കേരളത്തിലെ ഇസാഫ് ബാങ്കിന്റെ ഐ.പി.ഒ നവംബര്‍ 3ന് ആരംഭിക്കും, ലക്ഷ്യം ₹463 കോടി സമാഹരിക്കാന്‍

UPDATE : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നവംബര്‍ മൂന്നിന് ആരംഭിക്കുന്ന പ്രാരംഭ ഓഹരി വില്‍പനയുടെ (IPO) പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു. ഓഹരിയൊന്നിന് 57-60 രൂപ നിരക്കിലായിരിക്കും വില്‍പന. വിശദാംശങ്ങള്‍ക്കായി Click here


തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ചെറു ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (Initial Public Offer/IPO) നവംബര്‍ മൂന്നിന് ആരംഭിച്ച് ഏഴിന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്‌മെന്റ് നവംബര്‍ രണ്ടിനായിരിക്കും. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇസാഫ് ബാങ്ക് ഐ.പി.ഒയ്ക്ക് അപേക്ഷ നല്‍കിയത്. ഈ മാസ ആദ്യം സെബിയില്‍ നിന്ന് അനുമതി ലഭിച്ചു.

391 കോടി രൂപയുടെ പുതു ഓഹരികൾ

463 കോടി രൂപയാകും ആകെ സമാഹരിക്കുക. ഇതില്‍ 391 കോടി രൂപ പുതു ഓഹരികളായിരിക്കും (Fresh Issue). നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയിലിലൂടെ (OFS) 72 കോടി രൂപയും സമാഹരിക്കും.
ഇസാഫ് ബാങ്കില്‍ ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിനുള്ള 49 കോടി രൂപയുടെ ഓഹരികള്‍ കൂടാതെ പി.എന്‍.ബി മെറ്റ്‌ലൈഫ്, ബജാജ് അലയന്‍സ് ലൈഫ് എന്നിവയുടെ കൈവശമുള്ള ഓഹരികളും ഒ.എഫ്.എസില്‍ ഉള്‍പ്പെടും.
ബുക്ക് ബില്‍ഡിംഗ് പ്രോസസിലൂടെയാണ് ഓഫര്‍ നടത്തുക. 50 ശതമാനം ഓഹരികള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനായി നീക്കി വച്ചിട്ടുണ്ട്. 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും 35 ശതമാനം റീറ്റെയില്‍ നിക്ഷേപകര്‍ക്കുമാണ്. 12.5 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ജീവനക്കാര്‍ക്കായും നീക്കിവച്ചിട്ടുണ്ട്.

ഇസാഫ് ബാങ്കില്‍ 74.43 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. ബാക്കി പൊതു ഓഹരി ഉടമകളുടേയും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, മുത്തൂറ്റ് ഫിനാന്‍സ്, പി.എന്‍.ബി മെറ്റ്‌ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ്, ബജാജ് അലയന്‍സ് ലൈഫ്, പി.ഐ വെഞ്ച്വേഴ്‌സ് തുടങ്ങിയവര്‍ പൊതു ഓഹരി ഉടമകളില്‍ ഉള്‍പ്പെടുന്നു.

ബാങ്കിന്റെ ബിസിനസ്
2023 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ലാഭം തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 452.4 ശതമാനം വര്‍ധിച്ച് 302.3 കോടി രൂപയായി. അറ്റ പലിശ വരുമാനം 60 ശതമാനം വര്‍ധിച്ച് 1,836.3 കോടി രൂപയും നിക്ഷേപങ്ങള്‍ 14.4 ശതമാനം വര്‍ധിച്ച് 14,665.6 കോടി രൂപയുമായി. വായ്പകള്‍ ഇക്കാലയളവില്‍ 23 ശതമാനം ഉയര്‍ന്ന് 14,690.6 കോടി രൂപയുമായി.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ ലാഭം 226 ശതമാനം ഉയര്‍ന്ന് 130 കോടി രൂപയാണ്. പലിശ വരുമാനം 30.5 ശതമാനം ഉയര്‍ന്ന് 585.5 കോടി രൂപയുമായി. ഇക്കാലയളവില്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (gross non-performing assets /GNPA) 1.65 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി (NPA) 0.81 ശതമാനവുമാണ്.
രാജ്യം മുഴുവന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും കേരള, തമിഴ്‌നാട് തുടങ്ങിയവിടങ്ങളിലാണ് പ്രധാനമായും ബിസിനസ്. 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 700 ബാങ്കിംഗ് ഔട്ട്‌ലറ്റുകളും 767 കസ്റ്റമര്‍ സര്‍വീസ് സെന്ററുകളും 559 എ.ടി.എമ്മുകളും ബാങ്കിനുണ്ട്‌..
ലിസ്റ്റിംഗ് പൂര്‍ത്തിയാകുന്നതോടെ ഓഹരി വിപണിയിലേക്കെത്തുന്ന ആറാമത്തെ ചെറു ബാങ്കാകും ഇസാഫ്.
മൂലധന ആവശ്യങ്ങള്‍ക്ക്
ബാങ്കിന്റെ ഭാവി മൂല്യധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ടിയര്‍ 1 മൂലധനത്തിലേക്കാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക നീക്കി വയ്ക്കുക.
ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ഡി.എ.എം ക്യാപിറ്റല്‍ അഡ്വൈസേഴ്‌സ്, നുവാമ വെല്‍ത്ത് മാനേജ്‌മെന്റ് എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന നിലയില്‍ ഇസാഫിന് മൊത്തം വായ്പകളുടെ 75 ശതമാനം മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായി നീക്കി വയ്‌ക്കേണ്ടതുണ്ട്. സൂക്ഷ്മ വായ്പകള്‍, ചെറുകിട വായ്പകള്‍, എം.എസ്.എം.ഇ വായ്പകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള വായ്പകള്‍, കാര്‍ഷിക വായ്പകള്‍ എന്നിവയാണ് ബാങ്കിന്റെ പ്രധാന വായ്പാ വിഭാഗങ്ങള്‍. 2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ വായ്പകളുടെ 62.84 ശതമാനവും ഗ്രീമീണ- അര്‍ദ്ധ ഗ്രാമീണ മേഖലകളിലാണ്. ബാങ്കിന്റെ 71.71 ശതമാനം ശാഖകളും ഈ മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it