Begin typing your search above and press return to search.
ഇഎസ്ഡിഎസ് സോഫ്റ്റ്‌വെയര്‍ ഐപിഒ ഉടന്‍, വിവരങ്ങള്‍ അറിയാം

ക്ലൗഡ് സര്‍വീസ് ആന്റ് ഡാറ്റ സെന്റര്‍ സ്ഥാപനമായ ഇഎസ്ഡിഎസ് സോഫ്റ്റ്‌വെയറിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഉടന്‍. ഇതിന് മുന്നോടിയായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സെബിയില്‍ സമര്‍പ്പിച്ചു. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ കമ്പനി 1,200-1,300 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ കയ്യിലുള്ള ഓഹരികളും പുതിയ ഓഹരികളുമായിരിക്കും ഐപിഒയില്‍ ഇഷ്യു ചെയ്യുക. ഡിആര്‍എച്ച്പി അനുസരിച്ച്, കമ്പനി 322 കോടി രൂപ വരെയുള്ള പുതിയ ഇക്വിറ്റി ഓഹരികള്‍ നല്‍കുകയും നിലവിലുള്ള ഓഹരി ഉടമകള്‍ തങ്ങളുടെ ഓഹരിയില്‍ നിന്ന് ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി 2,15,25,000 ഇക്വിറ്റി ഷെയറുകള്‍ ഓഫ്‌ലോഡ് ചെയ്യുകയും ചെയ്യും. കൂടാതെ, നിലവിലുള്ള ഓഹരി ഉടമകള്‍ക്കുള്ള അവകാശ ഓഹരി വില്‍പ്പന, പ്രീ-ഐപിഒ പ്ലെയ്സ്മെന്റ് അല്ലെങ്കില്‍ മുന്‍ഗണനാ അലോട്ട്‌മെന്റ് എന്നിവയിലൂടെ 60 കോടി സമാഹരിക്കാനും കമ്പനി പദ്ധതിയിടുന്നു. ഇത് പുതിയ ഓഹരി ഇഷ്യുവില്‍നിന്ന് കുറയ്ക്കും. 2005ല്‍ പിയൂഷ് സോമാനിയാണ് ക്ലൗഡ് സേവനങ്ങള്‍, ഡാറ്റാ സെന്റര്‍ സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന ഇഎസ്ഡിഎസ് സോഫ്റ്റ്‌വെയര്‍ ആരംഭിച്ചത്.
മുംബൈ ആസ്ഥാനമായുള്ള കമ്പനി ഐപിഒയ്ക്കായി ആക്‌സിസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ലിങ്ക് ഇന്‍ടൈം ഇന്ത്യയാണ് രജിസ്ട്രാര്‍. നേരത്തെ, 2015 ല്‍ കാന്‍ബാങ്ക് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടില്‍ നിന്ന് കമ്പനി 4 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. തുടര്‍ന്ന് 2018 ല്‍ സൗത്ത് ഏഷ്യ ഗ്രോത്ത് ഫണ്ടും ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ക്യാപിറ്റല്‍ കമ്പനി എല്‍എല്‍സിയുമായും ഓഹരി വില്‍പ്പനയില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 160.5 കോടി രൂപ വരുമാനവും 51.7 കോടി രൂപ പ്രവര്‍ത്തന ലാഭവുമാണ് നേടിയത്.
Next Story