തുടക്കം കസറി ഇസാഫ് ബാങ്ക്‌ ഓഹരി, പിന്നെ ചാഞ്ചാട്ടം

update

ബി.എസ്.ഇയിൽ 15.08 ശതമാനം പ്രീമിയത്തില്‍ 69.05 രൂപയിലും എന്‍.എസ്.ഇയില്‍ 14.67 ശതമാനം പ്രീമിയത്തില്‍ 68.80 രൂപയിലുമാണ് കമ്പനിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തത്. എന്‍.എസ്.ഇയില്‍ 689.52 ലക്ഷം ഓഹരികളാണ് ട്രേഡ് ചെയ്യപ്പെട്ടത്. ബി.എസ്.ഇയിൽ 49.42 ലക്ഷം ഓഹരികളും. ഇരു എക്സ്ചേഞ്ചുകളിലുമായി 528.76 കോടി രൂപയുടെ ആകെ വിറ്റുവരവാണ് ആദ്യ ദിനം രേഖപ്പെടുത്തിയത്.

ബി.എസ്.ഇയിലെ ഇന്നത്തെ ക്ലോസിംഗ് വില പ്രകാരം കമ്പനിയുടെ വിപണി മൂല്യം 3,554.55 കോടി രൂപയാണ്. എന്‍.എസ്.ഇയിലെ ക്ലോസിംഗ് പ്രകാരം ഇത് 3,541.68 കോടിരൂപയും.

ഓഹരി വിപണിയിലെ കന്നി വ്യാപാര ദിനത്തില്‍ തിളങ്ങി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍. ഇന്ന് 20% പ്രീമിയത്തോടെയാണ് ഓഹരി ലിസ്റ്റ് ചെയ്തത്. പ്രാരംഭ ഓഹരി വിൽപ്പന (ഐ.പി.ഒ) വിലയായ 60 രൂപയില്‍ നിന്ന് 20% പ്രീമിയത്തോടെ 71 രൂപയിലാണ് ഓഹരി നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (NSE) വ്യാപാരം തുടങ്ങിയത്. ബി.എസ്.ഇയില്‍ 19.8 ശതമാനം പ്രീമിയത്തോടെ 71.90 രൂപയിലും. വ്യാപാരത്തിനിടെ ഒരുവേള 74.80 രൂപ വരെ ഉയര്‍ന്ന ഓഹരിയില്‍ പിന്നീട് വില്‍പ്പന സമ്മര്‍ദ്ദമുണ്ടാകുകയും 68.70 വരെ താഴുകയും ചെയ്തു.

Also Read : സംവത് 2079ന് നേട്ടത്തോടെ വിടചൊല്ലി ഓഹരികള്‍, ഇസാഫാണ് താരം; രൂപയ്ക്ക് തകര്‍ച്ച

ലിസ്റ്റിംഗിന് മുന്‍പ് ഗ്രേ മാര്‍ക്കറ്റില്‍ 26 ശതമാനം പ്രീമിയത്തോടെ വ്യാപാരം ചെയ്തിരുന്ന ഇസാഫിന് പക്ഷെ ആ പ്രീമിയം ലിസ്റ്റിംഗില്‍ ലഭിച്ചില്ല. ഗ്രേ മാര്‍ക്കറ്റ് ഒരു അനൗദ്യോഗിക പ്ലാറ്റ്ഫോമാണ്. ലിസ്റ്റിംഗ് വരെ ഐ.പി.ഒ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയും. ലിസ്റ്റിംഗ് വിലയെക്കുറിച്ച് ഏകദേശ രൂപം ലഭിക്കുന്നതിന് മിക്ക നിക്ഷേപകരും ഓഹരികളുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം (ജി.എം.പി) ട്രാക്ക് ചെയ്യാറുണ്ട്.

73.15 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷന്‍

തൃശൂര്‍ ആസ്ഥാനമായ ഇസാഫിന്റെ ഐ.പി.ഒയ്ക്ക് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഓഹരികള്‍ 73.15 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. നിക്ഷേപക സ്ഥാപനങ്ങളാണ് ഐ.പി.ഒയില്‍ മുന്നിട്ടുനിന്നത്. അവര്‍ക്കായി നീക്കി വച്ച ഓഹരികള്‍ 173.52 മടങ്ങാണ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും (HNIs) ചെറുകിട നിക്ഷേപകര്‍ക്കും സംവരണം ചെയ്തത് യഥാക്രമം 84.37 മടങ്ങും 16.97 മടങ്ങും ഓവര്‍സബ്‌സ്‌ക്രൈബ്ഡ് ആയി.
ഐ.പി.ഒ വഴി ഇസാഫ് 463 കോടി രൂപ സമാഹരിച്ചു. 390.7 കോടി രൂപ മൂല്യം വരുന്ന 6.51 കോടി പുതു ഓഹരികളും 72.3 കോടി രൂപ മൂല്യം വരുന്ന 1.2 കോടിയുടെ ഓഫര്‍-ഫോര്‍ സെയിലുമാണ് ഐ.പി.ഒയിലുണ്ടായിരുന്നത്. ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക ബാങ്കിന്റെ മൂലധന അടിത്തറ വിപുലമാക്കുന്നതിനും ഭാവിയിലെ വികസന ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
Related Articles
Next Story
Videos
Share it