

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വളരെ സുപ്രധാനമായ രണ്ട് വ്യാപാര കരാറുകളാണ് രാജ്യം നേടിയെടുത്തത്. ഏറെക്കാലമായി ആകാംക്ഷയോടെ നോക്കിയിരുന്ന ഇന്ത്യ - യു.എസ് ഉഭയകക്ഷി ഇടക്കാല വ്യാപാര കരാറും ഇന്ത്യ - യൂറോപ്യൻ യൂണിയൻ (ഇ.യു) സ്വതന്ത്ര വ്യാപാര കരാറുമാണിവ. ലോകത്തെ ഏറ്റവും വികസിത സമ്പദ്ഘടനകളിലെ വിപണികളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രവേശം സുഗമമാക്കുന്നതിന് സഹായിക്കുന്ന കരാറുകളാണിത്. ഈയൊരു പശ്ചാത്തലത്തിൽ കയറ്റുമതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലിസ്റ്റഡ് കമ്പനികളുടെ കൂട്ടത്തിൽ നിന്നും 30 രൂപയിൽ താഴെ നിലവിൽ വിപണി വിലയുള്ള നാല് ഓഹരികളുടെ വിശദാംശം നോക്കാം.
ടെക്സ്റ്റൈൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ട്രൈഡന്റ് ലിമിറ്റഡ് (BSE: 521064, NSE: TRIDENT). ടെറി ടവ്വലുകളും ബെഡ് ഷീറ്റുകളും വസ്ത്രം നെയ്യാനുള്ള വിവിധതരം നൂലുകളുടെയും നിർമാണത്തിലും വ്യാപാരത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ നോക്കിയാൽ, ട്രൈഡന്റ് നേടുന്ന മൊത്തം വരുമാനത്തിന്റെ 53 ശതമാനവും വിദേശ വിപണിയിൽ നിന്നാണെന്ന് കാണാം. ഇതിന്റെ 40 ശതമാനവും സംഭാവന ചെയ്യുന്നത് യുഎസ് വിപണിയാണ്.
ഇനി യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിൽ കൂടി സാന്നിധ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് കമ്പനിയുടെ നേതൃത്വം. അതേസമയം തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ 28.33 രൂപയിലാണ് ട്രൈഡന്റ് ഓഹരി ക്ലോസിങ് കുറിച്ചത്. നിക്ഷേപകർക്ക് മുടങ്ങാതെ ഡിവിഡന്റ് കൈമാറുന്ന ഓഹരിയുമാണിത്.
ടെക്സ്റ്റൈൽസ്, കൺസ്ട്രക്ഷൻ, ജലശുദ്ധീകരണം, രാസവളം, ലെതർ, പെയിന്റ് തുടങ്ങിയ സെക്ടറുകളിലേക്ക് ആവശ്യമായ വിവിധതരം കെമിക്കൽ ഉത്പന്നങ്ങൾ നിർമിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് ഫിനിയോടെക്സ് കെമിക്കൽ ലിമിറ്റഡ് (BSE: 533333, NSE: FCL). വിവിധങ്ങളായ 470-ലധികം ഉത്പന്നങ്ങളാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. യുഎസ്, ജർമനി, ബ്രസീൽ ഉൾപ്പെടെ 70-ഓളം രാജ്യങ്ങളിലേക്ക് കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്. മലേഷ്യയിലുള്ള ഉപകമ്പനി ഗവേഷണ പ്രവർത്തനങ്ങളിലും മുഴുകുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഫിനിയോടെക്സ് കെമിക്കലിന്റെ 15 ശതമാനം വരുമാനമാണ് കയറ്റുമതിയിൽ നിന്നും കണ്ടെത്തുന്നത്. 2025 ഡിസംബറിൽ യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രൂഡ്കെം ടെക്നോളജീസിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു. അതേസമയം തിങ്കളാഴ്ച 24.20 രൂപയിലാണ് ഫിനിയോടെക്സ് കെമിക്കൽ ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.
തുണിത്തരങ്ങളുടെുയും പരവതാനിയുടെയും നിർമാണം, ഐടി സേവനം, ട്രാവൽ & ടൂർ സേവനങ്ങൾ ഉൾപ്പെടെ വിവിധ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് എസ്ബിസി എക്സ്പോർട്ട്സ് ലിമിറ്റഡ് (BSE: 542725, NSE: SBC). എഫ്-റൂട്ട്, ഐയിഡീ എന്ന ബ്രാൻഡുകളിലാണ് കമ്പനിയുടെ തുണിത്തരങ്ങൾ വിപണിയിൽ ഇറങ്ങുന്നത്. കൈകൊണ്ട് നിർമിക്കുന്ന കമ്പിളി, പട്ട് പരവതാനിയും കമ്പനി നിർമിക്കുന്നുണ്ട്. ഇവ രണ്ടുമാണ് വിദേശ വിപണികളിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
രാജ്യാന്തര വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ എസ്ബിസി എക്സ്പോർട്ട്സിന്റെ നേതൃത്വം അഞ്ച് വർഷ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം യൂറോപ്പ്, യുഎഇ വിപണി ലക്ഷ്യമിട്ട് ജൈവ ധാന്യങ്ങളുടെ കയറ്റുമതി ആരംഭിക്കാനും കമ്പനി തയ്യാറെടുക്കുന്നു. അതേസമയം 30 രൂപ നിലവാരത്തിലാണ് എസ്ബിസി എക്സ്പോർട്ട്സ് ഓഹരി ക്ലോസിങ് കുറിച്ചത്.
ടെക്സ്റ്റൈൽസ് മേഖലയിൽ പ്രവർത്തിക്കുന്ന മൈക്രോ ക്യാപ് കമ്പനിയാണ് നാഗരീക എക്സ്പോർട്ട്സ് ലിമിറ്റഡ് (BSE: 521109, NSE: NAGREEKEXP). വസ്ത്ര നിർമാണത്തിനുള്ള വിവിധതരം പരുത്തി നൂലുകളുടെ നിർമാണത്തിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. മഹാരാഷ്ട്രയിലെ കോൽഹാപൂരിലുള്ള നാഗരീക എക്സ്പോർട്ട്സിന്റെ നിർമാണശാല പൂർണമായും വിദേശ വിപണി ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. യു.എസ്, യൂറോപ്പ്, യുഎഇ, യു.കെ എന്നിവിടങ്ങളിലേക്കാണ് പ്രധാന കയറ്റുമതി.
അതേസമയം ഉയർന്ന ലാഭമാർജിനുള്ള ഉത്പന്നങ്ങൾ കേന്ദ്രീകരിച്ച് കമ്പനിയുടെ പ്രവർത്തനം വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ്. പ്രവർത്തനം മുടങ്ങിക്കിടക്കുന്ന യവ്‍ലജ് പ്ലാന്റ് സജീവമാക്കുന്നതിനും പ്രാധാന്യം നൽകുന്നു. തിങ്കളാഴ്ച 26.60 രൂപയിലാണ് നാഗരീക എക്സ്പോർട്ട്സ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.
മേൽസൂചിപ്പിച്ച ഓഹരികളെ സംബന്ധിച്ച വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇതു നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine