ഇസാഫ് ബാങ്കിന്റെ നിക്ഷേപം 35 ശതമാനം വര്‍ധിച്ചു; ഓഹരിയിലും മുന്നേറ്റം

തൃശൂര്‍ ആസ്ഥാനമായ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ (ജനുവരി-മാര്‍ച്ച്) പ്രവര്‍ത്തനഫല കണക്കുകള്‍ (Business Update) പുറത്തുവിട്ടു.

ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ 2023 മാര്‍ച്ച് 31ലെ 14,666 കോടി രൂപയില്‍ നിന്ന് 35.47 ശതമാനം വര്‍ധിച്ച് 19,868 കോടി രൂപയായി. ടേം വായ്പകള്‍ 11,528 കോടി രൂപയില്‍ നിന്ന് 15,366 കോടി രൂപയായും ഉയര്‍ന്നു.
കറന്റ് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളിലും വര്‍ധനയുണ്ട്. 2023 മാര്‍ച്ചിലെ 3,138 കോടി രൂപയില്‍ നിന്ന് 4,502 കോടിയായി ഉയര്‍ന്നു. കാസ റേഷ്യോയും മെച്ചപ്പെട്ടു. 21.40 ശതമാനത്തില്‍ നിന്ന് 22.66 ശതമാനമായി. ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം മെച്ചമാണെന്ന സൂചനയാണ് ഉയര്‍ന്ന കാസ റേഷ്യോ നല്‍കുന്നത്.
ചെറുകിട വായ്പകളും ഉയര്‍ന്നു
ഇക്കാലയളവില്‍ ബാങ്കിന്റെ മൊത്തം വായ്പകള്‍ 33.72 ശതമാനം വര്‍ധനയോടെ 18,878 കോടി രൂപയായി. 33.72 ശതമാനമാണ് വര്‍ധന. 2023 മാര്‍ച്ച് 31ന് 14,118 കോടി രൂപയായിരുന്നു വായ്പകള്‍. ഡിസംബര്‍ പാദവുമായി നോക്കുമ്പോള്‍ വായ്പകളില്‍ 10.6 ശതമാനം വര്‍ധനയുണ്ട്.
ചെറുകിട വായ്പകള്‍ 44.56 ശതമാനവും സൂക്ഷ്മ വായ്പകള്‍ 29.31 ശതമാനവും വളര്‍ച്ച നേടി. ബാങ്ക് കൈകാര്യം ചെയ്യുന്ന ആസ്തി (Asset Under Management) 21.03 ശതമാനം വര്‍ധിച്ച് 19,765 കോടി രൂപയുമായി.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) മുന്‍വര്‍ഷത്തെ 352 കോടി രൂപയില്‍ നിന്ന് 183.89 ശതമാനം വര്‍ധിച്ച് 998 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 158 കോടി രൂപയില്‍ നിന്ന് 487 രൂപയുമായി.

ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) മുന്‍വര്‍ഷത്തെ 2.49 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 1.13 ശതമാനത്തില്‍ നിന്ന് 2.65 ശതമാനമായും ഉയര്‍ന്നു. നിക്ഷേപത്തിലും വളര്‍ച്ചയിലും നേട്ടമുണ്ടാക്കിയെങ്കിലും ജി.എന്‍.പി.എയും എന്‍.എന്‍.പി.എയും ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

നിലവില്‍ ബാങ്കിംഗ് സേവനങ്ങള്‍ വേണ്ടവിധത്തിലെയിട്ടില്ലാത്ത മേഖലകളില്‍ സാന്നിധ്യം ശക്തമാക്കാനാണ് ബാങ്ക് ശ്രമിക്കുന്നത്. 2024 മാര്‍ച്ച് വരെയുള്ള കാലളവില്‍ ബാങ്കിന് രാജ്യത്തെമ്പാടുമായി 753 ശാഖകളും 614 എ.ടി.എമ്മുകളുമുണ്ട്.

കഴിഞ്ഞ മാര്‍ച്ചലവസാനിച്ച പാദത്തില്‍ ബാങ്ക് 112.14 കോടി രൂപയുടെ ലാഭം നേടിയിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തിലിത് 37.41 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം വരുമാനം ഇക്കാലയളവില്‍ 39.9 ശതമാനം ഉയര്‍ന്ന് 1,094.35 കോടി രൂപയുമായി.
മുന്നേറി ഓഹരി
ഇന്ന് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തു വന്നതോടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി 2.71 ശതമാനത്തോളം ഉയര്‍ന്നു. 63.70 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 2023 നവംബറിലാണ് ഇസാഫ് ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി 17 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
Related Articles
Next Story
Videos
Share it