ഫെയ്‌സ്ബുക്ക് പിന്തുണയുള്ള സ്റ്റാര്‍ട്ട്അപ്പ് കമ്പനി ഓഹരി വിപണിയിലേക്ക്

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോ ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനി 2023 ആദ്യ പകുതിയോടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുമെന്നാണ് റോയ്‌റ്റേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളാണ് മീഷോയിലൂടെ വില്‍ക്കപ്പെടുന്നത്.

'മീഷോ അടുത്ത വര്‍ഷം ജനുവരിയോടെ രേഖകള്‍ ഫയല്‍ ചെയ്യും. 2023 ന്റെ ആദ്യ പകുതിയോടെ ഐപിഒ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നു,'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത സോഴ്‌സ് പറഞ്ഞതായി റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, സെപ്റ്റംബറില്‍ ഫിഡിലിറ്റി മാനേജ്മെന്റ് & റിസര്‍ച്ച് കമ്പനിയുടെയും ബി ക്യാപിറ്റല്‍ ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ നടന്ന സീരീസ് എഫ് ഫണ്ടിംഗ് റൗണ്ടില്‍ മീഷോ 37,000 കോടി രൂപ മൂല്യനിര്‍ണയത്തില്‍ 4,000 കോടി രൂപ സമാഹരിച്ചിരുന്നു.
മീഷോയുടെ പ്ലാറ്റ്ഫോമില്‍ സെപ്റ്റംബര്‍ വരെ 17.8 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കളാണുണ്ടായിരുന്നത്. മാര്‍ച്ചില്‍ ഇത് 5.5 ദശലക്ഷമായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബിരുദധാരികളായ വിദിത് ആത്രേയും സഞ്ജീവ് ബര്‍ണ്‍വാളും ചേര്‍ന്ന് 2015- ലാണ് മീഷോയക്ക് തുടക്കമിട്ടത്. 2019 ജൂണിലാണ് ഫെയ്‌സ്ബുക്കിന്റെ പിന്തുണ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി സ്വന്തമാക്കിയത്. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, പ്രോസസ് വെഞ്ചേഴ്സ്, സെക്വോയ ക്യാപിറ്റല്‍ എന്നിവയും ഈ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it