രാജ്യത്തെ സംബന്ധിച്ച് ഗുണകരമായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

'' ഇപ്പോള്‍ രാജ്യത്ത് പലിശ നിരക്ക് വളരെ കുറഞ്ഞ് നില്‍ക്കുകയാണ്, മാത്രമല്ല വളരെ കുറഞ്ഞ വിലയില്‍ കൊമേഴ്‌സ്യല്‍ സ്‌പേസ് ലഭിക്കും, പിന്നെ ജോലി ചെയ്യാന്‍ സന്നദ്ധരായ യുവാക്കള്‍ ഇവിടെയുണ്ടാകും. ഇപ്പോള്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയുള്ളതുകൊണ്ടു തന്നെ വളരെ ആര്‍ജവത്തോടെ നില്‍ക്കുന്ന യുവനിരയെ തന്നെ കമ്പനികള്‍ക്ക് ലഭിക്കും. വൈറ്റ് മണിയായിരിക്കും കോവിഡിനു ശേഷം ഇങ്ങോട്ടെത്തുക. ഇതെല്ലാം രാജ്യത്തിന് മികച്ചൊരു ഭാവിയാണ് പ്രതീക്ഷ നല്‍കുന്നത്.'' മനോജ് കുമാര്‍ പറയുന്നു.

ഒന്നാം പാദഫലങ്ങളും, രണ്ടാം പാദഫലങ്ങളും നിരാശാകരമായിരിക്കുമെങ്കിലും എഫ്‌ഐഐഎസ് ഈ രീതിയില്‍ നിക്ഷേപം മുന്നോട്ടു കൊണ്ടു പോയാല്‍ പ്രശ്‌നങ്ങളില്ലാതെ പിടിച്ചു നില്‍ക്കാനായേക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it