Begin typing your search above and press return to search.
കുടുക്കയുടെ കാലം കഴിഞ്ഞു; ഇനി മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാം
അര നൂറ്റാണ്ട് പിന്നോട്ട് പോയാല്‍ ആളുകള്‍ സമ്പാദ്യം സൂക്ഷിച്ചിരുന്നത് കുടുക്കയിലോ അല്ലെങ്കില്‍ ഭൂസ്വത്ത് വാങ്ങിയോ ആയിരുന്നുവെന്ന് കാണാം. പിന്നെയത് സ്വര്‍ണം, ബാങ്ക് സ്ഥിരനിക്ഷേപം, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയിലേക്കും മാറി. എന്നാല്‍, സാമ്പത്തിക സാക്ഷരത കൈവരിച്ചതോടെ നിരവധി പേര്‍ പിന്നീട് ഓഹരി, കടപ്പത്രം തുടങ്ങിയവയിലേക്ക് ചുവടുവച്ചു. ഇപ്പോള്‍ മ്യൂച്വല്‍ഫണ്ടുകള്‍, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് ഉത്പന്നങ്ങള്‍, ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ എന്നിവയോടും പ്രിയമുണ്ട്.
എന്നാല്‍ നിക്ഷേപക അവസരങ്ങള്‍ കൂടിയതും അല്‍പം ആശയക്കുഴപ്പം സൃഷ്ടിച്ചു. സാമ്പത്തികാവശ്യം നിറവേറ്റാന്‍ ഏറ്റവും അനുയോജ്യം ഏതെന്ന് കണ്ടെത്തുകയാണ് ദുഷ്‌കരമായത്. ഇന്ന് ഒരു ആസ്തിയില്‍ മാത്രം നിക്ഷേപിച്ച് ഉറങ്ങാന്‍ പോയാല്‍ നാളെ ഉണരുന്നത് ഒരുപക്ഷേ, ഞൈട്ടലോടെ ആയിരിക്കും. നിക്ഷേപം പോലെ തന്നെ നിക്ഷേപിക്കുന്ന ആസ്തികളും റിസ്‌കുകളും പലവിധ ലാഭപദ്ധതികളും നിറഞ്ഞതാണ്. ലക്ഷ്യ സാക്ഷാത്കാരം നിറവേറ്റാന്‍ ആസ്തി വിന്യാസത്തില്‍ ശ്രദ്ധിക്കുക തന്നെ വേണമെന്ന് എല്‍.ഐ.സി മ്യൂച്വല്‍ഫണ്ട് ഫിക്സഡ് ഇന്‍കം വിഭാഗം ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ മര്‍സ്ബാന്‍ ഇറാനി പറയുന്നു.
നിക്ഷേപത്തിലെ യുക്തിയും റിസ്‌കും
നിക്ഷേപത്തില്‍ യുക്തിരഹിതമായ പെരുമാറ്റം പരക്കെ കാണപ്പെടാറുണ്ടെന്ന് മര്‍സ്ബാന്‍ ഇറാനി പറയുന്നു. വിപണി കുതിക്കുമ്പോള്‍ ഇനിയും മുന്നേറുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ കൂടുതല്‍ കൂടുതല്‍ പണം ഓഹരികളില്‍ നിക്ഷേപിക്കും. വിപണി താഴ്ന്ന് നില്‍ക്കുമ്പോള്‍ ഇനിയും താഴുമെന്ന ഭയം കാരണം ഓഹരികള്‍ വില്‍ക്കും. നിക്ഷേപകരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമാണ് ഇത്തരം യുക്തിരഹിതമായ നടപടികള്‍.
റിസ്‌കും ലാഭവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് ഓര്‍ക്കുക. റിസ്‌ക് ഒരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. കുറഞ്ഞ റിസ്‌കിനേ തയ്യാറുള്ളൂവെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിനാവശ്യമായ പണം കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. മറിച്ച്, കൂടുതല്‍ റിസ്‌കെടുക്കുന്നത് സാമ്പത്തിക ലക്ഷ്യങ്ങളെ മൂലധന വിപണികളുടെ അസ്ഥിരതകള്‍ക്ക് വിട്ടുകൊടുക്കാനുമിടയുണ്ട്.
ശരിയായ ആസ്തി വിന്യാസമെന്നാല്‍, നിങ്ങളുടെ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി കൂടിയ അളവില്‍ റിസ്‌കെടുക്കുക എന്നത് തന്നെയാണ്. കാലാകാലങ്ങളില്‍ നിക്ഷേപ മൂല്യത്തിലും അസ്ഥിരത കാരണം ലാഭത്തിലും ഉണ്ടാകാവുന്ന വീഴ്ച താങ്ങാന്‍ കഴിയാത്തവര്‍ കുറഞ്ഞ റിസ്‌കുള്ള ഓഹരി വര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്.
ഭാവിയില്‍ വിപണി എങ്ങനെ പെരുമാറുമെന്നോ നിക്ഷേപങ്ങളെ അതെങ്ങനെ ബാധിക്കുമെന്നോ മുന്‍കൂട്ടി പറയാന്‍ കഴിയില്ല. സ്ഥിര നിക്ഷേപം, കടപ്പത്രം തുടങ്ങിയ വ്യത്യസ്ത ആസ്തികളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ അപകട സാധ്യത പലതിലായി വേര്‍തിരിയുകയും വിപണിയിലെ അസ്ഥിരത ഉള്‍പ്പടെയുള്ള ഘടകങ്ങളുടെ ആഘാതം കുറയുകയും ചെയ്യും. ഒരു ആസ്തിയുടെ പ്രകടനം മോശമായാലും മറ്റൊന്നിന്റെ മികച്ച പ്രകടനത്തിലൂടെ അത് മറി കടക്കാം. ഇതുവഴി, മൊത്തത്തിലുള്ള റിസ്‌കും ലാഭവും സന്തുലിതമായിത്തീരും.
ഓഹരി, സ്ഥിരനിക്ഷേപം, കടപ്പത്രങ്ങള്‍, പണം തുടങ്ങിയ വ്യത്യസ്ത ആസ്തി വര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നതിനെയാണ് ആസ്തി വിന്യാസം എന്ന് പറയുന്നത്. ആസ്തി വിന്യാസത്തിന്റെ പ്രാഥമിക ലക്ഷ്യം നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്‌ക് ലഘൂകരിക്കുക എന്നതാണ്.
ഒരാളുടെ ലക്ഷ്യം, റിസ്‌കെടുക്കാനുള്ള കഴിവ്, നിക്ഷേപ കാലം എന്നിവ അടിസ്ഥാനമാക്കി പോര്‍ട്ട്ഫോളിയോയിലെ ആസ്തികള്‍ വിന്യസിക്കുന്ന തന്ത്രമാണിത്. യു.എസില്‍ മ്യൂച്വല്‍ഫണ്ടുകളുടെ പോര്‍ട്ട്‌ഫോളിയോ ലാഭത്തിലുണ്ടായ വര്‍ധനയുടെ 71.5 ശതമാനവും ആസ്തി വിന്യാസം മൂലം ഉണ്ടായതാണെന്ന് 1997 മുതല്‍ 2016 വരെയുള്ള നിക്ഷേപങ്ങള്‍ പഠന വിധേയമാക്കിയ മോണിംഗ് സ്റ്റാര്‍ കണ്ടെത്തിയിട്ടുണ്ട്.
കുറഞ്ഞ റിസ്‌കില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ഏറ്റവും ഉതകുന്നവയാണ് ഊര്‍ജ്ജസ്വല ആസ്തി വിന്യാസം അഥവാ സന്തുലിത അഡ്വാന്റേജ് ഫണ്ടുകള്‍. ആസ്തി വിന്യാസത്തില്‍ ഉള്‍പ്പെടുന്ന ഭയവും ആര്‍ത്തിയും കൂടി കണക്കിലെടുക്കുന്നതിനാല്‍ നിക്ഷേപകരുടെ വികാരം കൂടി അതുള്‍ക്കൊള്ളുന്നു. പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ചലനക്ഷമതയുള്ള സമീപനമാണ് ഈര്‍ജ്ജസ്വല ആസ്തി വിന്യാസത്തിലൂടെ സാദ്ധ്യമാവുന്നത്. വിപണിയിലെ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപങ്ങള്‍ മാറ്റുന്നതിലൂടെ റിസ്‌ക് കുറച്ച് പരമാവധി ലാഭം നേടാന്‍ ഇത് നിക്ഷേപകരെ പ്രാപ്തരാക്കുന്നു എന്നും മര്‍സ്ബാന്‍ ഇറാനി പറയുന്നു.
Next Story
Videos