ഡോളര്‍ വില 80ലേക്ക് ; എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ (Indian Rupee Fall) മൂല്യം ഇന്നലെ 79.07 രൂപ വരെയാണ് ഇടിഞ്ഞത്. റെക്കോര്‍ഡ് ഇടിവായ 79.03 രൂപയില്‍ ആണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. താമസിയാതെ ഒരു ഡോളറിന് 80 രൂപയോ അതിന് മുകളിലോ നല്‍കേണ്ട അവസ്ഥ വിദൂരമല്ലെന്നാണ് വിലയിരുത്തല്‍. 2022-ല്‍ ഇതുവരെ 6.3 ശതമാനം ഇടിവ് രൂപയ്ക്കുണ്ടായി. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് 4 രൂപയുടേതാണ്.

എന്തുകൊണ്ട് വില ഇടിയുന്നു

വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്നു പണം പിന്‍വലിക്കുന്നത്, പലിശ കൂടിയതുമൂലം ഇന്ത്യന്‍ കമ്പനികള്‍ പുതിയ വിദേശവായ്പകള്‍ എടുക്കാത്തത്, ഈ വര്‍ഷം വലിയ തോതില്‍ വിദേശവായ്പകള്‍ തിരിച്ചടയ്ക്കാനുള്ളത്, ക്രൂഡ് ഓയില്‍ വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളാണു രൂപയുടെ മൂല്യത്തകര്‍ച്ചയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍. 2022 തുടങ്ങിയിട്ട് ഇതുവരെ 3,000 കോടി ഡോളറിന്റെ (2,37,000 കോടി രൂപ) വിദേശ നിക്ഷേപമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിക്കപ്പെട്ടത്.

ഡോളര്‍ സൂചിക 105 നു മുകളിലാണ്. ഈ വര്‍ഷം 105.79 വരെയാണ് ഡോളര്‍ സൂചിക ഉയര്‍ന്നിരുന്നു. 6 വിദേശ കറന്‍സികളുമായി ഡോളറിന്റെ വില താരതമ്യം ചെയ്ത് തയ്യാറാക്കുന്ന സൂചികയാണ് ഡോളര്‍ ഇന്‍ഡക്‌സ്. യൂറോ, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട്, കനേഡിയന്‍ ഡോളര്‍, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രങ്ക് എന്നിവയാണ് ആ കറന്‍സികള്‍.

രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ഇറക്കുമതി ചിലവേറിയതാവുകയും മറുവശത്ത് കയറ്റുമതിയിലൂടെ കൂടുതല്‍ നേട്ടം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ മൂല്യത്തകര്‍ച്ചയെ നികത്താന്‍ മാത്രമുള്ള കയറ്റുമതി ഇന്ത്യയ്ക്ക് ഇല്ല. പ്രത്യേകിച്ച് ഉപയോഗത്തിനാവശ്യമായ വലിയപങ്ക് ഇന്ധനവും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യത്തിന്. ഇറക്കുമതിച്ചെലവ് വര്‍ധിച്ചതോടെ ഇക്കൊല്ലം കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.6 ശതമാനത്തിനും 2.8 ശതമാനത്തിനും ഇടയിലേക്ക് വര്‍ധിക്കുമെന്നാണു സൂചന. യുക്രെയ്ന്‍-റഷ്യ യുദ്ധം (Russia Ukraine War) ആരംഭിച്ച ഫെബ്രുവരി മുതല്‍ 40.94 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തില്‍ ഉണ്ടായത്.

വില ഇടായാനുള്ള സാധ്യത

നിലവിലെ ആഗോള സാഹചര്യങ്ങള്‍ തുടരുന്നതിനാല്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയും. പ്രതിദിന നിരക്കുമാറ്റം ചെറിയ തോതില്‍ ആക്കാന്‍ ശ്രമിക്കുന്നതിനപ്പുറം രൂപയെ ഉയര്‍ത്തി നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നില്ല. ചാഞ്ചാട്ടം കുറയ്ക്കാനുള്ള ശ്രമത്തിനു തന്നെ ശതകോടിക്കണക്കിനു ഡോളര്‍ ചെലവാകുന്നുണ്ട്.

വിലക്കയറ്റത്തോടു പൊരുതാന്‍ യുഎസ് ഫെഡ് അടുത്ത മാസവും പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കുമെന്നു കൂടുതല്‍ ഉറപ്പായി. കഴിഞ്ഞ ഫെഡ് യോഗം 75 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 1.50- 1.75 ശതമാനത്തിലേക്കു ഫെഡറല്‍ ഫണ്ട്‌സ് റേറ്റ് എത്തിച്ചിരുന്നു. ഒരു വര്‍ധന കൂടി കഴിഞ്ഞാല്‍ നിരക്ക് 2.25-2.50 ശതമാനമാകും. ഇത് ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിക്കാന്‍ ഇടയാക്കും. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടാവുന്ന വര്‍ധനവും തിരിച്ചടിയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it